- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ അഗ്നി ബിജെപിക്കെതിരെ ആളിപ്പടരുമോ? പുതിയ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോൾ പുറത്തു കടക്കാൻ പഴുതു തേടി കേന്ദ്രം; മുതലെടുക്കാൻ പ്രതിപക്ഷ പാർട്ടികളും; 'യുവാക്കളുടെ വികാരം കണക്കിലെടുക്കണം' അഗ്നിപഥ് പിൻവലിക്കണമെന്ന് രാജസ്ഥാനിൽ പ്രമേയം; ബിഹാറിൽ എൻഡിഎ സഖ്യത്തിലും വിള്ളൽ
ന്യൂഡൽഹി: പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധം ഇരമ്പുമ്പോൾ കുരുക്കിലായി കേന്ദ്രം ഭരിക്കുന്ന ബിജെപി. പദ്ധതിക്കെതിരെ ആളുന്ന പ്രതിഷേധം മുതലെടുക്കാൻ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയതാണ് കേന്ദ്രത്തെ കുരുക്കിലാക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധത്തിൽനിന്ന് പുറത്തുകടക്കാൻ പഴുതുകൾ തേടുകയാണ് കേന്ദ്രം ഇപ്പോൾ. ഇതിനായി ആനുകൂല്യങ്ങൾ അടക്കമുള്ള കാര്യങ്ങളുമായ മുന്നോട്ടു പോകുമ്പോഴും പ്രതിഷേധം ഒരു വശത്ത് തുടരുകയാണ്.
രണ്ടുവർഷമായി സൈന്യത്തിലെ നിയമനങ്ങൾക്കായി കാത്തിരിക്കുന്ന ഉത്തരേന്ത്യയിലെ യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായപ്പോൾ ഇളവുകൾ നൽകി തണുപ്പിക്കാൻ സർക്കാർ ശ്രമം തുടങ്ങിയെങ്കിലും എവിടെയും എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പദ്ധതിയുടെ ഗുണങ്ങൾ വിശദീകരിച്ച് സർക്കാരും പാർട്ടിയും ജനങ്ങളെ സമീപിക്കണമെന്ന നിർദ്ദേശം ബിജെപി.ക്ക് ആർ.എസ്.എസ്. നൽകിയതായാണ് സൂചന.
ഏതെങ്കിലും സംഘടനയുടെയോ നേതാക്കളുടെയോ ആഹ്വാനങ്ങളില്ലാതെ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യാനുള്ള മാർഗങ്ങളാണ് സർക്കാരും പാർട്ടിയും ഇപ്പോൾ ആലോചിക്കുന്നത്. കാർഷികസമരത്തെക്കാൾ പൗരത്വ നിയമത്തിനെതിരേ ഉയർന്ന സമരങ്ങളോടാണ് പുതിയ പ്രതിഷേധരീതികളെ ബിജെപി.യിലെ ചില നേതാക്കൾ താരതമ്യം ചെയ്യുന്നത്. അതിനാൽ, പ്രതിഷേധം അടിയന്തരമായി തണുപ്പിക്കാനുള്ള ഭരണ-രാഷ്ട്രീയ നടപടികളെക്കുറിച്ചാണ് പാർട്ടിയും സർക്കാരും തലപുകയ്ക്കുന്നത്.
ഇതിന്റെ ഭാഗമായി കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയും പദ്ധതിയുടെ ഗുണം വിശദീകരിക്കാനായി മന്ത്രിമാരും നേതാക്കളും ജനസഭകൾ സംഘടിപ്പിക്കുകയും ചെയ്യണമെന്നാണ് പാർട്ടിയുടെ നിർദ്ദേശം. സുപ്രീംകോടതിയിൽ കഴിഞ്ഞദിവസം സമർപ്പിച്ച പൊതുതാത്പര്യ ഹർജിയും ഇക്കാര്യത്തിൽ നിർണായകമാണ്.
തൊഴിലില്ലായ്മ പരിഹരിക്കാൻ ഒന്നര വർഷത്തിനുള്ളിൽ പത്തുലക്ഷം നിയമനം നടത്തുമെന്ന പ്രഖ്യാപനവും സൈന്യത്തിൽ നാലുവർഷം ഹ്രസ്വകാല നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനവും പുറത്തുവന്നത് ഒരേ ദിവസമായിരുന്നു. യുവാക്കളെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന വിഷയമായി തൊഴിലില്ലായ്മ വളരുന്നെന്ന് താഴെത്തട്ടിൽ നിന്ന് പാർട്ടിയുടെ ഘടകങ്ങളും സംഘപരിവാർ സംവിധാനങ്ങളും കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ടു നൽകിയിരുന്നു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രതിപക്ഷത്തിന്റെ മുഖ്യ പ്രചാരണ വിഷയമാകുമെന്ന സൂചനയും ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് പദ്ധതികൾ അടിയന്തരമായി പ്രഖ്യാപിച്ചത്. എന്നാൽ, പദ്ധതിക്കെതിരേ യുവാക്കൾതന്നെ കടുത്ത പ്രതിഷേധമുയർത്തിയത് അപ്രതീക്ഷിത തിരിച്ചടിയായി.
അഗ്നിപഥ് പദ്ധതി പിൻവലിക്കണെന്ന് രാജസ്ഥാനിൽ പ്രമേയം
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം കൊടുമ്പിരി കൊള്ളുമ്പോൾ പദ്ധതി പിൻവലിക്കണെന്ന ആവശ്യവുമായി രാജസ്ഥാൻ സർക്കാർ പ്രമേയം പാസാക്കി. പൊതുതാൽപര്യവും യുവാക്കളുടെ വികാരവും കണക്കിലെടുത്ത് അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മന്ത്രിസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. അഗ്നിപഥ് പദ്ധതി യുവാക്കളുടെ ഭാവി സുരക്ഷിതമാക്കില്ലെന്ന് സൈനിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതായും ഇക്കാര്യം മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു. ശനിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു യോഗം.
'സൈനികർക്ക് മികച്ച പരിശീലനത്തോടൊപ്പം രാജ്യത്തെ സൈന്യത്തിൽ സ്ഥിരമായ റിക്രൂട്ട്മെന്റും ഉണ്ടാകണമെന്ന് വിദഗ്ദ്ധർ പറയുന്നു. അവർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കണം. അങ്ങനെ അവരുടെ ഭാവിയും കുടുംബവും സുരക്ഷിതമാക്കാൻ കഴിയും. ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നതിന് മുൻപ് കേന്ദ്രസർക്കാർ സമഗ്രമായ ചർച്ച നടത്തേണ്ടിയിരുന്നു.' അശോക് ഗെലോട്ട് പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമാസക്തമായ പ്രതിഷേധം വ്യാപിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. ജയ്പുർ, ജോധ്പുർ, ജുൻജുനു ഉൾപ്പെടെ രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ നൂറുകണക്കിന് യുവാക്കൾ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുകയും അൽവാറിൽ ജയ്പുർ-ഡൽഹി ഹൈവേ തടയുകയും ചെയ്തിരുന്നു.
ബിഹാർ എൻഡിഎയിൽ വിള്ളൽ
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ ബിഹാറിലെ എൻഡിഎ സഖ്യത്തിലും വിള്ളലുണ്ടായിട്ടുണ്ട്. സർക്കാരിന്റെ ഭാഗമായിട്ടും ബിജെപി നേതാക്കൾക്ക് സുരക്ഷയും പരിഗണനയും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ രംഗത്തെത്തി. സംസ്ഥാനത്തെ 10 ബിജെപി നേതാക്കൾക്കാണ് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിന്റെ അടക്കം വീടുകൾക്ക് നേരെ സമരക്കാർ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അക്രമം നടക്കുമ്പോൾ പൊലീസ് നിഷ്ക്രിയരായിരുന്നു, തങ്ങളുടെ പാർട്ടി ഓഫീസുകൾ മാത്രമാണ് അക്രമികൾ ലക്ഷ്യമിടുന്നത്. ഭരണകൂടത്തിന്റെ പിന്തുണ ഇതിനുണ്ടെന്നുമാണ് ബിജെപി ആരോപിക്കുന്നത്.
പിന്നാലെ ഭരണ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിതീഷ് കുമാറിന് കഴിവുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ജെഡിയു നേതാക്കളും രംഗത്തെത്തി. ജയ്സ്വാറിന്റെ പാർട്ടിയിൽ നിന്ന് പാഠങ്ങൾ ആവശ്യമില്ല, പകരം അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുകയാണ് വേണ്ടത്. ബിജെപി നേതൃത്വം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജെഡിയു നേതാക്കൾ പറഞ്ഞു.
അതേസമയം ബിഹാറിൽ അഗ്നിപഥ് സ്കീമിനെതിരേയുള്ള പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ ബന്ദ് പുരോഗമിക്കുന്നതിനിടെയും ബിഹാറിൽ പ്രതിഷേധങ്ങൾ തുടർന്നു. ജഹാനാബാദിൽ പൊലീസ് എയ്ഡ്പോസ്റ്റിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. അക്രമം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ട്രെയിൻ സർവീസ് നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്