കണ്ണൂർ: വിലകൂടി വി. ഐ.പിയായി മാറിയ ഗ്യാസ് സിലിൻഡറിന് പകരം പരമ്പരാഗതമായ അടുപ്പിന് പുതിയ മെയ്ക്ക് ഓവർ നൽകിയിരിക്കുകയാണ് മാങ്ങാട്ടുപറമ്പ് എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ. അടുക്കളയിൽ ഇനി പാചകവാതക സിലിൻഡറിന് അധികകാലം നിൽപ്പില്ലെന്ന തിരിച്ചറിവിൽ നിന്നാണ് പുതിയ കണ്ടുപിടിത്തം.

ഒരു എൽപിജി സിലിണ്ടറിന്റെ ഒരു വീട്ടിലെ ശരാശരി ഉപയോഗം 45 ദിവസം ആണെങ്കിൽ അത്രയും ഊർജം ഈ പുതു അടുപ്പിലൂടെ ലഭിക്കാൻ വേണ്ടത് കേവലം 55 കിലോ വിറകാണെന്നാണ് ഇതുരൂപകൽപ്പന ചെയ്തവർ വിശദീകരിക്കുന്നത്. അഗ്‌നിസഖിയെന്നു പേരിട്ട ഈ പുത്തൻ കണ്ടുപിടിത്തത്തിന് ചെലവ് വെറും 160 രൂപയിൽ താഴെ മാത്രമാണ്.

അവസരോചിതമായ മാറ്റങ്ങളും ഇതിൽ വരുത്താൻ കഴിയുമെന്നതാണ് പ്രത്യേകത. എത്രപേർക്ക് പാചകം ചെയ്യുന്നതിന് അനുസരിച്ചും ഈ അടുപ്പുകളുടെ ശേഷി വർധിപ്പിക്കാനും സാധിക്കും. ഒരു മണിക്കൂറിൽ ഉപയോഗിക്കുന്ന വിറകിന്റെ അടിസ്ഥാനത്തിലാണ് ഇവയുടെ ശേഷി തീരുമാനിക്കുന്നത്. സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന അടുപ്പുകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് കണ്ണൂർ എൻജിനീയറിങ് കോളേജ് ഇത്തരത്തിലുള്ള ഒരു സംരംഭം ഏറ്റെടുത്തത്.

റിട്ട. പ്രൊഫസർ മുകുന്ദയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഗവേഷണത്തിന്റെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് അഗ്‌നി സഖി അടുപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. ആവശ്യമനുസരിച്ച് ചൂട് കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഈ നൂതന അടുപ്പിൽ ക്രമീകരിച്ചിരിക്കുന്ന രണ്ടുവായു വിതരണ സംവിധാനങ്ങൾ പൂർണ ജ്വലനവും സാധ്യമാക്കുന്നു. അതുകൊണ്ടുതന്നെ ഇതിൽ അതിവേഗ പാചകവും നടക്കുന്നുവെന്ന മെച്ചവുമുണ്ട്.

പേരിന് മാത്രം മലിനീകരണമുള്ള ഈ അടുപ്പ് ഇജെക്ടർ എന്ന സാങ്കേതികവിദ്യയിലൂടെ ന്യൂനമർദ്ദ മേഖല സൃഷ്ടിക്കുകയും ഇത് വിറകിനെ പൂർണതോതിൽ കത്തിക്കാൻ സഹായിക്കുകയുമാണ് ചെയ്യുന്നത്. ഒന്നരക്കിലോയിൽ കുറവായ വിറകു കൊള്ളി കൊണ്ട് പുകയോ കരിയോ ഇല്ലാതെ പാചകം സാധ്യമാക്കുന്നു എന്നതാണ് അഗ്‌നി സഖി അടുപ്പുകളുടെ പ്രത്യേകതകൾ.