- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയുടെ വെളിപ്പെടുത്തിലെ പ്രതിഷേധത്തിന്റെ ഗതിമാറ്റാൻ കേരളത്തിലും അഗ്‌നിപഥ് എത്തുമോ? സൈന്യത്തിന്റെ റിക്രൂട്ട്മെന്റ് നയത്തിനെതിരെ കേരളത്തിലും കലാപത്തിന് ചിലർ ലക്ഷ്യമിടുന്നുവെന്ന് സൂചന; സോഷ്യൽ മീഡിയയിലെ ബന്ദാഹ്വാനം അക്രമ സമരത്തിനുള്ള തുടക്കമെന്ന് ആശങ്ക; മുന്നറിയിപ്പുമായി പൊലീസ് മേധാവിയും; അഗ്നിപഥിലെ ലക്ഷ്യം സൈന്യത്തെ ചെറുപ്പമാക്കലെന്ന് കേന്ദ്ര വിശദീകരണം
തിരുവനന്തപുരം: അഗ്‌നിപഥ് വിഷയത്തിൽ കേരളത്തിലും ചില സംഘടനകൾ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നുവെന്ന് പൊലീസിന് സംശയം. ചില സംഘടനകൾ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നുവെന്ന വ്യാപക പ്രചാരണം ഇതിന്റെ ഭാഗമാണെന്ന് പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലുട നീളം ജാഗ്രത കർശനമാക്കും.
ബന്ധിനുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിലുണ്ടായതോടെ പൊലീസിനോട് സജ്ജമായിരിക്കാൻ ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകി. പൊതുജനങ്ങൾക്കെതിരേയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടുമെന്ന് സംസ്ഥാന പൊലീസ് മീഡിയ സെല്ലിന്റെ ഫേസ്‌ബുക്ക് പേജിൽ പൊലീസ് അറിയിച്ചു. ഇത്തരം ആഹ്വാനം നടത്തിയവരേയും കണ്ടെത്താൻ പൊലീസ് ശ്രമിക്കും. വ്യാപക അക്രമങ്ങൾ ചിലർ ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. അതിനിടെ അഗ്നിപഥുമായി മുമ്പോട്ട് പോകുമെന്ന് സൈന്യം അറിയിച്ചു. സൈന്യത്തിലെ ശരാശരി പ്രായം 26 ആക്കുകയാണ് ലക്ഷ്യമെന്നും സൂചിപ്പിച്ചു.
ഉത്തരേന്ത്യയിലെ അക്രമങ്ങളുടെ മാതൃകയിൽ കേരളത്തിലും കലാപത്തിന് ചിലർ ശ്രമിക്കുന്നുണ്ടോ എന്നാണ് സംശയം. ഈ സാഹചര്യത്തിലാണ് ഡിജിപി മുന്നറിയിപ്പ് നൽകുന്നത്. സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകളിലെ പ്രതിഷേധം വഴി തിരിച്ചു വിടാനും ശ്രമമുണ്ടെന്നാണ് സൂചന. ഇതിന് വേണ്ടി അണിയറയിലെ ചില പദ്ധതി തയ്യാറാകുന്നുവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേരളം കരുതലിലേക്ക് പോകുന്നത്. മുഖ്യധാര രാഷ്ട്രീയക്കാർ ആരും കേരളത്തിൽ ഹർത്താൽ ആഹ്വാനം നൽകിയിട്ടില്ല.
ഈ സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനയും തിങ്കളാഴ്ച മുഴുവൻ സമയവും സേവനസന്നദ്ധരായിരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കോടതികൾ, വൈദ്യുതിബോർഡ് ഓഫീസുകൾ, കെ.എസ്.ആർ.ടി.സി, മറ്റ് സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും. സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഞായാറാഴ്ച രാത്രി മുതൽ പൊലീസ് പിക്കറ്റിങും പട്രോളിങും ഏർപ്പെടുത്തും.
ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാൻ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്കും നിർദ്ദേശം നൽകി. സമൂഹമാധ്യമങ്ങളിൽ ബന്ദ് പ്രചാരണം വ്യാപകമാണെങ്കിലും ഔദ്യോഗികമായി ഒരു സംഘടനയും ഇതിൽ പ്രതികരണവുമായി എത്തിയിട്ടില്ല. എങ്കിലും മുന്നറിയിപ്പെന്ന നിലയ്ക്കാണ് പൊലീസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങൾ വ്യക്തമാക്കിയത്. ശക്തമായ നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് പൊലീസ് ഇതിലൂടെ നൽകുന്നത്.
അഗ്‌നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. എ.എ. റഹീം എംപിയുടെ നേതൃത്വത്തിൽ ജന്ദർമന്ദറിൽ നിന്നും ആരംഭിച്ച മാർച്ച് പാർലമെന്റിന് സമീപത്ത് വച്ച് പൊലീസ് തടയുകയായിരുന്നു. വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചു കീറുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. എ.എ. റഹീമിനെ പൊലീസ് റോഡിലേക്ക് തള്ളിയിട്ടു. താൻ പാർലമെന്റ് അംഗമാണെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും പൊലീസ് വകവച്ചില്ല.
മാധ്യമപ്രവർത്തകർക്ക് നേരെയും പൊലീസ് അതിക്രമമുണ്ടായി. കൈരളി ടിവി റിപ്പോർട്ടറെ കൈയേറ്റം ചെയ്തു. മനോരമ ടിവി റിപ്പോർട്ടറെ പൊലീസ് നിലത്ത് തള്ളിയിട്ടു. ഇതോടെ മാധ്യമപ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ