ണവ പോരാട്ടത്തിൽ ചൈനയുമായുള്ള അകലം കുറച്ചുകൊണ്ട് ആണവ വാഹകശേഷിയും 4000 കിലോമീറ്റർ പരിധിയുമുള്ള, അഗ്‌നി-നാല് മിസൈൽ ഇന്ത്യ വിജയകരമായി വീണ്ടും പരീക്ഷിച്ചു. ഒരു ടൺ ആണവായുധം വരെ വഹിക്കാൻ ശേഷിയുള്ള മിസൈൽ ഒഡിഷ തീരത്തെ വീലർ ദ്വീപിലെ വിക്ഷേപണത്തറയിൽനിന്നാണ് പരീക്ഷിച്ചതെന്ന് ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പബ്‌ളിക് ഇൻർഫേസ് വിഭാഗം ഡയറക്ടർ രവി ഗുപ്ത വാർത്താ ഏജൻസിയോട് പറഞ്ഞു.

ഇതിനകം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിക്കഴിഞ്ഞ അഗ്നി-നാല് മിസൈലിന്റെ വിജയകരമായ നാലാമത്തെ പരീക്ഷണമായിരുന്നു ഇത്. സേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാൻഡ് വിഭാഗമാണ് വിക്ഷേപണം നടത്തിയത്. ദീർഘദൂര, ഭൂതല മിസൈലായ അഗ്‌നി-നാലിന് ശത്രുപാളയത്തിലെ റഡാർ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ ലക്ഷ്യത്തിലെത്താനുള്ള ശേഷിയുണ്ട്.

ചൊവ്വാഴ്ച 3000 കിലോമീറ്റർ പരിധിയിലേക്കാണ് മിസൈൽ പരീക്ഷിച്ചത്. ഇതിന്റെ പൂർണമായ തോതിലുള്ള വികസനത്തിന് രണ്ടുവർഷംകൂടിയെടുക്കുമെന്ന് വക്താവ് അറിയിച്ചു. മിസൈലിന്റെ യാത്ര ഡിആർഡിഒയിലെ ശാസ്ത്രജ്ഞർ ലോങ്-റേഞ്ച് റഡാറുകളുടെയും ഇലക്ട്രോ ഒപ്ടിക്കൽ സംവിധാനങ്ങളുടെയും സഹായത്തോടെ വീക്ഷിച്ചുകൊണ്ടിരുന്നു. 

ഇന്ത്യൻ ആയുധശേഖരത്തിലെ അഭിമാന ചിഹ്നമായ അഗ്നി മിസൈൽ വ്യൂഹത്തിൽ കൂടുതൽ കരുത്തന്മാർ വരാനിരിക്കുന്നതേയുള്ളൂവെന്ന് ഡിആർഡിഒ വൃത്തങ്ങൾ വ്യക്തമാക്കി. 5000 കിലോമീറ്റർ പരിധിയുള്ള അഗ്നി-അഞ്ച് മിസൈലിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞർ. ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണിത്. 2017-ൽ അഗ്നി-അഞ്ച് സൈന്യത്തിന് കൈമാറാനാകുമെന്നാണ് കരുതുന്നത്.

പാക്കിസ്ഥാനെ ലക്ഷ്യമാക്കാനുള്ള ഹ്രസ്വ-മധ്യദൂര മിസൈലുകളായ പൃത്ഥ്വിയും അഗ്നിയും ഇതിനകം തന്നെ സൈന്യത്തിന്റെ ശേഖരത്തിലുണ്ട്. ചൈനയിൽനിന്നും ഉത്തര കൊറിയയിൽനിന്നും സമ്പാദിച്ച മിസൈലുകൾ വഴി ഇന്ത്യയെ കടത്തിവെട്ടിയ പാക്കിസ്ഥാനെ അഗ്നി-നാലിന്റെ വരവോടെ ഇന്ത്യക്ക് മറികടക്കാനാവും. എന്നാൽ, അഗ്നി-നാലും അഞ്ചും മിസൈലുകൾ യഥാർഥത്തിൽ ലക്ഷ്യമിടുന്നത് ചൈനയെയാണ്.

ഏത് ഇന്ത്യൻ നഗരത്തെയും ലക്ഷ്യമാക്കാൻ ശേഷിയുള്ള മിസൈൽ ശേഖരം ചൈനയുടെ പക്കലുണ്ട്. അതിനെ മറികടക്കാനാണ് ചൈനീസ് നഗരങ്ങൾ ലക്ഷ്യമിടാൻ ശേഷിയുള്ള ദീർഘദൂര മിസൈലുകളിലൂടെ ഇന്ത്യൻ പ്രതിരോധ ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. എവിടെനിന്നും വിക്ഷേപിക്കാവുന്ന അഗ്നി-അഞ്ച് സൈന്യത്തിന്റെ ഭാഗമാകുന്നതോടെ, ആണവ മിസൈൽ രംഗത്തെ ദൗർബല്യം ഇന്ത്യ അതിജീവിക്കും.

5000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-അഞ്ചിന് 1.4 ടണ്ണോണം ആണവായുധം വഹിക്കാനുള്ള ശേഷിയുണ്ടാകും. അന്തർവാഹിനികളിൽനിന്ന് വിക്ഷേപിക്കാവുന്ന തരത്തിലുള്ള അഗ്നി-അഞ്ച് മിസൈലുകളുടെ നിർമ്മാണമാണ് പ്രതിരോധവിഭാഗം അടുത്തതായി ലക്ഷ്യമിടുന്നത്. അന്തർവാഹിനികളിൽനിന്ന് വിക്ഷേപിക്കാവുന്ന തരത്തിലുള്ള, 750 കിലോമീറ്റർ പരിധിയുള്ള കെ-15 മിസൈലുകളും അടുത്തവർഷം പരീക്ഷിക്കാനാകുമെന്ന് ഡിആർഡിഒ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.