- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് വർഷത്തിന് ശേഷം ആഗ്രഹിക്കുന്ന മേഖലയിൽ ജോലി; മൂന്നിരട്ടി നിയമനം; അഗ്നിപഥിൽ വിശദീകരണവുമായി കേന്ദ്രം; കേന്ദ്രത്തിന്റെ വിശദീകരണം പദ്ധതി പ്രഖ്യാപനത്തിനെത്തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ
ന്യൂഡൽഹി: അഗ്നിപഥ് സൈനിക റിക്രൂട്ടിങ് പദ്ധതിക്ക് എതിരെ പ്രതിഷേധം കനക്കുമ്പോൾ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. യുവാക്കൾക്ക് തൊഴിൽ അവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. തൊഴിൽ അവസരങ്ങൾ കൂടുകയാണ് ചെയ്യുകയെന്നും നിലവിലെ നിയമനങ്ങളെക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും കേന്ദ്രം പറയുന്നു. ഉദ്യോഗാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആവില്ല. നാല് വർഷത്തിന് ശേഷം അവർ ആഗ്രഹിക്കുന്ന മേഖലയിലേക്ക് മാറാൻ അവസരം ഒരുക്കുമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് നേരത്തെ തന്നെ കേന്ദ്രസർക്കാർ രംഗത്ത് വന്നിരുന്നു. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തിൽ നടത്തുന്നുണ്ടെന്നും രണ്ട് വർഷത്തോളം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്രം പറഞ്ഞിരുന്നു.
അതേസമയം പദ്ധതിക്കെതിരെ പ്രതിഷേധം തുടരുകയാണ്. ബിഹാറിന് പുറമെ ഡൽഹിയിലും ഉത്തർപ്രദേശിലും ജമ്മു കശ്മീരിലും പുതിയ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ്. ബിഹാറിൽ മൂന്ന് ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീവെച്ചു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് 22 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി. അഞ്ചു ട്രെയിനുകൾ നിർത്തിയിട്ടിരിക്കുകയാണ്. ബിഹാറിലെ നവാഡയിൽ ബിജെപി എംഎൽഎ അരുണാ ദേവിയുടെ വാഹനം തകർത്തു. കല്ലേറിൽ എംഎൽഎ അടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. നവാഡയിലെ ബിജെപി ഓഫീസ് സമരക്കാർ അടിച്ചു തകർത്തു.
ഭാഭുവ റോഡ് റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥർ ഇന്റർസിറ്റി എക്സ്പ്രസിന്റെ ജനൽച്ചില്ലുകൾ തല്ലിത്തകർത്തു. കോച്ചിന് തീവെക്കുകയും ചെയ്തു. കൈമൂർ, ചപ്ര എന്നിവിടങ്ങളിലും സമരക്കാർ ട്രെയിനിന് തീയിട്ടു. ജഹാനാബാദിലും ആരായിലും സമരക്കാർ റെയിൽവേ ട്രാക്ക് ഉപരോധിക്കുകയും, പൊലീസിന് നേർക്ക് കല്ലെറിയുകയും ചെയ്തു. തുടർന്ന് ജഹാനാബാദിൽ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു.
നവാഡയിൽ ഉദ്യോഗാർത്ഥികൾ അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്, റോഡുകൾ ഉപരോധിക്കുകയും ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. റെയിൽറോഡ് ഗതാഗതം ബിഹാറിൽ സ്തംഭിച്ചിരിക്കുകയാണ്. ബിഹാറിൽ രണ്ടാംദിവസവും എട്ടു ജില്ലകളിൽ പ്രതിഷേധം രൂക്ഷമാണ്. ബിഹാറിലെ ചപ്രയിൽ കുറുവടികളുമായി തെരുവിലിറങ്ങിയ സമരക്കാർ ബസ് തല്ലിത്തകർത്തു. ഹരിയാനയിലെ പൽവാലയിൽ ഡെപ്യൂട്ടി കമ്മീഷണറുടെ വീടിന് നേർക്ക് കല്ലെറിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെച്ചു. നിരവധി പൊലീസ് വാഹനങ്ങൾ സമരക്കാർ തല്ലിത്തകർത്തു.
കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അഗ്നിപഥ് പദ്ധതി ഇന്ത്യയുടെ ദേശീയ സുരക്ഷയെ അപമാനിക്കുന്നു. ഒരു തൊഴിൽ സുരക്ഷിതത്വവുമില്ലാതെ യുവാക്കളോട് പരമമായ ത്യാഗം ചെയ്യാൻ ആവശ്യപ്പെടുന്നത് ക്രിമിനൽ കുറ്റമാണ്. സാധാരണ സൈനിക റിക്രൂട്ട്മെന്റ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി തുടങ്ങിയവരും അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് ബിജെപി എംപി വരുൺഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ