ഡൽഹി; അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാട് അഴിമതിക്കേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ചോദ്യം ചെയ്യലിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരും പറഞ്ഞതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് (ഇഡി). ഇക്കാര്യം ഡൽഹി സിബിഐ കോടതിയെ അറിയിച്ചു. മിഷേലിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നൽകിയ റിപ്പോർട്ടിലാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ.

മിസ്സിസ്സ് ഗാന്ധി എന്ന പരാമർശം നടത്തിയതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ സോണിയയുടെ പേര് പറഞ്ഞ സാഹചര്യത്തിലാണ് പരാമർശിക്കപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആകാൻ പോകുന്നയാളും ഇറ്റാലിയൻ വനിതയുടെ മകനുമായ ഒരാളും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മിഷേൽ പറഞ്ഞതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഏത് സാഹചര്യത്തിലാണ് ഈ പരാമർശങ്ങളെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അന്വേഷണ ഏജൻസി, പട്യാല കോടതിയെ അറിയിച്ചിരുന്നു.

ഇടപാടിൽ സോണിയ ഗാന്ധിയുടെ പങ്ക് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് എന്ത് ഉത്തരം നൽകണമെന്ന് ക്രിസ്റ്റ്യൻ മിഷേൽ രഹസ്യമായി അഭിഭാഷകരോട് ആരാഞ്ഞതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ടിൽ പറയുന്നു. മിഷേലിനെ ഉത്തരങ്ങൾ പറഞ്ഞ് പഠിപ്പിക്കാൻ വേണ്ടിയാണ് ചോദ്യങ്ങൾ കൈമാറിയതെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നു എന്നതിന് തെളിവെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

ഹസ്തദാനം ചെയ്യുമ്പോൾ ക്രിസ്റ്റ്യൻ മിഷേൽ അഭിഭാഷകൻ അൽജോ ജോസഫിന് പേപ്പർ ചുരുട്ടി നൽകുകയായിരുന്നു. അഭിഭാഷകൻ ഇത് കോട്ടിനുള്ളിൽ ഒളിപ്പിച്ചു. എന്നാൽ ഇത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ രമൺജിത് കൗർ കയ്യോടെ പിടികൂടുകയും പേപ്പർ തിരികെ വാങ്ങുകയും ആയിരുന്നു.

അതേസമയം, മിഷേലിന്റെ കസ്റ്റഡി കാലാവധി ഏഴു ദിവസത്തേക്ക് കൂടി കോടതി നീട്ടിയിട്ടുണ്ട്. അഭിഭാഷകനെ കാണുന്നതിൽനിന്ന് മിഷേലിനെ വിലക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. എന്നാൽ അഭിഭാഷകനെ കാണാനുള്ള സമയം കോടതി വെട്ടികുറച്ചു. ദിവസവും രാവിലെയും വൈകുന്നേരവും 15 മിനിറ്റ് മാത്രമായിരിക്കും മിഷേലിന് അഭിഭാഷകകനെ കാണാൻ സാധിക്കുക. നേരത്തെ ഇത് ഒരു മണിക്കൂർ ആയിരുന്നു.

ആറ് വർഷമായി അന്വേഷണം നടക്കുന്ന അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടിൽ ഇതാദ്യമായണ് ഒരു അന്വേഷണ ഏജൻസി, ഔദ്യോഗികമായി സോണിയാ ഗാന്ധിയുടെ പേര് പറയുന്നത്. മിഷേലിന്റെ സ്വകാര്യ ഡയറിയിൽ കോഴ കൈപ്പറ്റിയവരുടെ പേരുകൾ കയ്യക്ഷരത്തിൽ എഴുതിയിട്ടുണ്ട്. ഫാമിലി,എ പി എന്നിങ്ങനെയും പേരുകളുണ്ട്. ഫാമിലി എന്നത് ഇത് സോണിയ ഗാന്ധിയുടെ കുടുംബം ആണെന്നും എ പി എന്നത് രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്റെ പേരാണെന്നുമാണ് ആരോപണം.

രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് 3600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വി.വി.ഐ.പി. ഹെലികോപ്റ്റർ ഇടപാടിൽ ഇന്ത്യയിലെ അധികാരികൾക്ക് വലിയ കൈക്കൂലി ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഖജനാവിന് 2666 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സിബിഐ. വാദം. മിഷേലിന് 225 കോടി ലഭിച്ചുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിരുന്നു.

അഴിമതി...!

ആഗ്ലോ-ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡിൽനിന്നും 3760 കോടിരൂപയ്ക്ക് 12 അത്യാധുനിക വിവിഐപി ഹെലികോപ്റ്ററുകൾ വാങ്ങിയതിൽ അഴിമതി നടന്നുവെന്നും, 2,666 കോടി രൂപയുടെ നഷ്ടമുണ്ടായെന്നെുമാണ് കേസ്. വ്യോമസേന മുൻ മേധാവി എസ്‌പി ത്യാഗി ഇടപാടിൽ കൈക്കൂലി വാങ്ങിയെന്നു ആരോപണമുയർന്നതിനെ തുടർന്ന് ത്യാഗിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.കരാർ ലഭിക്കാൻ ഇന്ത്യൻ അധികൃതർക്ക് 375 കോടി രൂപ കൈക്കുലി നൽകിയെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്നു ഇറ്റാലിയൻ കോടതി വിമാനകമ്പനിയായ ഫിന്മെക്കകാനിയയുടെ മുൻ പ്രസിഡന്റ് അഗിസപ്പെ ഒർസി, കമ്പനിയുടെ ഉപസ്ഥാപനമായ അഗസ്റ്റ് വെസ്റ്റ്ലാൻഡ് മുൻ സിഇഒ ബ്രൂണോ സ്പാഗ്നോലിനി എന്നിവരെ 2014 ൽ നാലുവർഷത്തെ തടവിനു ശിക്ഷിക്കുകയും പിന്നീട് ഇവരെ കോടതി വിട്ടയക്കുകയുമായിരുന്നു.

അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ ഇടപാട് കേസിൽ ഉൽപ്പെട്ടുവെന്നു കരുതുന്ന ബ്രിട്ടീഷ് ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മൈക്കലിനെ ഇന്ത്യയിലേക്കു നാടുകടത്താൻ ദുബായ് കോടതിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഗസ്റ്റ വെസ്റ്റ്ലാൻഡ് മാതൃകമ്പനിയായ ഫിന്മെക്കാനിക്ക എന്നിവർക്കുവേണ്ടി ഇടനിലക്കാരായി പ്രവർത്തിച്ചു എന്നാണിയാൾക്കെതിരെയുള്ള ആരോപണം.ഹെലികോപ്റ്റർ ഇടപാടിനായി ഇന്ത്യയിൽ ഒരു പ്രമുഖ രാഷ്ടിയ കുടുംബത്തിനു 115 കോടി രൂപ നൽകിയെന്നുള്ള ഇയാളുടെ കുറിപ്പുകൾ ഇറ്റാലിയൻ പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഇത് സിബിഐക്ക് കൈമാറിമാറിയിരുന്നു. ക്രിസ്റ്റ്യൻ മൈക്കലിനെ ഇന്ത്യയിലെത്തിച്ചു ചോദ്യം ചെയ്താൽ കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണ ഏജൻസികൾ.