പോരൂർ: മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് വയോധിക ദമ്പതികൾ ആത്മഹത്യ ചെയ്തു. ചെന്നൈയിലെ പോരൂർ സ്വദേശികളായ മനോഹരൻ (62), ഭാര്യ ജീവ (56) എന്നിവരാണ് മരിച്ചത്.

സർക്കാർ ജീവനക്കാരായിരുന്ന ഇരുവരും വിആർഎസ് എടുത്ത് ജോലിയിൽ നിന്ന് വിരമിച്ചവരാണ്. 32 വയസുള്ള മകനും 29 വയസുള്ള മകളും ഈ ദമ്പതികൾക്കുണ്ട്. രണ്ട് മക്കളും ഉപേക്ഷിച്ചതിനെ തുടർന്ന് ദമ്പതികൾ തീ കൊളുത്തി മരിക്കുകയായിരുന്നു. ഇവരുടെ വീട്ടിൽ നിന്ന് തീയുയരുന്നത് കണ്ടാണ് അയൽവാസികൾ വിവരം അറിഞ്ഞത്. തുടർന്ന് അയൽവാസികൾ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

പൂർണമായി കത്തിയ നിലയിൽ മനോഹരന്റെ മൃതദേഹം കിടക്കയിലും ഭാര്യ ജീവയുടെ മൃതദേഹം ലിവിങ് റൂമിലുമാണ് കണ്ടെത്തിയത്. മക്കൾ നോക്കാത്തതിൽ ദമ്പതികൾ മനോവിഷമത്തിലായിരുന്നു. ഇതേതുടർന്ന ഭാര്യയ്ക്ക് വിഷം നൽകിയ ശേഷം ഭർത്താവ് തീ കൊളുത്തി മരിക്കുകയായിരുന്നു.

വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ശവസംസ്‌കാരത്തിനായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് മകന്റെ പേരിൽ എഴുതി വച്ചിരുന്നു. മൃതദേഹങ്ങൾ സംസ്‌കരിക്കരുതെന്നും ദഹിപ്പിക്കണമെന്നും എഴുതി വച്ചിരുന്നു.