തൃശൂർ: കാർഷിക സർവകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അഴിമതിക്കേസുകളിൽ ആരോപണവിധേയനായ വ്യക്തിയെ നാമനിർദ്ദേശം ചെയ്‌തെന്ന വിവാദം കൊഴുക്കുന്നു. അഴിമതിക്കേസുകൾ മാത്രമല്ല, സ്ത്രീപീഡനക്കേസുകളിലും ആരോപണവിധേയനായ ഡോ.കെ.അരവിന്ദാക്ഷനെയാണ് സിപിഐ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.

അതേസമയം, കാർഷിക കേരളത്തിന്റെ അഭിമാനമായ ചെറുവയൽ രാമൻ, കർഷകശ്രീയായ കെ.കൃഷ്ണൻകുട്ടി എന്നിവരെ പൂർണമായും തള്ളിയാണ് ഈ നിയമനമെന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു.

കാർഷിക സർവ്വകലാശാലയിലെ ജനറൽ കൗൺസിലിൽ നിന്ന് കാർഷിക സർവ്വകലാശാലയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് നിലവിൽ ആറു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സിപിഐ.ക്കും സിപിഎമ്മിനും മൂന്ന് സീറ്റ് വതം. സർവകലാശാല രജിസ്ട്രാറും, തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറുമായ ഡോ.ലീനാ കുമാരിക്ക് മുമ്പാകെ പത്രിക സമർപ്പിക്കേണ്ട സമയം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കും.
16 നാണ് സൂക്ഷ്മ പരിശോധന.

ആരാണ് ചെറുവയൽ രാമൻ?.

കൃഷി പുണ്യമാണെന്നും വിത്തിന് വില പറയരുതെന്നും ലോക കാർഷിക സമൂഹത്തെ പഠിപ്പിച്ച കർഷകനാണ് ചെറുവയൽ രാമൻ്. നാൽപ്പത്തഞ്ച് ഇനം അത്യപൂർവ്വമായ നെൽ വിത്തുകൾ ഇപ്പോൾ ചെറുവയൽ രാമന്റെ പത്തായത്തിലുണ്ട്. അമേരിക്കൻ കുത്തക കമ്പനിയായ മോൺസാന്റോ കമ്പനിക്ക് 48 ഇനം തനതു നെൽവിത്തുകളുടെ ഭ്രൂണം രണ്ടു കോടിക്ക് വിറ്റുകാശാക്കിയ കാർഷിക സർവ്വകലാശാലക്ക് ഇതൊന്നും കാര്യമേയല്ല .

2016 ലെ ജീനോം സേവിയർ അവാർഡ് ജേതാവാണ് ചെറുവയൽ രാമൻ. നിരവധി മറ്റ് അവാർഡുകളും ലഭിച്ചിട്ടുണ്ട് ചെറുവയൽ രാമന്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി നിരവധി ഗവേഷകരാണ് ചെറുവയൽ രാമനെ പഠിക്കാൻ വരുന്നത്. മാനന്തവാടിയിലെ കമ്മനിയിൽ പുല്ലുമേഞ്ഞ കാർഷിക വിജ്ഞാനത്തിന്റെ പൈതൃക ഗവേഷണ ശാലയിലേക്ക് കൃഷിയെ നെഞ്ചിലേറ്റുന്ന ലോക കർഷക സമൂഹം ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്നു. നിഴലുകൾ എന്ന സിനിമയിൽ ചെറുവയൽ രാമനെ മനോജ് കെ. ജയൻ ദാരപ്പൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.

മറ്റു കാർഷിക പ്രതിഭകൾ

കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമായ, കർഷകശ്രീയും ചിറ്റൂർ എംഎൽഎയുമായ കെ. കൃഷ്ണൻകുട്ടിയെയും ഇടതുപക്ഷ പാർട്ടികൾ കണ്ട മട്ടില്ല. സംസ്ഥാനത്ത് ആദ്യമായി ഒരു പുതിയ കാർഷികനയം കൊണ്ടുവന്ന ആളാണ് ശ്രി. കെ. കൃഷ്ണൻകുട്ടി. സർക്കാർ ആ നയം അംഗീകരിച്ചിട്ടുമുണ്ട്.

ഇതുമായി ബന്ധപ്പെട്ട കമ്മീഷന്റെ ചെയർമാൻ കൂടിയായ കെ.കൃഷ്ണൻകുട്ടി ജനത ദൾ (എസ്) ഇടതുമുന്നണിയുടെ കാർഷിക മേഖലയിലെ ഒഴിച്ചുനിർത്താനാവാത്ത സഹയാത്രികനാണ്.ഈ അപൂർവ്വ കാർഷിക പ്രതിഭകളെ മുഴുവൻ പുറം തള്ളിയാണ് സിപിഐ.അഴിമതി ആരോപണവിധേയനെ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.

.ആരാണ് ഡോ.കെ.അരവിന്ദാക്ഷൻ?

ഡോ. അരവിന്ദാക്ഷൻ നിരവധി അഴിമതി കേസുകളിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന ആളാണ്. കാർഷിക സർവ്വകലാശാലയുടെ റബ്ബർ എസ്റ്റേറ്റ് ഓഫീസർ പദവി വഹിച്ചിരുന്ന കാലത്ത് ഒരു കോടി മുപ്പത്തേഴു ലക്ഷം രൂപയുടെ നഷ്ടം വരുത്തിവച്ച ഉദ്യോഗസ്ഥനാണ് ഡോ. അരവിന്ദാക്ഷൻ. നഷ്ടത്തിന്റെ നേർകാഴ്ചയായി കാർഷിക സർവ്വകലാശാലയിൽ ഇന്നും നശിച്ചുപോകുന്ന റബ്ബർ തോട്ടവും റബ്ബർ ഫാക്ടറിയും കൃഷ്ിമന്ത്രിക്കും പാർട്ടിക്കും പൊതുജനങ്ങൾക്കും കാണാവുന്നതാണ്. ഓഡിറ്റർ ജനറൽ കണ്ടെത്തിയ ഭീമൻ നഷ്ടത്തിന്റെ തുകയായ ഒരു കോടി മുപ്പത്തേഴു ലക്ഷം ഡോ. അരവിന്ദാക്ഷനിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇതുകൂടാതെ, സർവ്വകലാശാലയുടെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം മേധാവിയായിരുന്ന കാലത്തെ അഴിമതികളും ഓഡിറ്റർ ജനറൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർവ്വകലാശാലയിലെ തന്നെ ഒരു ജീവനക്കാരന്റെ സഹധർമ്മിണിക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് അവരെ മറ്റൊരു ഉദ്യോഗസ്ഥനെ സ്ത്രീ പീഡനക്കേസ്സിൽ കുരുക്കാൻ ശ്രമിച്ചതിന്റെയും ഫയലുകളും ശബ്ദരേഖകളും ഇപ്പോഴത്തെ സർവ്വകലാശാല രജിസ്റ്റ്രാർ ഡോ. ലീനാകുമാരിയുടെ പക്കലുണ്ട്. ഈ കേസ്സിൽ ഇപ്പോഴും അന്വേഷണം തുടർന്നുവരികയാണ്. ഈ ഫയലുകളൊക്കെ തന്നെ കൃഷിമന്ത്രി വി എസ്. സുനിൽകുമാറിന്റെ പക്കലുമുണ്ട്. കൃഷിമന്ത്രി ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്. സർവ്വകലാശാലയുടെ ചാൻസലറും ഗവർണറും മുഖ്യമന്ത്രിയും ഈ ഫയലിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ഫയലുകളൊക്കെ തന്നെ സർവ്വകലാശാല രജിസ്റ്റ്രാർ ഡോ. ലീനാകുമാരി പൂഴ്‌ത്തിവച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ കാർഷിക സർവ്വകലാശാലയുടെ എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്ക് സർവ്വകലാശാലയുടെ തന്നെ പ്രൊ ചാൻസലറായ കൃഷിമന്ത്രിയുടെ പാർട്ടി നാമനിർദ്ദേശം ചെയ്തതിൽ ദുരൂഹതയുണ്ട്.

ഡോ. കെ. അരവിന്ദാക്ഷനു പുറമേ ശ്രി. ജി.എസ്. ജയലാൽ, ചാത്തന്നൂർ എംഎ‍ൽഎ., കർഷക പ്രതിനിധിയായി ശ്രീമതി. അനിത രാഘവൻ എന്നിവരെയാണ് സിപിഐ. നാമനിർദ്ദേശം നടത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ പാർട്ടി തലത്തിൽ അന്തിമ തീരുമാനമെടുത്തത് സിപിഐ.യുടെ സർവ്വകലാശാല കാര്യ ചുമതലയുള്ള കെ.പി. രാജേന്ദ്രനാണെന്നും ആരോപണമുയർന്നിട്ടുണ്ട്.കാർഷിക സർവ്വകലാശാലയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് രംഗപ്രവേശം നടത്താൻ ലക്ഷങ്ങളുടെ കൈക്കൂലിയാണ് സിപിഐ.-സിപിഎം. ആസ്ഥാനത്ത് ഒഴുകുന്നതെന്നും ആരോപണമുണ്ട്. നേരത്തെ ഗൗരവതരമായ ആരോപണങ്ങളൊക്കെ നിലനിൽക്കുമ്പോഴും 25 ലക്ഷം കൈക്കൂലി കൊടുത്താണ് ഒരു പ്രോഫസ്സർ കേവലം ഒരു മാസത്തേക്ക് കാർഷിക സർവ്വകലാശാല രജിസ്റ്റ്രാർ പദവി തട്ടിയെടുത്തതെന്നും ആരോപണമുണ്ടായിരുന്നു.

കോങ്ങാട് എംഎ‍ൽഎ. കെ.വി. വിജയദാസ്, എംഎ‍ൽഎ., ഡോ. എ. അനിൽകുമാർ, ഡോ. ടി. പ്രദീപ്കുമാർ എന്നിവരാണ് സി.പി. എം. നാമനിർദ്ദേശം നടത്തിയ വ്യക്തികൾ. കോൺഗ്രസ്സിൽ നിന്ന് ഇതുവരെ നാമനിർദ്ദേശങ്ങൾ ഒന്നുംതന്നെ വന്നിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ജനറൽ കൗൺസിലിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും.