അടൂർ: വസ്തു തർക്കം സംഘർഷത്തിൽ കലാശിച്ചപ്പോൾ ഭാര്യാ സഹോദരന്റെ ടാപ്പിങ് കത്തി കൊണ്ടുള്ള കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മാരൂർ ചാങ്കൂർ തോട്ടപ്പാലം പാലത്തുംതലയ്ക്കൽ മഞ്ജുഭവനിൽ പിഎം ബാബു (അച്ചൻകുഞ്ഞ്-61) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ബാബുവിന്റെ ഭാര്യാ സഹോദരനും, അയൽവാസിയുമായ കെ ജെ വില്ലയിൽ ജയിംസ് (53) പൊലീസിൽ കീഴടങ്ങി. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

ഇത് സംബന്ധിച്ച് പൊലീസ് പറയുന്നത് : ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ ആറരയോടെ ബാബു വീടിന് കുറച്ച് അകലത്തായിട്ടുള്ള വയലിൽ കിളച്ചു കൊണ്ട് നിൽക്കുമ്പോൾ ജയിംസ് സമീപത്തെ തന്റെ പുരയിടത്തിൽ റബ്ബർ ടാപ്പിങ്ങനെത്തി. ബാബുവായി വസ്തു തർക്കം സംബന്ധിച്ച് പ്രകോപനമുണ്ടാകുന്ന തരത്തിൽ ജയിംസ് സംസാരിച്ചു.

 

വാക്കേറ്റം രൂക്ഷമായപ്പോൾ അപമാനിക്കപ്പെട്ടുവെന്ന് തോന്നിയ ബാബു കൈയിലിരുന്ന തൂമ്പാ കൊണ്ട് ജയിംസിനെ അടിച്ചു. തുടർന്ന് ഇരുവരും തമ്മിൽ മൽപ്പിടുത്തമായി. ഇതിനിടെ കൈയിലിരുന്ന ടാപ്പിങ് കത്തി കൊണ്ട് ജയിംസ് ബാബുവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഒറ്റ കുത്തിന് തന്നെ കത്തി നെഞ്ചിൽ ആഴ്ന്നിറങ്ങി. ഹൃദയത്തിന്റെ ഭാഗത്ത് വച്ച് കത്തി രണ്ടായി ഒടിഞ്ഞു തറച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ബാബു മരിച്ചുവെന്ന് ഉറപ്പായപ്പോൾ ജെയിംസ് തിരികെ വീട്ടിലെത്തി. അയൽവാസിയോട് ബാബുവിനെ കൊന്നുവെന്നും പറഞ്ഞു. വിവരം അറിഞ്ഞ് എത്തിയവർ രക്തത്തിൽ കുളിച്ചു കിടന്ന ബാബുവിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ ജയിംസിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇയാളുടെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഈ വിവരം അറിഞ്ഞ ജയിംസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ടുവർഷമായി ഇരുവരും തമ്മിൽ വസ്തുവിന്റെ അതിർത്തിയെ ചൊല്ലി നിരന്തരം തർക്കം നിലനിൽക്കുകയായിരുന്നു. ഇതിനിടയിലാണ് തർക്കം കത്തിക്കുത്തിൽ കലാശിച്ചത്. ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രയിലേക്ക് അയച്ചു. ഭാര്യ : പുഷ്പ്പമ്മ. മക്കൾ : അഞ്ജു, മഞ്ജു. മരുമക്കൾ : മോൻസി ജോർജ്ജ്, ചന്ദ്രരാജ്.