ലണ്ടൻ: വിവിധ രാജ്യങ്ങൾ ശക്തിയേറിയ ആയുധങ്ങൾ പരീക്ഷിച്ച് മൂന്നാം ലോകമഹായുദ്ധ സാധ്യത വർധിപ്പിക്കുന്നതിനിടയിലാണ് ഇന്ത്യ അഗ്‌നി 5 മിസൈൽ പരീക്ഷിച്ചിരിക്കുന്നതെന്ന് ബ്രിട്ടനടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ പരിഭ്രാന്തി കൊള്ളുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഗ്‌നി മിസൈലിന്റെ വിജയത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളാകമാനം അസ്വസ്ഥരായിരിക്കുകയാണ്. ഡൽഹിയിൽ നിന്നും തൊടുത്താൽ ലണ്ടൻ ചാമ്പലാക്കുന്ന അഗ്‌നിക്കെതിരെ കടുത്ത മുന്നറിയിപ്പുമായി വിവിധ ബ്രിട്ടീഷ് മാദ്ധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആണവ ലോകയുദ്ധം പടിവാതിൽക്കൽ എത്തി നിൽക്കവെയാണ് ഇന്ത്യ അഗ്‌നി പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുന്നതെന്നും 50 ടൺ ഭാരമുള്ള മിസൈൽ കഴിഞ്ഞ ദശാബ്ദത്തിലാണ് ഇന്ത്യ വികസിപ്പിച്ചതെന്നും ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ എഴുതിയിരിക്കുന്നു.

ഈ ടെസ്റ്റിന് ശേഷം മിസൈൽ ഇന്ത്യയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാൻഡിന്റെ ഓപ്പറേഷനലൈസേഷന് കൈമാറുമന്നെും തുടർന്ന് അവർ രണ്ട് ടെസ്റ്റുകൾ കൂടി നടത്തുമെന്നും അനന്തരം മിസൈൽ ഇന്ത്യയുടെ ആയുധപ്പുരയിൽ സ്ഥാനംപിടിക്കുമെന്നുമാണ് ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റിറ്റിയൂട്ട് ഫോർ ഡിഫെൻസ് സ്റ്റഡീസ് ആൻഡ് അനലൈസിസിലെ അജയ് ലെലെ വെളിപ്പെടുത്തുന്നത്. ഈ മിസൈൽ ഒരു മൊബൈൽ പ്ലാറ്റ്‌ഫോമിൽ നിന്ന് പോലും ലോഞ്ച് ചെയ്യാമെന്നതിനാൽ ആക്രമണമുണ്ടായാൽ എവിടെ നിന്നും ഇത് പ്രയോഗിക്കാനുള്ള സൗകര്യം ഇന്ത്യൻ ആർമിക്ക് ലഭിക്കുന്നതാണ്. ഇതാണ് വിവിധ രാജ്യങ്ങളെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്. ഒരു ലോകമഹായുദ്ധമുണ്ടായാൽ ഇന്ത്യ അതിൽ ഭാഗഭാക്കാകുന്ന സാഹചര്യമുണ്ടായാൽ അഗ്‌നി 5 എവിടെ നിന്നും അയക്കപ്പെടുന്നത് കനത്ത നാശം വിതയ്ക്കുമെന്നും വിവിധ രാജ്യങ്ങൾ ഭയപ്പെടുന്നുണ്ട്.

അഗ്‌നി 5 ന്റെ വിജയകരമായ വിക്ഷേപണം ഓരോ ഇന്ത്യക്കാരനെയും അഭിമാനപുളകിതനാക്കുമെന്നാണ് നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. ചൈന ഇന്ത്യയ്ക്ക് നേരെ ഉയർത്തിക്കൊണ്ടിരിക്കുന്ന ആണവായുധ ഭീഷണിയെ ചെറുക്കാൻ വേണ്ടിയാണ് ഇന്ത്യ അഗ്‌നി 5 വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നാണ് ഡിഫെൻസ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. ചൈനയുടെ ഏത് ഭാഗത്തേക്കുമെത്താൻ സാധിക്കുന്ന മിസൈലാണിതെന്നത് ചൈനയെയും ഉത്കണ്ഠയിലാഴ്‌ത്തിയിട്ടുണ്ട്. എന്നാൽ അത് പുറത്ത് കാട്ടാത്ത വിധത്തിലാണ് ചൈന പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യ അഗ്‌നി 5ന്റെ ശക്തിപെരുപ്പിച്ച് കാട്ടുന്നുവെന്നാണ് ചൈനയുടെ ആദ്യ പ്രതികരണമുണ്ടായിരിക്കുന്നത്. ഇന്ത്യയും ചൈനയും 1962ൽ യുദ്ധമുണ്ടാവുകയും ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തി തർക്കങ്ങൾ ഇപ്പോഴും നിലവിലുണ്ട്.

ലോകത്തിലെ മറ്റ് നിരവധി രാജ്യങ്ങൾ കടുത്ത ആയുധ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഇന്ത്യയും എരിതീയിൽ എണ്ണയൊഴിക്കാനെന്ന വണ്ണം അഗ്‌നി 5 പരീക്ഷിച്ചിരിക്കുന്നതെന്നാണ് വിവിധ ലോകരാജ്യങ്ങൾ ആരോപിക്കുന്നത്. സമീപകാലത്ത് റഷ്യ ശക്തമായ ആയുധ പരീക്ഷണങ്ങൾ നടത്തി മൂന്നാം ലോക മഹായുദ്ധ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്നുണ്ട്. നാറ്റോയെയും പാശ്ചാത്യ രാജ്യങ്ങളെയും വെല്ലുവിളിച്ച് കൊണ്ടാണ് റഷ്യ പുതിയ ആയുധ പരീക്ഷണങ്ങൾ വിജയകരമായി നടത്തി പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് റഷ്യൻ പ്രസിഡന്റ് തന്റെ രാജ്യത്തിന്റെ സൈനിക ശക്തിയെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞ് രംഗത്തെത്തിയത്. റഷ്യ ഇപ്പോൾ നാറ്റോ, യുഎസ് എന്നിവയേക്കൾ ശക്തമാണെന്നായിരുന്നു പുട്ടിൻ പ്രഖ്യാപിച്ചത്.

ഈ മിസൈൽ പരീക്ഷണത്തിലൂടെ ഏഷ്യയിൽ ചൈനയ്ക്കുള്ള മേൽക്കൈക്ക് നേരെ വെല്ലുവിളി ഉയർത്താൻ ഇന്ത്യ ശ്രമിക്കുന്നുവെന്നും ചിലർ വിലയിരുത്തുന്നു. എന്നാൽ ഇത് നടക്കാത്ത കാര്യമാണെന്ന് മറുപക്ഷം വാദിക്കുന്നു. കാരണം ചൈന അതിന്റെ ജിഡിപിയുടെ രണ്ട് ശതമാനം സൈന്യത്തിന് വേണ്ടി ചെലവഴിക്കുന്നുവെന്നും ചൈനയുടെ ജിഡിപി ഇന്ത്യയുടേതിനേക്കാൾ 3.5 ഇരട്ടിയാണെന്നും അവർ അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. യുഎസ് കഴിഞ്ഞാൽ ഏറ്റവും വലിയ മിലിട്ടറി ബജറ്റുള്ള രാജ്യമാണ് ചൈനയെന്നും അവർ പറയുന്നു.

ഇതിന് പുറമെ ചൈനക്കാണ് ലോകത്തിലെ ഏറ്റവും വലിയ സേനയുള്ളതെന്നും അതിനനുസരരിച്ച് ഇന്ത്യയേക്കാൾ വലിയ ആണവശേഷിയുണ്ടെന്നും ചൈനയെ പിന്തുണയ്ക്കുന്നവർ ഉയർത്തിക്കാട്ടുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ മുഖ്യ ശത്രുവായ പാക്കിസ്ഥാനും അതിന്റെ കൂട്ടാളിയായ ചൈനയും അഗ്‌നി 5 ന്റെ വിജയത്തിൽ പരിഭ്രാന്തരായിട്ടുണ്ടെന്നാണ് വിവിധ നയതന്ത്ര വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇന്ത്യയെ കൂടെ നിർത്തിയേ മതിയാകൂ എന്ന ധാരണ പുതിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിൽ ശക്തമാക്കാനും ഈ പരീക്ഷണം വഴിയൊരുക്കുമെന്നുറപ്പാണ്.