നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ അഭിനയിക്കുന്നതിനായി ആദ്യം അഹാന വിസമത്തിച്ചിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. നിവിൻ പോളിയുടെ സഹോദരിയുടെ വേഷമായിരുന്നു ആദ്യം തന്നെ തേടിയെത്തിയത്. ആദ്യം താൽപര്യമില്ലെന്ന് അറിയിച്ചിരുന്നുവെന്നും അഹാന പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കഥ പൂർണ്ണമായി കേട്ടപ്പോഴാണ് ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചത്. കഥ ഇഷ്ടപ്പെട്ടതു കൊണ്ടാണ് അഭിനയിക്കാൻ തീരുമാനിച്ചതെന്നും അഹാന പറയുന്നു.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണകുമാർ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ആദ്യ ചിത്രത്തിന് ശേഷം നീണ്ട ഇടവേള എടുത്തുവെങ്കിലും മികച്ച ചിത്രവുമായാണ് താരം വീണ്ടും എത്തിയിട്ടുള്ളത്. നിവിൻ പോളിക്കൊപ്പം അഭിനയിച്ച ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയാണ് അഹാനയുടെതായി പുറത്തിറങ്ങാനുള്ള ചിത്രം.

നിവിൻ പോളി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. അഹാനയുടെ സിനിമാജീവിതത്തിലെ രണ്ടാമത്തെ ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സെപ്റ്റംബർ ഒന്നിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. വളരെ സിമ്പിളാണ് നിവിൻ പോളി. സെറ്റിൽ നല്ല ജോളിയായിരുന്നു. വലിയ താരമാണെന്ന ജാഡയൊന്നും ഇല്ലാത്ത നടനാണ്. നിവിനൊപ്പം ജോലി ചെയ്യാൻ രസമാണെന്നും അഹാന പറയുന്നു.

തമിഴ് സിനിമയിൽ അഭിനയിക്കാനാണ് അഹാനക്ക് കൂടുതൽ താൽപര്യം. മികച്ച അവസരങ്ങൾ ലഭിച്ചാൽ തമിഴിൽ പ്രവേശിക്കും. അവസരം ലഭിക്കുകയാണെങ്കിൽ അജിത്, സൂര്യ, വിജയ് എന്നിവർക്കൊപ്പം അഭിനയിക്കാനാണ് തനിക്ക് താൽപര്യമെന്നും അഹാന കൃഷ്ണകുമാർ പറയുന്നു.

മലയാള സിനിമ സീരിയൽ രംഗത്തെ നിഖസാന്നിധ്യമായ നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അച്ഛൻ ഉപദേശങ്ങളൊന്നും നൽകാറില്ലെന്നും താരപുത്രി പറയുന്നു.