താനാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യൻ എന്ന അവകാശവാദവുമായി ഇന്തോനേഷ്യയിലെ എംബാഹ് ഗോതോ എന്ന 145കാരൻ രംഗത്തെത്തി.മക്കളും കൊച്ചുമക്കളും മരിച്ച ഇയാളുടെ നാല് ഭാര്യമാരും സഹോദന്മാരും വർഷങ്ങൾക്ക് മുമ്പ് വിടവാങ്ങിയിരുന്നു. എന്നാൽ 145ാം വയസ്സായിട്ടും മരണം ഇനിയും അദ്ദേഹത്തെ വിളിച്ചിട്ടില്ല. എന്നാൽ താൻ എപ്പോൾ വേണമെങ്കിലും മരിക്കാൻ തയ്യാറായിട്ടിരിക്കുകയാണെന്നും ഗോതോ പറയുന്നു. 1870 ഡിസംബർ 31നാണ് ഗോതോ ജനിച്ചതെന്ന് ഇന്തോനേഷ്യൻ ഒഫീഷ്യലുകൾ ഇദ്ദേഹത്തിന്റെ ജനനരേഖകൾ പരിശോധിച്ച് അംഗീകരിച്ച് കൊണ്ട് വെളിപ്പെടുത്തുന്നു.നാല് ഭാര്യമാരിൽ അവസാനത്തെയാൾ 1988ലാണ് മരിച്ചത്.മക്കളെല്ലാവരും മരിച്ചതിനാൽ നിലവിൽ പേരക്കുട്ടികളുടെ മക്കളുടെ മക്കൾക്കൊപ്പമാണീ ലോകത്തിന്റെ മുത്തച്ഛൻ ജീവിക്കുന്നത്.

ഈ അടുത്ത കാലം വരെ ഫ്രഞ്ചിലെ വനിതയായ 122കാരി ജിയാനി കാൾമെറ്റിനെയായിരുന്നു ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യനായി പരിഗണിച്ച് വന്നിരുന്നത്. എന്നാൽ ഗോതോയുടെ ജനനരേഖകൾ ശരിയാണെങ്കിൽ ഇദ്ദേഹമായിരിക്കും ഈ സ്ഥാനത്തിന് അർഹൻ. സെൻട്രൽ ജാവയിലെ സ്രാഗെനിലുള്ള ഈ സൂപ്പർ സീനിയർ സിറ്റിസണെ ലിപുടൻ 6 ടെലിവിഷൻ ന്യൂസ് ഇന്റർവ്യൂ ചെയ്തിരുന്നു.മരിക്കുന്നതിൽ തനിക്ക് തീരെ ഭയമില്ലെന്നും 1992ൽ തന്നെ താൻ ഗ്രേവ്സ്റ്റോൺ തയ്യാറാക്കി വച്ചിരുന്നുവെന്നു ഗോതോ പറയുന്നു. ഇദ്ദേഹത്തിന്റെ കുടുംബക്കാർ ഇദ്ദേഹത്തിന്റെ മക്കളെ അടക്കിയതിനടുത്ത് തന്നെ ഈ മുത്തച്ഛന് അന്ത്യവിശ്രമം കൊള്ളാനുള്ള സ്ഥലം തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഇന്തോനേഷ്യൻ റെക്കോർഡ് ഓഫീസിലെ ജീവനക്കാരാണ് ഗോതോയുടെ ജനന സംബന്ധമായ രേഖകൾ പരിശോധിച്ച് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്തോനേഷ്യൻ ഐഡി കാർഡിൽ ജനന തീയതി 1870 ഡിസംബർ 31 ആണ്. എന്നാൽ നാളിതുവരെയായിട്ടും ഇതും സംബന്ധിച്ച രേഖകൾ എന്തു കൊണ്ടാണ് സ്വതന്ത്രമായി വെരിഫൈ ചെയ്യാതിരുന്നതെന്ന ചോദ്യമുയരുന്നുണ്ട്. നൈജിരിയയിലെ ജെയിംസ് ഓളോഫിന്റുയി 171 വയസ് വരെയും എത്യോപ്യയിലെ ദാഖാബോ എബ്ബ 163 വയസ് വരെയും ജീവിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവരുടെ രേഖകൾ വേണ്ടവിധം പരിശോധിച്ചുറപ്പാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ കാഴ്ച കുറഞ്ഞതിനാൽ സദാസമയവും റേഡിയോ കേൾക്കലാണ് ഗോതോയുടെ വിനോദം.ക്ഷമ കാരണമാണ് തനിക്കിത്രയും കാലം ജീവിച്ചിരിക്കാൻ സാധിച്ചതെന്നാണ് ഗോതോ വെളിപ്പെടുത്തുന്നത്.