ന്ത്യയിലെ ബാങ്കുകളെ 9000 കോടി രൂപയോളം പറ്റിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷ മങ്ങുന്നു. വിദേശ കാര്യ മന്ത്രാലയം പാസ്‌പോർട്ട് റദ്ദാക്കിയെങ്കിലും മല്യയെ നാടുകടത്താൻ തയ്യാറല്ലെന്ന ബ്രിട്ടന്റെ പ്രസ്താവനയാണ് ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. നിയമപ്രകാരമുള്ള പാസ്‌പോർട്ടും വിസയുമായാണ് മല്യ ബ്രിട്ടനിലെത്തിയതെന്നും അതുകൊണ്ട് നടപടിയെടുക്കുക പ്രയാസമാണെന്നുമാണ് ബ്രിട്ടന്റെ വാദം.

കുറ്റവാളികളെ കൈമാറാൻ കരാർ ഒപ്പുവച്ചിട്ടുള്ള രാഷ്ട്രങ്ങളാണ് ഇന്ത്യയും ബ്രിട്ടനും. എന്നാൽ, ഇപ്പോഴത്തെ നിലപാട് കരാറിന് തീർത്തും വിരുദ്ധമാണ്. വിസ കാലാവധി തീരുന്നതുവരെ മല്യക്ക് ബ്രിട്ടനിൽ തുടരാൻ ഇപ്പോഴത്തെ നിലയ്ക്ക് സാധിക്കും. അല്ലെങ്കിൽ ഇന്ത്യൻ ജുഡീഷ്യറിയെ മാനിച്ച് ബ്രിട്ടൻ മനസ്സുമാറ്റണം. അതിനുള്ള സാധ്യത ഇപ്പോഴില്ല താനും.

കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ 1993-ലാണ് ഇന്ത്യയും ബ്രിട്ടനും ഒപ്പുവച്ചത്. എന്നാൽ, ഇതുവരെയും ഈ കരാർ മാനിക്കാൻ ബ്രിട്ടൻ തയ്യാറായിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യ ആവശ്യപ്പെട്ട ഒരു കുറ്റവാളിയെപ്പോലും ബ്രിട്ടൻ ഇതുവരെ നാടുകടത്തിയിട്ടില്ല. ഇന്ത്യയിൽ വധശിക്ഷ നിലനിൽക്കുന്നുവെന്നതും യൂറോപ്യൻ യൂണിയന്റെ മനുഷ്യാവകാശ വ്യവസ്ഥകൾ അതിനെതിരാണെന്നതും കരാറിന് വിരുദ്ധമായി പ്രവർത്തിക്കാൻ ബ്രിട്ടന് തുണയാകുന്നുണ്ട്.

ഇന്ത്യൻ കോടതികളിൽ കേസ് നിലനിൽക്കുന്ന 131 കുറ്റവാളികൾ ഇപ്പോഴും ബ്രിട്ടനിൽ സസുഖം വാഴുകയാണ്. ഇവരെ നാടുകടത്തണമെന്ന ഇന്ത്യയുടെ ആവശ്യം ഓരോ ഘട്ടത്തിലും ബ്രിട്ടൻ നിരസിക്കുകയും ചെയ്യുന്നു. ഫെബ്രുവരിയിൽ ബ്രിട്ടീഷ് ഇമിഗ്രേഷൻ മന്ത്രി ജയിംസ് ബ്രോക്കൻഷയറുമായി ഇക്കാര്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ചർച്ച ചെയ്‌തെങ്കിലും ഫലമുണ്ടായിട്ടില്ല.

മതിയായ തെളിവുകളില്ലെന്നും വേണ്ടത്ര രേഖകൾ ഹാജരാക്കിയിട്ടില്ലെന്നുമുള്ള ന്യായം നിരത്തിയാണ് ഇന്ത്യയുടെ നാടുകടത്തൽ അഭ്യർത്ഥനകളെ ബ്രിട്ടീഷ് കോടതികൾ നിരാകരിക്കുന്നത്. ഇന്ത്യയിൽ തന്റെ മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുമെന്നും പീഡനങ്ങൾക്ക് ഇരയാകുമെന്നുമുള്ള കുറ്റവാളികളുടെ അഭ്യർത്ഥനകളെ ഈ കോടതികൾ മുഖവിലയ്‌ക്കെടുക്കുകയും ചെയ്യുന്നു.

ബ്രിട്ടനിലെ മനുഷ്യാവകാശ നിയമങ്ങളുടെ പിൻബലത്തിലാണ് കുറ്റവാളികൾ അവിടെ താമസിക്കുന്നത്. ഇന്ത്യയിലേക്ക് നാടുകടത്തുന്നത് കുടുംബത്തോടൊപ്പം ജീവിക്കുകയെന്ന തന്റെ അവകാശം ഇല്ലാതാക്കലാകുമെന്ന അഭ്യർത്ഥന കോടതികൾ സ്വീകരിക്കാറാണ് പതിവ്. കുടുംബത്തോടൊപ്പം ജീവിക്കുകയെന്ന അവകാശം മനുഷ്യാവകാശത്തെ സംബന്ധിച്ച യൂറോപ്യൻ കൺവെൻഷനിൽ ഉറപ്പുനൽകിയിട്ടുള്ളതാണ്.

നാവിക രഹസ്യങ്ങൾ ചോർത്തിയ കേസിൽ ഇന്ത്യയിൽ വിചാരണ നേരിടുന്ന രവിശങ്കരൻ, ഗുജറാത്തിൽ 1993-ലുണ്ടായ രണ്ട് ബോംബ് സ്‌ഫോടനങ്ങളിലെ പ്രതി ടൈഗർ ഹനീഫ്, ഗുൽഷൻ കുമാർ വധക്കേസ്സിൽ പ്രതിയാവുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത സംഗീത സംവിധായകൻ നദീം സെയ്ഫി, സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയ മുൻ ഐ.പി.എൽ കമ്മീഷണർ ലളിത് മോദി എന്നിവരുടെ കാര്യത്തിലൊക്കെ ഇന്ത്യയ്ക്ക് നിരാശരാകേണ്ടിവന്നിട്ടുണ്ട്.

മല്യയുടെ കാര്യത്തിലും സമാനമായ അനുഭവമാകും ഇന്ത്യയെ കാത്തിരിക്കുന്നത്. മല്യയെ ഇന്ത്യയിൽ കൊണ്ടുവരുന്നതിനുള്ള ഏറ്റവും അനായാസമായ മാർഗമെന്ന നിലയ്ക്കാണ് നാടുകടത്തലിന് ഇന്ത്യ ആവശ്യപ്പെട്ടത്. പാസ്‌പോർട്ട് റദ്ദാക്കിയതോടെ മല്യയ്ക്ക് ബ്രിട്ടീഷ് പൗരത്വം നേടാനുമാവില്ല. എന്നാൽ, ബ്രിട്ടനിലെത്തുമ്പോൾ പാസ്‌പോർട്ടും വിസയുമുണ്ടായിരുന്നു എന്ന ന്യായം നിരത്തി വീണ്ടുമൊരു കുറ്റവാളിക്കുകൂടി അഭയം നൽകാനാണ് ബ്രിട്ടൻ തീരുമാനിച്ചത്.