- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഡോക്ടർമാരെയും നഴ്സ്മാരെയും കണ്ടിട്ടുണ്ട്; ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഡ്യവുമായി അഹാന കൃഷ്ണകുമാർ; അഹാനയുടെ പ്രതികരണം കോവിഡിന്റെ പേരിൽ ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ വ്യാപകമാകുമ്പോൾ
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് രോഗികളെപ്പോലെത്തന്നെ കഷ്ടതയനുഭവിക്കുന്ന വിഭാഗമാണ് ആരോഗ്യപ്രവർത്തകരും. സമയക്രമമില്ലാത്ത ജോലിയും രോഗപ്പകർച്ച ഭീതിയുമൊക്കെയായി തികച്ചും വെല്ലുവിളി നിറഞ്ഞ ജീവിതമാണ് ഈക്കൂട്ടരും ഇപ്പോൾ നയിക്കുന്നത്. അതിനിടയിലാണ് ചെറുതോ ഒറ്റപ്പെട്ടതോ ആയ വീഴ്ച്ചകളുടെ പേരിൽ ആരോഗ്യ പ്രവർത്തകരെ ഒന്നടങ്കം പ്രതിസ്ഥാനത്ത് നിർത്തുന്ന പ്രവണത കൂടിവരുന്നത്. ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഡ്യവുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണകുമാർ.
ഈ സാഹചര്യത്തിൽ ലോകം മുഴുവൻ പ്രതീക്ഷ അർപ്പിക്കുന്നത് ആരോഗ്യ പ്രവർത്തകരിലാണാണെന്നും ഡോക്ടർമാരും മനുഷ്യരാണെന്നും അഹാന പറയുന്നു. അവർക്കെതിരെയുള്ള ആക്രമണങ്ങളെ എതിർക്കണമെന്നും അഹാന ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
ഞാൻ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഡോക്ടർമാരെയും നഴ്സ്മാരെയും കണ്ടിട്ടുണ്ട്. അവരാണ് ദൈവത്തോട് അടുത്ത് നിൽക്കുന്ന വ്യക്തികളായി ഞാൻ കണ്ടിട്ടുള്ളത്. രാജ്യത്തെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ നടക്കുന്നു എന്നത് വിശ്വസിക്കാനും സഹിക്കാനും കഴിയുന്നില്ല. കോവിഡ് എന്ന മഹാമാരിക്കെതിരെ രാപ്പകൽ ഇല്ലാതെ പൊരുതുന്നവരാണ് അവർ. സ്വന്തം ആരോഗ്യം നോക്കാതെ നല്ല നാളെക്കായി അവർ പരിശ്രമിക്കുന്നു.
ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഒരു പക്ഷേ നിങ്ങൾ താമസിക്കുന്ന ഇടത്തിൽ നിന്നും വളരെ ദൂരെയായിരിക്കാം നടന്നത്. എന്നാൽ ഇത്തരം ആക്രമണങ്ങൾ അവിടെ നടക്കാമെങ്കിൽ നിങ്ങളുടെ സ്ഥലത്തും നടക്കാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷേ അത് നിങ്ങളുടെ കുടുംബത്തിലെ ഒരു ഡോക്ടർക്കാവാം അല്ലെങ്കിൽ നിങ്ങൾക്ക് എതിരെ തന്നെ ആവാം. ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങൾ ഒരിക്കലും ഡോക്ടർമാർക്ക് എതിരെയല്ല. മറിച്ച് മനുഷ്യരാശിക്കെതിരെ തന്നെയാണ്. കാരണം ഡോക്ടർമാരില്ലാതെ മനുഷ്യരാശിയുണ്ടാവില്ല, നാളെയും ഉണ്ടാവില്ല.
ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കണം. കാരണം ആരോഗ്യ പ്രവർത്തകരെ അക്രമിക്കുന്നത് അത് എന്ത് കാര്യത്തിന്റെ പേരിലാണെങ്കിലും ശരിയല്ല. കാരണം നമുക്ക് ഡോക്ടർമാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടർമാരാണ് ലോകത്തിന്റെ മുഴുവൻ പ്രതീക്ഷ. അതിനാൽ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങളെ എതിർക്കൂവെന്നും താരം വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ