- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീപാറുന്ന പ്രതിഷേധമെങ്കിലും അവഗണിക്കാൻ കേന്ദ്ര സർക്കാർ; അഗ്നിപഥിൽ ഉടൻ തന്നെ റിക്രൂട്ട്‌മെന്റ് നടത്താൻ ഒരുങ്ങുന്നു; കരസേനയിൽ രണ്ടു ദിവസത്തിനകം നടപടി; ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബറിൽ തുടങ്ങാൻ നീക്കം; വ്യോമസേനയിൽ 24ന്; കരസേനയിൽ 40,000 പേരെയും വ്യോമ-നാവിക സേനയിൽ 3,000 പേരെ വീതവും നിയമിക്കും
ന്യൂഡൽഹി: അഗ്നിപഥിൽ തീപാറുന്ന പ്രതിഷേധമാണ് ഉത്തരേന്ത്യയിൽ നടക്കുന്നത്. യുവാക്കളുടെ രോഷം അണപൊട്ടി ഒഴുകുമ്പോഴും അത് നിയന്ത്രിക്കാൻ ആർക്കും സാധിക്കുന്നില്ല. അതേസമയം പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. രജ്യം പ്രതിഷേധാഗ്നിയിൽ കത്തുമ്പോഴും 'അഗ്‌നിപഥി'ൽ ഉടൻ റിക്രൂട്ട്‌മെന്റ് നടപടി തുടങ്ങുമെന്ന് കര, നാവിക, വ്യോമസേന വിഭാഗങ്ങൾ വ്യക്താക്കുന്നത്. സേനകൾ റിക്രൂട്ട്‌മെന്റ് നടപടികളിലേക്ക് കടക്കുകയും ചെയ്യുകയാണ്.
വ്യോമസേന മേധാവി വി.ആർ. ചൗധരി ജൂൺ 24ന് റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിക്കുമെന്ന് വ്യക്തമാക്കിയപ്പോൾ രണ്ടു ദിവസത്തിനകം തുടങ്ങുമെന്നാണ് കരസേന അറിയിച്ചത്. ഉടൻ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരംഭിക്കുമെന്നാണ് നാവികസേന വൃത്തങ്ങൾ പറയുന്നത്. ഡിസംബറിൽ ആദ്യ ബാച്ചിന്റെ പരിശീലനം തുടങ്ങാനാണ് ആലോചന. ഇവരെ അടുത്ത വർഷം ജൂണോടെ വിവിധ വിഭാഗങ്ങളിൽ നിയമിക്കും.
കരസേനയിൽ 40,000 പേരെയും വ്യോമ-നാവിക സേനയിൽ 3,000 വീതം പേരെയുമാണ് നിയമിക്കുക. ഇതിന്റെ എണ്ണം വർധിപ്പിക്കാനും ആലോചന നടക്കുന്നുണ്ട്. അതിനിടെ, പ്രായപരിധി ഉയർത്തി പ്രതിഷേധം തണുപ്പിക്കാൻ വ്യാഴാഴ്ച രാത്രി കേന്ദ്ര സർക്കാർ നടത്തിയ നീക്കം ഫലം കണ്ടില്ല. മൂന്നാംദിനമായ വെള്ളിയാഴ്ച തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ വെടിവെപ്പിൽ ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. പ്രക്ഷോഭകാരികൾ ഏഴു ട്രെയിനുകൾക്ക് തീയിട്ടു.
പ്രതിഷേധം 340 ട്രെയിനുകളെ ബാധിച്ചതായി റെയിൽവേ അറിയിച്ചു. ഇതിൽ 234 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. ബിഹാറിൽനിന്ന് തുടങ്ങിയ പ്രതിഷേധം ഝാർഖണ്ഡ്, ഒഡിഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് പടർന്നു. ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേണുദേവിയുടെ വീട് ആക്രമിച്ച പ്രതിഷേധക്കാർ ബിജെപി എംഎൽഎയുടെ കാർ തകർത്തു. സംസ്ഥാന ബിജെപി പ്രസിഡന്റ് സഞ്ജയ് ജയ്‌സ്വാലിന്റെ വീടും ആക്രമിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡ് കരാർ നിയമനം പുനഃപരിശോധിക്കണമെന്ന നിലപാടിലാണ്.
മധ്യപ്രദേശിലെ ഇന്ദോറിലും ഹരിയാനയിലെ നരവനയിലും റെയിൽപാളത്തിൽ കുത്തിയിരുന്ന പ്രതിഷേധക്കാർ കല്ലേറ് നടത്തി. ഉത്തർപ്രദേശിലെ ബലിയയിൽ ട്രെയിനിന് തീയിട്ടു. ബസ് തകർത്തു. പ്രതിഷേധക്കാരെ തുരത്താൻ പൊലീസ് ലാത്തി വീശി, കണ്ണീർവാതകം പ്രയോഗിച്ചു. 100 പേരെ കസ്റ്റഡിയിലെടുത്തു. ബിഹാറിൽ ശനിയാഴ്ച പ്രക്ഷോഭകർ പ്രഖ്യാപിച്ച ബന്ദിന് ആർ.ജെ.ഡി പിന്തുണ പ്രഖ്യാപിച്ചു.
പട്‌നയിലേക്ക് പ്രക്ഷോഭം വ്യാപിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ, 12 ജില്ലകളിൽ ഇന്റർനെറ്റിന് വിലക്ക് ഏർപ്പെടുത്തി. സെക്കന്തരാബാദിൽ റെയിൽവേ സ്റ്റേഷൻ ആക്രമിച്ച യുവാക്കൾ കൊൽക്കത്തയിലേക്കുള്ള ഈസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസിനും രാജ്‌കോട്ട്, അജന്ത എക്സ്‌പ്രസ് ട്രെയിനുകളുടെ ഏതാനും കോച്ചുകൾക്കും തീയിട്ടു. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ കല്ലെറിയുകയും വ്യാപക നാശനഷ്ടം വരുത്തുകയുംചെയ്തു. ഇവരെ പിരിച്ചുവിടാൻ റെയിൽവേ പൊലീസ് വെടിവെച്ചപ്പോഴാണ് വാറങ്കൽ സ്വദേശി രാകേഷ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
തെലങ്കാനയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തി. നോയിഡയിൽ യമുന അതിവേഗ പാതയിൽ യുവാക്കൾ ഉച്ചക്ക് 12 മുതൽ ഒരു മണിവരെ ഗതാഗതം തടസ്സപ്പെടുത്തി. ആൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് വെള്ളിയാഴ്ച ഡൽഹി മെട്രോ സ്റ്റേഷൻ ഗേറ്റുകൾ അടച്ചിട്ടു.
ഗുരുഗ്രാം ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചില യുവാക്കൾ ഹൈലി മണ്ഡിയിൽ ട്രെയിൻ തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവരെ പൊലീസ് തടഞ്ഞു. അതേസമയം, അഗ്‌നിപഥ്' പദ്ധതിയിൽ പ്രായപരിധി ഉയർത്തിയത് യുവാക്കൾക്ക് ഗുണകരമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. രാജ്യസേവനത്തിനുള്ള അവസരമാണ് യുവാക്കൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ടുവർഷം സൈന്യത്തിൽ ചേരാൻ സാധിക്കാതെ പോയവർക്ക് 'അഗ്‌നിപഥി'ൽ ഉയർന്ന പ്രായം 23 ആക്കിയത് ഉപകാരമാകുമെന്ന് കരസേന മേധാവി ജന. മനോജ് പാണ്ഡെയും പറഞ്ഞു.
അതേസമയം കർഷക സമരത്തേക്കാൾ തീവ്രമായി മാറിയിരിക്കുകയാണ് വിവിധ സംസ്ഥാനങ്ങളിലെ യുവജന സമരം. രാഷ്ട്രീയ പാർട്ടികളുടെ പ്രേരണയില്ലാതെ സ്വയം ഉയർന്നുവന്ന യുവജനരോഷം തണുപ്പിക്കാൻ രണ്ടു വഴികൾ മാത്രമാണ് സർക്കാറിന് മുന്നിൽ. ഒന്നുകിൽ യുവാക്കൾക്ക് സ്വീകാര്യമാകുന്ന വിധം പദ്ധതി പൊളിച്ചെഴുതണം. അതല്ലെങ്കിൽ തൽക്കാലം മരവിപ്പിക്കണം. പ്രായപരിധിയിൽ രണ്ടുവർഷത്തെ ഇളവു നൽകിയെങ്കിലും അത് യുവാക്കൾക്ക് സ്വീകാര്യമല്ലെന്നാണ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുന്ന അക്രമാസക്ത സമരം നൽകുന്ന വ്യക്തമായ സൂചന. പദ്ധതി ഉടനടി വിജ്ഞാപനം ചെയ്ത് അതിവേഗം നിയമന നടപടികളിലേക്ക് കടക്കുമ്പോൾ, തൊഴിൽ കിട്ടേണ്ട യുവാക്കൾ ഒതുങ്ങുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ.
കാർഷികനിയമത്തിലെന്നപോലെ അഗ്‌നിപഥ് പദ്ധതിയുടെ കാര്യത്തിലും കൂടിയാലോചന നടക്കാതിരുന്നത് വലിയ പാളിച്ചയായി. പാർലമെന്റിലോ സർവകക്ഷി യോഗം നടത്തിയോ ഇത്തരമൊരു സുപ്രധാന പദ്ധതിയുടെ പിഴവും കുറവും ചർച്ച ചെയ്തില്ല. പ്രതിരോധവുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരം സമിതിയെ പോലും സർക്കാർ വിവരമറിയിച്ചില്ല. അടിയന്തരമായി സമിതി വിളിച്ചുകൂട്ടി വിഷയം ചർച്ച ചെയ്യണമെന്ന് സമിതിയിലെ അംഗങ്ങളായ പല എംപിമാരും ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്.
സർക്കാർ വാഗ്ദാനം ചെയ്യുന്നതനുസരിച്ചാണെങ്കിൽ, നാലുവർഷ കരാർ ജോലി കഴിഞ്ഞ് സൈന്യത്തിൽനിന്ന് പുറത്തുപോകേണ്ടിവരുന്ന 21 വയസ്സുകാരായ 75 ശതമാനം പേർക്ക് മറ്റൊരു തൊഴിൽ നൽകാൻ കേന്ദ്ര മന്ത്രാലയങ്ങളും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളും സംസ്ഥാന സർക്കാറുകളും മുൻഗണന നൽകണം. അങ്ങനെ പറയണമെങ്കിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കണം. അതും നടന്നിട്ടില്ല. സൈനിക സമൂഹത്തിന്റെ വികാരമാണ് വിരമിച്ച പല പ്രമുഖ സൈനികരും ഉന്നയിക്കുന്നതെന്നിരിക്കേ, മതിയായ തിരുത്തലുകളില്ലാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോവുക സർക്കാർ ആഗ്രഹിക്കുന്ന പോലെ എളുപ്പമല്ല. എന്നാൽ, കാർഷിക നിയമം, ഭൂമി ഏറ്റെടുക്കൽ നിയമം എന്നിവ പിൻവലിച്ചതു നാണക്കേടായി കാണുന്ന സർക്കാർ, പുതിയ പദ്ധതിക്ക് ആ സ്ഥിതി വരരുതെന്ന വാശിയിൽ തന്നെയാണ്.
മറുനാടന് ഡെസ്ക്