തൃശൂർ: ഒടുവിൽ കേരള കാർഷിക സർവകലാശാലയുടെ ചാലക്കുടി അഗ്രോണമിക് റിസർച് സ്‌റ്റേഷൻ മേധാവി ഡോ. ഇ. ശ്രീനിവാസനെ സർവകലാശാല അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ബസ് യാത്രക്കിടെ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതിന് കഴിഞ്ഞ ബുധനാഴ്ച ചാലക്കുടി പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്‌തെങ്കിലും ഇടതുപക്ഷ സംഘടനാ നേതാവായിരുന്ന ശ്രീനിവാസനെ രക്ഷിക്കാനായിരുന്നു നീക്കം. അതുകൊണ്ട് തന്നെ സസെപ്ന്റ് ചെയ്തതുമില്ല. ഇക്കാര്യം മറുനാടൻ വാർത്തയാക്കുകയും ഏറെ ചർച്ചയാവുകയും ചെയ്തു. ഇതോടെയാണ് നടപടി.

48 മണിക്കൂറിലധികം പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണമെന്ന സർവിസ് ചട്ടങ്ങളിലെ വ്യവസ്ഥ കാറ്റിൽ പറത്തിയെന്നായിരുന്നു ഉയർന്ന ആരോപണം. ഇതോടെ സർവകലാശാല തിങ്കളാഴ്ചയാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. എ.പി.സി 354, പോക്‌സോ നിയമം എട്ട്, ഒമ്പത് വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തപ്പെട്ട ഡോ. ശ്രീനിവാസൻ റിമാൻഡ് തടവുകാരനായി വിയ്യൂർ ജയിലിലാണ്. അടുത്തമാസം അഞ്ച് വരെയാണ് റിമാൻഡ്. ജയിലിൽ അടച്ച അന്ന് തന്നെ ഇത്തരം കേസുകളിൽ സസ്‌പെൻഷൻ നടത്താറുണ്ട്. പ്രത്യേകിച്ച് പോക്‌സോ ചുമത്തപ്പെട്ട കേസിൽ.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് സസ്‌പെൻഷൻ. ചാലക്കുടി എ.ആർ.എസിന്റെ ചുമതല ഡോ. ഇ.കെ. കുര്യന് നൽകി. സർവകലാശാല എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായാണ് സസ്‌പെൻഷൻ. കേസ് സംബന്ധിച്ച വിവരങ്ങളൊന്നും സസ്‌പെൻഷൻ ഉത്തരവിലില്ല. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും അത് ഗൗരവമുള്ളതാണെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വകുപ്പുതല അന്വേഷണം നടത്തുന്നതിനെക്കുറിച്ചും പറയുന്നില്ല. സസ്‌പെൻഷൻ കാലയളവിലെ സർവിസ് യഥാസമയം ക്രമീകരിച്ച് നൽകുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. അങ്ങനെ സസ്‌പെൻഷൻ ഉത്തരവിലും ശ്രീനിവാസനെ കുറിച്ചാണ് ചിന്ത മുഴുവൻ.

സർവകലാശാലയുടെ സ്റ്റാട്യൂട് എസ് ആർ ഓ നമ്പർ 293/72 പാർട്ട് നാല് വകുപ്പ് 19 പ്രകാരം ക്രിമിനൽ കുറ്റത്തിന് 48 മണിക്കൂറിൽ അധികം യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ കഴിഞ്ഞാൽ അയാളെ സസ്‌പെൻഡ് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. പത്രവാർത്ത വന്നിട്ടും ഇതേക്കുറിച്ചു അന്വേഷിക്കാനോ റിപ്പോർട്ട് നൽകാനോ ഗവേഷണ വിഭാഗം മേധാവി തയ്യാറായിരുന്നില്ല. ശ്രീനിവാസൻ ഓടിക്കൊണ്ടിരുന്ന ബസിൽ ലിംഗം പുറത്തെടുത്തു പെൺകുട്ടിയുടെ പുറകിൽ ഉരച്ചു എന്നാണ് എഫ് ഐ ആർ ൽ പറഞ്ഞിരിക്കുന്നത്. ഇത് മനസ്സിലാക്കിയതോടെയാണ് നടപടി വന്നത്. വെള്ളാനിക്കര ഹോർട്ടികൾചർ കോളേജിലെ കമ്പ്യൂട്ടർ ലാബിൽ താൽകാലിക ജോലിയിലുണ്ടായിരുന്ന ക്ലാസ് 4 ജീവനക്കാരിയെ സമാന രീതിയിൽ പീഡിപ്പിച്ചതിന് 2011 ഫെബ്രുവരി 21ന് ശ്രീനിവാസനെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്നും സർവകലാശാലയിലെ ഉദ്യോഗസ്ഥ പ്രമുഖരുടെ സഹായത്തോടെ 6മാസം തികയുന്നതിനു മുൻപ് 2011 ജൂലൈ 4 നു ശ്രീനിവാസൻ തിരികെ ജോലിയിൽ കയറി . ശ്രീനിവാസനെ രക്ഷിക്കാൻ 3 അന്വേഷണങ്ങൾക്കു യൂണിവേഴ്സിറ്റി ഉത്തരവിട്ടതോടെ പരാതിക്കാരിയായ യുവതി മനം മടുത്തു പരാതി പിൻവലിക്കുകയായിരുന്നു

ഇത് ചൂണ്ടിക്കാട്ടി ശ്രീനിവാസൻ ഹൈ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സംഘടിപ്പിക്കുകയായിരുന്നു .യൂണിവേഴ്‌സിറ്റി നടത്തിയ ആദ്യ അന്വേഷണത്തിൽ യുവതി മൊഴി ശ്രീനിവാസനെതിരെ മൊഴി നൽകിയിരുന്നു .അതിൽ നടപടിയെടുക്കാതെ വീണ്ടും വീണ്ടും അന്വേഷണം നടത്തുകയായിരുന്നു യൂണിവേഴ്സിറ്റി .ഇത്ര വലിയ കുറ്റം ചെയ്തിട്ടും അന്ന് പൊലീസിൽ പരാതി കൈമാറാൻ സർവ്വകലാശാല തയ്യാറായില്ല . ശ്രീനിവാസന്റെ എല്ലാ പൂർവ ചരിത്രവും അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ സർക്കാരിന്റെ കാലത്തു 2016 ഡിസംബറിൽ രാഷ്ട്രീയ നിർദ്ദേശത്തെ തുടർന്ന് ശ്രീനിവാസനെ പ്രമുഖ ഗവേഷണ കേന്ദ്രമായ ചാലക്കുടി അഗ്രോണോമിക് റിസർച്ച് സ്റ്റേഷന്റെ മേധാവിയായി സർവകലാശാല നിയമിച്ചത് . എടിഐ ഒന്നാം വർഷ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ ഇപ്പോൾ അറസ്റ്റു ചെയ്തത്.

കോളേജിൽ നിന്ന് തിരികെ പോവുകയായിരുന്നു പരാതിക്കാരിയായ വിദ്യാർത്ഥിനിയും സുഹൃത്തുക്കളും. മറ്റൊരു സ്റ്റോപ്പിൽ നിന്നും കയറിയ അദ്ധ്യാപകനായ ശ്രീനിവാസൻ കയറിയപ്പോൾ മുതൽ തന്നെ കുട്ടിയെ ശല്യപ്പെടുത്താൻ ആരംഭിക്കുകയായിരുന്നു. സീറ്റ് കിട്ടാതെ ബസിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിയുടെ പുറകിലായി നിന്ന വൃത്തികെട്ട രീതിയിലാണ് ഇയാൾ പെരുമാറിയത്. ജനനേന്ദ്രിയം പുറത്തെടുത്ത് വിദ്യാർത്ഥിനിയുടെ ശരീരത്തിൽ ഉരസുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിനി പൊലീസിൽ നൽകിയ പരാതി. ഇത് ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥിനി അദ്ധ്യാപകന് നേരെ കയർത്തു. കാര്യം മറ്റ് സുഹൃത്തുക്കളോട് പറയുകയും ചെയ്തതോടെ ബസിലിരുന്നവർ ചേർന്ന് അദ്ധ്യാപകനെ കൈയോടെ പിടിക്കുകയായിരുന്നു.

ഓടി രക്ഷപെടാൻ ശ്രമിച്ച അദ്ധ്യാപകനെ ബസിൽ ഉണ്ടായിരുന്നവർ ചേർന്ന് പിടിച്ച് നിർത്തി ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി. വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുകയും ചെയ്തു. കുട്ടിക്ക് 16 വയസ് തികഞ്ഞിരുന്നില്ല. പോസ്‌കോ വകുപ്പ് ചുമത്തി അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ശ്രീനിവാസൻ ഇടത് അദ്ധ്യാപക സംഘടനയിലെ പ്രധാന പ്രവർത്തകൻ ആണ്.