പാറ്റ്‌ന: സൈന്യത്തിൽ യുവാക്കൾക്ക് നാല് വർഷത്തെ ഹ്രസ്വ സേവനത്തിനായി പ്രഖ്യാപിച്ച 'അഗ്‌നിപഥ്' പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം കത്തുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദിൽ സംഘർഷത്തിൽ ഒരാൾ മരിച്ചു. 15 പേർക്കു പരുക്കേറ്റു. റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനു പൊലീസ് ആകാശത്തേയ്ക്കു വെടിയുതിർത്തിരുന്നു.

അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തുടർച്ചയായ മൂന്നാം ദിവസവും തുടരുകയാണ്. മൂന്നു പാസഞ്ചർ ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീവച്ചു. റെയിൽവേ സ്റ്റേഷൻ കല്ലെറിഞ്ഞു തകർത്തു ട്രെയിനുകൾക്ക് ഉള്ളിൽനിന്നു ചരക്കുസാധനങ്ങൾ പുറത്തേയ്ക്കു വലിച്ചിട്ട പ്രതിഷേധക്കാർ, ഇവ ട്രാക്കിലിട്ടു കത്തിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് സ്റ്റേഷൻ പരിസരത്തെ കടകൾ അടച്ചു.

സെക്കന്ദരാബാദിൽ റെയിൽവെ ട്രാക്ക് ഉപരോധത്തെ തുടർന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം പൂർണമായും തടസപ്പെട്ടു. 350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റെയിൽവെ സ്റ്റേഷനിലെത്തിയത്. ഇവരെ നിയന്ത്രിക്കാൻ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥർ ഈ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല

ബിഹാറിൽ മൂന്നാം ദിവസവും പ്രക്ഷോഭം തുടരുകയാണ്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേണു ദേവിയുടെ വെസ്റ്റ് ചമ്പാരൻ ജില്ലയിലുള്ള വീടിനു നേരേ ആക്രമണമുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീടും ആക്രമിച്ചു. മധേപുരയിൽ ബിജെപി ഓഫിസിനു തീയിട്ടു. മൊഹിദ്യുനഗറിൽ ജമ്മുതാവി എക്സ്പ്രസിന്റെ ബോഗികൾക്ക് തീവച്ചു. രണ്ട് കോച്ചുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ഹാജിപുർ-ബറൗണി റെയിൽവേ ലൈനിൽ വച്ചുണ്ടായ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബിഹാറിലെ സമസ്തിപുരിൽ സമ്പർക്ക ക്രാന്തി എക്സ്‌പ്രസിന് പ്രതിഷേധക്കാർ തീയിട്ടു.

ബെഗുസരായ് ജില്ലയിൽ, വിദ്യാർത്ഥികൾ ട്രെയിനിനു നേരേ കല്ലെറിഞ്ഞു. ദർഭംഗയിൽ സ്‌കൂൾ ബസിനു നേരേ ആക്രമണമുണ്ടായി. ഒരു ബിജെപി എംഎൽഎയുടെ വീടിനുനേരെയും ബിഹാറിൽ ആക്രമണമുണ്ടായി. ഉത്തർപ്രദേശിലെ ബല്ലിയ റെയിൽവെ സ്റ്റേഷനിൽ പ്രക്ഷോഭകർ ഒരു തീവണ്ടി കോച്ചിന് തീവച്ചു. റെയിൽവെ സ്റ്റേഷനുനേരെയും ആക്രമണമുണ്ടായി. 200 -ലധികം തീവണ്ടി സർവീസുകളെയാണ് വെള്ളിയാഴ്ച പ്രക്ഷോഭം ബാധിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. 35 തീവണ്ടി സർവീസുകൾ പൂർണമായും 13 സർവീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

ബിഹാർ, ഉത്തർപ്രദേശ്, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്. യുവാക്കൾ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും സംഘർഷമുണ്ടായി. ബിഹാറിൽ ഇന്നലെയും മൂന്ന് തീവണ്ടിക്ക് തീയിട്ടിരുന്നു. വിവിധയിടങ്ങളിൽ റോഡുകളും റെയിൽപ്പാതകളും ഉപരോധിച്ചു. കല്ലേറുമുണ്ടായി. രാജസ്ഥാനിലെ അജ്‌മേർ-ഡൽഹി ദേശീയപാത ഉദ്യോഗാർഥികൾ തടഞ്ഞിരുന്നു. ജോധ്പുരിൽ പ്രതിഷേധക്കാർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് ഹിമാചൽപ്രദേശിലെ ഗഗ്ഗൽ വിമാനത്താവളത്തിനുമുന്നിലും യുവാക്കൾ പ്രതിഷേധിച്ചിരുന്നു.

ഡൽഹി - ആഗ്ര ദേശീയപാതയിലും ശക്തമായ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ചില വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ഇവിടെ ഗതാഗതം ഇപ്പോൾ സാധാരണ നിലയിലായെന്ന് പൊലീസ് അറിയിച്ചു. അക്രമം നടത്തുന്നതിൽ നിന്ന് പ്രതിഷേധക്കാർ വിട്ടുനിൽക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആവശ്യപ്പെട്ടു. റെയിൽവേ വസ്തുവകകൾ നശിപ്പിക്കരുതെന്നും ട്രെയിനുകൾക്ക് നേരെ വ്യാപക ആക്രമണം നടക്കുന്ന സാഹചര്യത്തിൽ മന്ത്രി അഭ്യർത്ഥിച്ചു.

യുപിയിലെ ബലിയ ജില്ലയിൽ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ ട്രെയിനും സ്റ്റേഷൻ പരിസരവും തകർത്തു. ഒരു ട്രെയിനിനു തീവച്ചു. ഹാജിപുരിൽ ട്രെയിൻ അടിച്ചുതകർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ പ്രതിഷേധക്കാർ ബസുകൾ തകർത്തു. മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പ്രതിഷേധം രൂക്ഷമാണ്. ഹരിയാനയിലെ പൽവാൾ ജില്ലയിൽ സംഘർഷാവസ്ഥയെ തുടർന്ന് 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കി. ബംഗാളിലെ ഹൗറയിലും പ്രതിഷേധം റിപ്പോർട്ടു ചെയ്തു.

ബിഹാർ, ജാർഖണ്ഡ്, യുപി സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഈസ്റ്റ് സെൻട്രൽ റെയിൽവേയാണ് പ്രതിഷേധം ഏറ്റവുമധികം ബാധിച്ചത്. ഇതുവരെ എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കണക്കാക്കാൻ സാധിച്ചിട്ടില്ലെന്നു റെയിൽവേ അധികൃതർ അറിയിച്ചു.

'അഗ്‌നിപഥ്' പദ്ധതിയുടെ പ്രായപരിധി 21 വയസ്സായി നിശ്ചയിച്ചതിനെതിരെ ബിഹാർ, യുപി, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ജമ്മു, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഉദ്യോഗാർഥികൾ തെരുവിൽ നടത്തിയ പ്രതിഷേധം വൻ അക്രമങ്ങൾക്ക് ഇടയാക്കിയിരുന്നു. ബിഹാറിലെ ചപ്രയിൽ ഇന്നലെ ട്രെയിനിനു തീയിട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രായപരിധി 21 വയസ്സിൽനിന്ന് 23 ആയി കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് തീരുമാനമുണ്ടായത്.

വ്യാഴാഴ്ച ബിഹാറിലാണ് പ്രതിഷേധം ഏറ്റവും അക്രമാസക്തമായത്. വിവിധയിടങ്ങളിൽ ട്രെയിനുകൾക്കു തീവച്ചു. നവാഡയിൽ കല്ലേറിൽ ബിജെപി എംഎൽഎ അരുണാദേവി ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. ഇവിടെ ബിജെപി ഓഫിസിനു തീവയ്ക്കുകയും ഒട്ടേറെ വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു.

കര, നാവിക, വ്യോമ സേനകളിൽ ഓഫിസർ ഇതര നിയമനങ്ങൾ (ജവാൻ, സെയ്ലർ, എയർ വോറിയർ) ഇനി 'അഗ്‌നിപഥ്' വഴി മാത്രമായിരിക്കും. ഉദ്യോഗാർഥികളുടെ ആശങ്ക: ഇതുവരെ 15 വർഷത്തേക്കായിരുന്നു നിയമനം; തുടർന്നു പെൻഷനും ലഭിക്കുമായിരുന്നു. 'അഗ്‌നിപഥ്' പദ്ധതിയിലാകട്ടെ 4 വർഷത്തെ സർവീസിനു ശേഷം 25% പേർക്കു മാത്രമേ തുടരാനാകൂ. ബാക്കി 75% പേർക്കു ജോലി നഷ്ടമാകും. ഇവർക്കു പെൻഷനില്ല. പകരം 11.71 ലക്ഷം രൂപ ലഭിക്കും.

സേനാംഗങ്ങളുടെ ആശങ്ക: ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ ബാധിക്കും. യുദ്ധസമാന സാഹചര്യങ്ങളിൽ ജീവൻ നൽകാൻ വരെ തയാറാകുന്ന സ്ഥിര നിയമനക്കാരുടെ പോരാട്ടവീര്യം, 4 വർഷത്തേക്കു മാത്രം സേവനത്തിനെത്തുന്നവരിൽനിന്നു ലഭിച്ചേക്കില്ല. ശരിയായ പരിശീലനം ലഭിക്കാത്തവരെ അതിർത്തിയിൽ നിയോഗിക്കുന്നത് സുരക്ഷയെ ബാധിക്കാം. പ്രതിപക്ഷ വിമർശനം: ആയുധ പരിശീലനം നേടിയ യുവാക്കൾ 4 വർഷത്തെ സേവനത്തിനു ശേഷം തൊഴിൽരഹിതരായി പുറത്തിറങ്ങുന്നത് സമൂഹത്തിനു തന്നെ ഭീഷണിയാകും

ിയമനങ്ങൾ 'അഗ്‌നിപഥ്' വഴിയാക്കിയതോടെ കേരളത്തിലും ആയിരക്കണക്കിന് ഉദ്യോഗാർഥികൾ പുറത്താകും. കരസേനയിൽ ജവാൻ (ജനറൽ ഡ്യൂട്ടി), ക്ലാർക്ക് തസ്തികകളിലേക്ക് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഫിസിക്കൽ ടെസ്റ്റ് നടത്തിയിരുന്നു. എഴുത്തുപരീക്ഷ കോവിഡ് മൂലം നീട്ടിവച്ചു. കേരളത്തിലെ 2500 പേരുൾപ്പെടെ എഴുത്തുപരീക്ഷയ്ക്കു കാത്തിരിക്കുന്നതിനിടെയാണ്, നിയമനങ്ങൾ 'അഗ്‌നിപഥ്' വഴിയെന്ന പ്രഖ്യാപനമെത്തിയത്. എന്നാൽ, പ്രായപരിധി 23 വയസ്സാക്കി വർധിപ്പിച്ചത് ഇവരിൽ പലർക്കും ആശ്വാസമാകും.