- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോജുവിനെ തെരുവിൽ ആക്രമിച്ചിട്ടും 'അമ്മ' പ്രതികരിച്ചില്ല; അമ്മയുടെ സെക്രട്ടറി ആരേ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നത്; സമീപനം മാറ്റണം; അമ്മയുടെ മീറ്റിങ്ങിൽ പ്രതിഷേധം അറിയിക്കുമെന്നും കെ ബി ഗണേശ് കുമാർ; സ്ത്രീകളെ ഉപയോഗിച്ച് തന്നെ കുടുക്കാനും കോൺഗ്രസ് ശ്രമിച്ചിരുന്നുവെന്നും വിമർശനം
കൊല്ലം: നടൻ ജോജു ജോർജും കോൺഗ്രസും തമ്മിലുണ്ടായ വിവാദത്തിൽ പ്രതികരിക്കാതെ നിശബ്ദത പാലിച്ച താരസംഘടന 'അമ്മ'യ്ക്കെതിരെ നടനും പത്തനാപുരം എംഎൽഎയുമായ കെ ബി ഗണേശ് കുമാർ. ജോജുവിനെ തെരുവിൽ ആക്രമിച്ചിട്ടും അമ്മ പ്രതികരിച്ചില്ല. അമ്മയുടെ സെക്രട്ടറി ആരേ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നതെന്ന് ഗണേശ് കുമാർ ചോദിച്ചു.
വിഷയത്തിൽ എന്തു കൊണ്ട് 'അമ്മ' മൗനം പാലിച്ചെന്ന് മനസിലാകുന്നില്ലെന്ന് ഗണേശ് കുമാർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും അപലപിച്ചപ്പോൾ 'അമ്മ' ജനറൽ സെക്രട്ടറി മൗനം പാലിച്ചു. ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നത്. അഭിപ്രായം തുറന്നു പറയണം.
'അമ്മ'യുടെ സമീപനം മാറ്റണം. ജനറൽ സെക്രട്ടറി ഇടവേള ബാബു മറുപടി പറയണമെന്നും ഗണേശ് ആവശ്യപ്പെട്ടു. അടുത്ത 'അമ്മ' യോഗത്തിൽ പ്രതിഷേധം അറിയിക്കും. ജോജുവിനെ ആക്രമിച്ച നടപടി അപലപനീയവും ദൗർഭാഗ്യകരവുമാണ്. ജോജുവിന്റെ വാഹനം തല്ലിതകർത്ത യൂത്ത്കോൺഗ്രസിന്റെ നടപടി തെറ്റായിപ്പോയെന്നും ഗണേശ് കുമാർ പറഞ്ഞു.
വ്യക്തിപരമായും രാഷ്ട്രീയമായും പ്രതിഷേധിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. വ്യക്തികൾ അവരുടെ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പറയാൻ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും ഗണേശ് കുമാർ പ്രതികരിച്ചു. സംഭവത്തിൽ കോൺഗ്രസിനെയും ഗണേശ് കുമാർ വിമർശിച്ചു. സ്ത്രീകളെ ഉപയോഗിച്ച് തന്നെ കുടുക്കാൻ മുമ്പ് കോൺഗ്രസ് ശ്രമിച്ചിരുന്നു എന്നാണ് വിമർശനം.
ജോജു ജോർജിന്റെ വാഹനം തകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒത്തുതീർപ്പിനൊരുങ്ങുകയാണ് കോൺഗ്രസ്. കേസിൽ അന്വേഷണം മുറുകി നേതാക്കൾ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് സമവായ നീക്കം. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീർക്കാൻ ചർച്ചകൾ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ തർക്കത്തിലെ കേസ് തുടരാൻ ജോജുവും താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല. ജോജുവിന്റെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളും പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.
വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നിൽ സുരേഷാണ്.
മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റിൽ കൂടുതൽ റോഡ് ഉപരോധിക്കാനും പൊലീസ് അനുമതി നൽകിയിരുന്നില്ല. ജോജുവിനെതിരായ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചു. ഇന്ധനവില വർദ്ധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ സമരമാണ് ഒടുവിൽ നാടകീയ രംഗങ്ങളിൽ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഏറെ നേരമായതോടെ നടൻ ജോജു ജോർജ് ഇറങ്ങി വരികയായിരുന്നു. വഴി തടഞ്ഞുള്ള സമരത്തിനെതിരെ അദ്ദേഹം പ്രതിഷേധം ഉന്നയിച്ചു.
തന്റെ കാറിനടുത്തുള്ള വാഹനത്തിൽ കീമോ തെറാപ്പി ചെയ്യാൻ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും തൊട്ടപ്പുറത്തുള്ള കാറിൽ ഒരു ഗർഭിണി സ്കാനിംഗിനായി പോകുകയാണെന്നും ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ആയിരുന്നു ജോജുവിന്റെ ചോദ്യം. ഒടുവിൽ ജോജുവും കോൺഗ്രസുകാരും തമ്മിൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. ജനം ഇവിടെ രണ്ട് ചേരിയായി തിരിഞ്ഞ് തമ്മിൽ തർക്കമായി. തർക്കങ്ങൾക്കൊടുവിൽ പൊലീസ് ഒടുവിൽ വാഹനം കടത്തി വിട്ടുതുടങ്ങിയെങ്കിലും ജോജുവിന്റെ വണ്ടി സമരക്കാർ തടയുകയും ഏറെ നേരത്തെ വാക്കുതർക്കത്തിനൊടുവിൽ അടിച്ചു തകർക്കുകയുമായിരുന്നു.
ഇന്ധന വില വർധനവിനെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ യൂത്ത് കോൺഗ്രസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വൈറ്റിലയിലെ സമരത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് പ്രതിനിധികൾ പ്രതികരിച്ചത്.
കേന്ദ്രം എക്സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയിൽ യൂത്ത് കോൺഗ്രസ് മധുരം വിതരണം നടത്തി. കഴിഞ്ഞ ദിവസം പ്രതിഷേധ സമരവും സംഘർഷങ്ങളും നടന്നയിടത്താണ് പ്രവർത്തകരെത്തി മധുരം വിതരണം ചെയ്തത്. വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ലഡു വിതരണം ചെയ്തു. ഇതിനിടെയാണ് വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ നേതാക്കൾ ഖേദപ്രകടനം നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ