ആലപ്പുഴ: കർഷകരുടെ പേരിൽ വായ്പ തരപ്പെടുത്തുന്ന വൻ തട്ടിപ്പ് പുറത്ത്്. കർഷകരുടെ കള്ള ഒപ്പിട്ടാണ് കോടികൾ തട്ടിയത്. ലക്ഷങ്ങളുടെ ജപ്തി നോട്ടീസ് കൈയിൽ കിട്ടുമ്പോഴാണ് തട്ടിപ്പിനെ കുറിച്ച് കർഷകർ അറിയുന്നത്. ചെറുകർഷകസംഘങ്ങൾ രൂപീകരിച്ചായിരുന്നു തട്ടിപ്പ്. കുട്ടനാട് വികസന സമിതിയുടെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന സംഘങ്ങൾക്ക് ഫാ.തോമസ് പീലിയാനിക്കലിന്റെ ശുപാർശയോടെയാണ് വായ്പ നൽകിയത്. അതുകൊണ്ട് തന്നെ ഫാ.തോമസ് പീലിയാനിക്കലിനും ക്രമക്കേടിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകാനാവില്ല.ഏഷ്യാനെറ്റ് ന്യൂസാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

കാവാലം സ്വദേശിയായ ഷാജിക്ക് ആറ് ലക്ഷത്തിലേറെ രൂപയുടെ ജപ്തി നോട്ടീസ് കയ്യിൽ വരുമ്പോഴാണ് വായ്പാ തട്ടിപ്പ് മനസ്സിലാകുന്നത്.. 2014 നവംബർ മാസം ഏഴിന ഷാജിയുടെ കള്ള ഒപ്പിട്ട് 83000 രൂപ ആരോ വായ്പയെടുത്തിരിക്കുന്നു. ഷാജിയെ പോലെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. എൻസിപി ശശീന്ദ്രൻ വിഭാഗം നേതാവും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വ. റോജോ ജോസഫാണ് കർഷകമിത്ര നെൽക്കർഷക ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പിന്റെ പേരിൽ വായ്പ എടുത്തുകൊടുത്തത്.ഈ ഗ്രൂപ്പിൽ, ആറുപേരാണുള്ളത്. വായ്പ എടുത്തത് അഞ്ച് ലക്ഷം രൂപ. ഇതിലെ അംഗമായ ഷാജിക്കോ ജോസഫ് ആന്റണിക്കോ വാസുദേവനോ ഒന്നും ഒരു രൂപ വായ്പാ തുകയിൽ നിന്ന് കിട്ടിയില്ല. ഫാ.തോമസ് പീലിയാനിക്കലിന്റെ തലയിൽ കുറ്റം കെട്ടി വയ്ക്കാനാണ് റോജോ ജോസഫിന്റെ ശ്രമം എന്നാൽ, ഫാ.തോമസ് പീലിയാനിക്കൽ റോജോയെ പഴി ചാരുന്നു.

ആകെ 186 ഗ്രൂപ്പുകൾക്ക് ഫാ. പീലിയാനിക്കൽ ശുപാർശ ചെയ്ത് കാർഷിക വായ്പ കൊടുത്തിട്ടുണ്ട്. ഇതിൽ 54 ഗ്രൂപ്പുകളിലെ 250 ലേറെ ആളുകൾക്കും ജപ്തി നോട്ടീസും കിട്ടി. ഇതിൽ വലിയൊരു വിഭാഗം ആളുകളുടെയും വായ്പ അവരറിയാതെ എടുത്തതാണ്. സംഘത്തിന്റെ സെക്രട്ടറിയും പ്രസിഡന്റും നേരിട്ട് പോയി ഒപ്പിട്ട് കൊടുത്താൽ മറ്റുള്ളവരുടെ പേരിലും വായ്പ കിട്ടുമെന്ന സൗകര്യത്തിലാണ് ഈ തട്ടിപ്പ് നടന്നത്.എന്നാൽ കുട്ടനാട് വികസന സമിതിയുടെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന സംഘങ്ങൾക്ക് ഫാദർ തോമസ് പീലിയാനിക്കലിന്റെ ശുപാർശയോടെയാണ് തങ്ങൾ വായ്പ കൊടുത്തതെന്നാണ് കനറാ ബാങ്കിന്റെ വിശദീകരണം. സംഭവം ഗൗരവമായാണ് എടുക്കുന്നതെന്നും വൻ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നു കൃഷിമന്ത്രി വി എസ്.സുനിൽ കുമാർ പ്രതികരിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.