കോഴിക്കോട്: വടകര ചോറോട് പ്രവർത്തിക്കുന്ന റാണി പബ്ലിക് സ്‌കൂളിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളാൽ പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. വയലും ജലാശയങ്ങളും നികത്തിയാണ് സ്‌കൂൾ നിർമ്മിച്ചത്. ഇവിടെ നിന്നും പുറത്തുവിടുന്ന കക്കൂസ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാമാണ് നാട്ടുകാർക്ക് പ്രയാസം സൃഷ്ടിക്കുന്നത്. ഇതിന് പുറമെ റാണി അച്ചാർ കമ്പനി, ഫ്ലവർമിൽ, സർവ്വീസ് സ്റ്റേഷൻ എന്നിവടങ്ങളിലെ മാലിന്യങ്ങളും ശരിയായി സംസ്‌ക്കരിക്കാനാവശ്യമായ സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിട്ടില്ല. ഇതിനാൽ ഒരു പ്രദേശമാകെ മലിനമായ അവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ പതിനെട്ട് വർഷമായി ഈ സ്ഥാപനത്തിൽ നിന്നുള്ള മാലിന്യപ്രശ്നങ്ങളാൽ നാട്ടുകാർ പ്രയാസപ്പെടുന്നു. പല ഘട്ടങ്ങളിലും ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളൊന്നും പാലിക്കപ്പെടാതെ നിൽക്കുന്ന സ്ഥിതിയാണുള്ളത്. നേരത്തെ തന്നെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ സ്ഥാപനത്തിനെതിരെ പ്രതിഷേധ രംഗത്താണ്. എന്നാൽ എല്ലാം അവഗണിക്കുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കുറച്ചുമാസങ്ങൾക്ക് മുമ്പ് കക്കൂസ് മാലിന്യം ഉൾപ്പെടെ പുറത്തേക്ക് പമ്പ് ചെയ്യുന്നത് നാട്ടുകാർ പിടികൂടിയിരുന്നു. ഇതോടെ ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെട്ട് സ്‌കൂൾ ഹോസ്റ്റലും കാന്റീനും അടപ്പിച്ചു.

പ്രക്ഷോഭം ശക്തമായി തുടർന്നതോടെ സ്‌കൂൾ തുറന്ന് പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായി. ഒടുവിൽ സി കെ നാണു എം എൽ എയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്തുകയും ചർച്ചയിലെ വ്യവസ്ഥ പ്രകാരം മാലിന്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് പഞ്ചായത്ത് അധികൃതർ ആക്ഷൻ കമ്മിറ്റിക്ക് ഉറപ്പ് നൽകി. എന്നാൽ നാളിതുവരെയായിട്ടും ഈ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയന്നത്. ജൂൺ മാസത്തിൽ കാലവർഷം ആരംഭിച്ചതോടെ സ്‌കൂൾ അധികൃതർ വീണ്ടും മാലിന്യം പുറത്തേക്ക് ഒഴുക്കിവിടുകയായിരുന്നു. ഗത്യന്തരമില്ലാതെ വന്നതോടെ സ്‌കൂളിന്റെയും അച്ചാർ കമ്പനിയുടെയും പ്രവർത്തനം തടയാൻ നാട്ടുകാർ തയ്യാറാവുകയായിരുന്നു.

പ്രശ്നം രൂക്ഷമായപ്പോൾ ജില്ലാ കലക്ടർ ഇടപെട്ട് ആക്ഷൻ കമ്മിറ്റി, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചു കൂട്ടി. സ്ഥാപനം തുറന്ന് പ്രവർത്തിക്കണമെങ്കിൽ മല-മൂത്ര സംഭരണമടക്കമുള്ള താത്ക്കാലിക സംവിധാനം ഒരുക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി സംവിധാനം ഒരുക്കാൻ ശുചിത്വ മിഷനെയും അനധികൃത നിർമ്മാണവും നിയമലംഘനവും പരിശോധിക്കാനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും കലക്ടർ ചുമതലപ്പെടുത്തി. തുടർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ നിയമലംഘനം നടന്നതായും മാലിന്യ സംസ്‌ക്കരണ സംവിധാനം ഇല്ലെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നിർദ്ദശിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ മൂന്നര മാസം പിന്നിട്ടിട്ടും മാനേജ്മെന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതോടെയാണ് പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടും മാനേജ്മെന്റിന്റെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ചുമാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഈ മാസം 27 ന് വൈകീട്ട് നാലു മണിക്ക് കൈനാട്ടിയിൽ വിശദീകരണ യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്.