കോഴിക്കോട്: ആവിക്കൽ തോട്ടിലെ മലിനജല സംസ്‌കരണ പ്ലാന്റ് നിർമ്മാണവുമായി മുന്നോട്ട് പോകുമെന്ന് ഉറച്ച നിലപാടിലാണ് സി പി എം നേതൃത്വം. മരിക്കേണ്ടി വന്നാലും ഈ മണ്ണിൽ പ്ലാന്റ് അനുവദിക്കില്ലെന്ന നിലപാടുമായി സരമസമിതിയും എതിർപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നു. ഇതോടെ, പ്രദേശത്ത് പൊലിസ് മർദ്ദനവുമെല്ലാം സംഘർഷവും തുടരുകയാണ്.

ആവിക്കൽ തോട് തീരദേശ ഹൈവേയെ മുറിച്ചൊഴുകുന്ന ഓവിന്റെ അടിഭാഗത്തുള്ള ഭാഗം അതിശക്തമായ രീതിയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചതാണ്. ഈ ഭാഗത്തിന്റെ കിഴക്കുവശത്താണ് ഹൈവേയോട് ചേർന്ന തോട്ടിന്റെ ഭാഗമായ 67 സെന്റ് സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കാൻ കോർപറേഷൻ ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി മാസങ്ങൾക്ക് മുൻപ് ഇവിടെ രണ്ട് ജെ സി ബി ആഴ്ചകളോളം ഉപയോഗിച്ച് മണ്ണും ചളിയും കോരിമാറ്റിയിരുന്നു. ഇതോടെ തോടിന്റെ ഭാഗം തടയണ കെട്ടിയ ഡാം പോലുള്ള അവസ്ഥയിലേക്കു മാറിയിരിക്കയാണ്. നാളിതുവരെ തോടിന്റെ അടിഭാഗവും ഓവുചാലിന്റെ കോൺക്രീറ്റ് ചെയ്ത അടിഭാഗവും ഒരേ നിരപ്പിലായതിനാൽ വെള്ളം സുഗമമായി ഒഴുകുന്ന രീതിയിലായിരുന്നു. എന്നാൽ ഇപ്പോൾ കെട്ടിക്കിടക്കുന്ന മലിനജലം ഡാമിലെന്ന പോലെ അനക്കമറ്റ് കിടക്കുന്ന സ്ഥിതിയായതിനാൽ പ്രദേശത്ത് ജനത്തിന് ജീവിക്കാൻ സാധിക്കാത്തത്രയും രൂക്ഷമായ ഗന്ധമാണ്.

തോട് വൃത്തിയാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്നും ഇത് പൂർത്തിയാവുന്നതോടെ തോട്ടിലൂടെ തെളിനീരൊഴുകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും ആവിത്തോട് മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സമരസമിതി ഏരിയാ കമ്മിറ്റി അംഗം തോപ്പയിൽ കമ്പിവളപ്പ്് തസ്ലീന വ്യക്തമാക്കി. 'ഞങ്ങളെ കൊന്നാലും ഈ പ്ലാന്റ് ഇവിടെ സ്ഥാപിക്കാൻ ഞങ്ങൾ അനുവദിക്കില്ല. കോർപറേഷൻ ഒരു പദ്ധതി നടപ്പാക്കാൻ ഇറങ്ങിത്തിരിച്ചാൽ അതേക്കുറിച്ച് കൃത്യമായി ജനങ്ങളോട് പറയണം. നുണപറഞ്ഞല്ല, ഇത്തരം ഒരു പദ്ധതി കൊണ്ടുവരേണ്ടത്. പത്തു പന്ത്രണ്ടു വർഷം മുൻപ് ഈ പ്രദേശത്ത് ലോറി സ്റ്റാന്റ് നിർമ്മിക്കാൻ അധികാരികൾ ശ്രമിച്ചിരുന്നു. അന്ന് ഇവിടെ ഇറക്കിയ ലോഡ് കണക്കിന് ചെമ്മണ്ണ് ജനകീയ പ്രതിഷേധത്തെ തുടർന്ന് തിരിച്ചെടുത്തുകൊണ്ടുപോകേണ്ടതായി വന്നതും' തസ്ലീമ ഓർമിപ്പിച്ചു. പ്ലാന്റുമായി മുന്നോട്ടുപോയാൽ പ്രദേശത്തെ സ്ത്രീകൾ ഈ തോട്ടിൽ ചാടി ആത്മഹത്യ ചെയ്യുകയേ നിർവാഹമുള്ളൂവെന്നും അവർ പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടാത്ത ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ അധികാരികൾ ശ്രമിച്ചാൽ മരണം വരെ പ്രതിരോധിക്കുമെന്ന് വിഴിഞ്ഞത്തുനിന്ന് ആവിത്തോട്ടിലെത്തി മത്സ്യത്തൊഴിലാളിയായി ജീവിതത്തിന് അർഥം കണ്ടെത്തുന്ന എ അബ്ദുൽ ഹമീദ് (65). മൂന്നര വർഷം മാത്രമേ പിണറായി സർക്കാരിന് ജനവിധിയുള്ളൂവെന്ന് മറക്കരുത്. ഇവിടെ പാൽ കുടിക്കുന്ന ഒരു കുഞ്ഞെങ്കിലും അവശേഷിച്ചാൽ പ്ലാന്റ് അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സി പി എം ജനപ്രതിനിധികൾ പ്ലാന്റിന്റെ പേരിൽ വൻതുക കൈപറ്റിയിരിക്കയാണെന്നും പ്ലാന്റ് യാഥാർഥ്യമായില്ലെങ്കിൽ ഈ അഴിമതി പണം തിരിച്ചുകൊടുക്കേണ്ടിവരുമെന്ന ഭയമാണ് എന്തുസംഭവിച്ചാലും പ്ലാന്റ് സ്ഥാപിച്ചേ അടങ്ങുവെന്ന വാശിക്കു പിന്നിലെന്നും അദ്ദേംഹ ആരോപിച്ചു.

പ്ലാന്റിന്റെ പേരിൽ തോട്ടിൽനിന്നും മണ്ണ് കുഴിച്ചെടുത്തത് ജനങ്ങൾക്ക് വേണ്ടിയല്ലെന്ന് ഇപ്പോൾ കൃത്യമായി ബോധ്യപ്പെട്ടെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗവും സമരസമിതിയുടെ സജീവ പ്രവർത്തകനുമായ എൻ പി ജെയ്സൽ പറഞ്ഞു. മണ്ണ് മാറ്റിയതോടെ ഇവിടെ വലിയ കയമാണ് തോട്ടിൽ രൂപപ്പെട്ടിരിക്കുന്നത്. മൂന്നാളുടെ ആഴത്തിലാണ് ഇപ്പോൾ ഇതിൽ മലിനജലം കെട്ടിനിൽക്കുന്നത്. റോഡിൽ നിന്ന് സമീപത്തെ വീടുകളിലേക്കു നീളുന്ന ഫുട്പാത്തിന് അരികുഭിത്തിയില്ലാത്തതിനാൽ ഇതുവഴി പോകുന്ന ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടാൽ തോട്ടിലെ കയത്തിൽ വീഴുന്ന അപകടകരമായ അവസ്ഥയാണുണ്ടായിരിക്കുന്നത്. മുൻപ് പരന്നൊഴുകിയിരുന്നതിനാൽ ദുർഗന്ധം കുറവായിരുന്നു പ്രത്യേകിച്ച് മഴക്കാലത്തുകൊതുകുശല്യം ഉൾപ്പെടെയുള്ളവ വളരെ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് സന്ദർശനം നടത്തുന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് രണ്ടുമിനുട്ടുപോലും ഇവിടെ നിൽക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.

ഞങ്ങളുടെ ചെറുപ്പകാലത്ത് മഴവന്നാൽ തെളിനീരിൽ കടൽവെള്ളം കയറി വിശാലമായ കുളമായി രൂപാന്തരപ്പെട്ടിരുന്ന ഭാഗമാണ് ഇന്നത്തെ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ അധികൃതർ ഒരുങ്ങുന്ന സ്ഥലമെന്ന് മത്സ്യത്തൊഴിലാളിയും പ്രദേശവാസിയുമായ എൻ പി ആലിക്കോയ (84). ഇന്നലെയും കടലിൽ മത്സ്യബന്ധനത്തിനായി പോയി മടങ്ങിവന്ന ശേഷമായിരുന്നു അദ്ദേഹം ആവിത്തോട്ടിന്റെ പുരാണം അയവിറക്കിയത്. സി പി എം കൗൺസിലറായ 66ാം വാർഡിലെ സുലൈമാൻ, ജെ സി ബി വന്ന അവസരത്തിൽ തങ്ങളോട് പറഞ്ഞത് തോട് ക്ലീൻ ചെയ്യാനാണ് ഈ പ്രയത്നമെല്ലാമെന്നു പറഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്ലാന്റ് ഇവിടെ തന്നെ സ്ഥാപിക്കണമെന്ന കാര്യത്തിൽ സി പി എമ്മിനൊപ്പമാണ് ബിജെപി ജില്ലാ നേതൃത്വവും നിലകൊള്ളുന്നത്. സമരസമിതിയുടെ പ്രവർത്തനം അട്ടിമറിക്കാനും അക്രമത്തിന് കോപ്പുകൂട്ടാനുമായി എത്തിയ മൂന്നുപേരെ തീവ്രവാദികളാണെന്നു പറഞ്ഞ് സംഭവമാക്കി പൊലിസ് പിടികൂടി കൊണ്ടുപോയെങ്കിലും പിന്നീട് ഭരണത്തണലിൽ തങ്ങളുടെ ആളുകളായതിനാൽ വിട്ടയച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രദേശത്തെ മുഴുവൻ വീടുകളിലെയും കക്കൂസ് മാലിന്യം പൈപ്പിട്ട് വലിച്ചെടുത്ത് ട്രീറ്റ്മെന്റ് പ്ലാന്റിൽ ട്രീറ്റ് ചെയ്ത് കടലിലേക്കു ഒഴുക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞതായി മറ്റൊരു പ്രദേശവാസിയായ ഇസ്മയിൽ (47) പറഞ്ഞു. എന്നാൽ മഴക്കാലത്ത് കടൽപ്രക്ഷുബ്ദമാവുമ്പോൾ കടലിൽനിന്ന് ഉപ്പുവെള്ളം ആഴ്ചകളോളം കയറിക്കിടക്കുന്ന ആവിത്തോട്ടിൽ മാലിന്യ പ്ലാന്റ് സ്ഥാപിച്ചാൽ ഏത് രീതിയിലാണ് ഇവ കടലിലേക്ക് ഒഴുക്കാനാവുക. ഒഴുകിയെത്തുന്നതെന്തും അതിവേഗം തിരമാലയിൽ തോട്ടിലേക്കുതന്നെ വരുന്ന പ്രകൃതി പ്രതിഭാസത്തിൽ ഈ പദ്ധതി എങ്ങനെയാണ് പ്രാവർത്തികമാവുകയെന്നും അദ്ദേഹം ചോദിച്ചു.

ആറേഴ് വർഷമായി ഈ ഭാഗത്ത് തോടുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള വൃത്തിയാക്കൽ പരിപാടിയും കോർപറേഷൻ അധികാരികൾ ചെയ്തിട്ടില്ല. കൊതുകു പെറ്റുപെരുകി പ്രദേശം ദുർഗന്ധപൂരിതമായിട്ടും തിരിഞ്ഞുനോക്കാത്തവരാണ് ഒരു സുപ്രഭാതത്തിൽ തോട്ടിൽ തെളിനീരൊഴുക്കുമെന്ന പച്ചക്കള്ളവുമായി എത്തിയതെന്ന് എൻ പി വാഹിദ് (46) പറഞ്ഞു.

സ്്നേഹതീരം ഉൾപ്പെടെ രണ്ട് അങ്കണവാടികളാണ് ഈ തോടിനോട് ചേർന്നുള്ളതെന്നും തോടിന്റെ ആഴംകൂട്ടിയതോടെ അങ്കണവാടികളിൽ മഴ വന്നാൽ കുട്ടികൾക്ക് ഇരിക്കാനും നിൽക്കാനും കഴിയാത്ത സ്ഥിതിയാണെന്നും പി സെയ്ത് പറഞ്ഞു. തോട്ടിൽ നിന്നെടുത്ത മണ്ണിന്റെ ഒരുഭാഗം തോടിന്റെ തെക്കേഭാഗത്ത് തന്നെ കൂനകൂട്ടിയിട്ടിരിക്കുന്നതിനാൽ വെള്ളം കെട്ടിനിൽക്കേണ്ട പ്രദേശം പരിമിതപ്പെട്ടിരിക്കയാണ്. ഇതോടെയാണ് അങ്കണവാടികളിൽ മുട്ടോളം വെള്ളം നിറയുന്ന സ്ഥിതിവിശേഷം ഉണ്ടായത്. എന്നിട്ടും യാതൊരുവിധം മാനുഷിക പരിഗണനയുമില്ലാതെ പ്ലാന്റുമായി മുന്നോട്ടുപോകുന്ന ഇവർ ആരുടെ ഏജന്റുമാരാണെന്നും സെയ്ത് ചോദിക്കുന്നു.