- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയ ഔഫിന്റെ മകന് ഉവൈസിനു കുഞ്ഞുടുപ്പുമായി മന്ത്രി അഹമ്മദ് ദേവർകോവിലെത്തി; കൊലയാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിച്ചു നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി
കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയ കാഞ്ഞങ്ങാട്ടെ ഔഫിന്റെ ഓർമ്മകളിൽ നാട് ഇന്നും തേങ്ങുകയാണ്. ആ ചോരയുടെ ഗന്ധം ഇന്നും ഇവിടെ തളംകെട്ടി നിൽക്കുകയാണ്. വീട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും കണ്ണീർ ഇന്നും ശമനമില്ല. കൊലപാതകത്തെ തുടർന്ന് മാനസികവിഭ്രാന്തിയിലയ ഔഫിന്റെ മാതാവ് മകന് വേണ്ടി ഇപ്പോഴും കാത്ത് നിൽക്കുകയാണ്. ഇതിനിടയിലാണ് ഔഫിന്റെ പ്രിയതമ ആയിഷ ഒരു കുഞ്ഞിന് ജന്മം നൽകിയത്.
ഔഫിന്റെ വലിയ സ്വപ്നവും പ്രതീക്ഷയും ഒക്കെ തന്നെ ആയിരുന്നു ആ കുഞ്ഞ്. പക്ഷെ ആ കുഞ്ഞിന്റെ പുഞ്ചിരി കാണാൻ ഔഫിന് ഭാഗ്യം ഉണ്ടായില്ല. അതിനു മുമ്പേ മുസ്ലിം ലീഗ് പ്രവർത്തകർ ഔഫിന്റെ ജീവൻ എടുത്തിരുന്നു. ഔഫ് അബ്ദുൽ റഹ്മാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നിർദ്ദേശ പ്രകാരം മകന് ഉവൈസ് എന്ന് പേരാണ് സ്വീകരിച്ചത്. ഉവൈസെന്ന കൂടിയെ കാണാൻ ഇന്നലെ പഴയ കടപ്പുറത്തെ വീട്ടിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. കേരള തുറമുഖം വകുപ്പ് മന്ത്രിയും, കാസർകോടിന്റെ ചുമതലയുള്ള മന്ത്രിയുമായ അഹമ്മദ് ദേവർകോവിലയിരുന്നു ആ വീട്ടിലേക്ക് കടന്നു വന്നത്. ഔഫിന്റെ കുഞ്ഞിനെ കാണാൻ കോഴിക്കോട് നിന്നും വന്ന ദേവർകോവിൽ കുഞ്ഞുടുപ്പ് സമ്മാനവുമായാണ് എത്തിയത്.
കോവിഡ് പ്രതിരോധ അവലോകത്തിന് ജില്ലയിൽ എത്തിയതായിരുന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ. കാസർകോടിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ സന്ദർശനമായിരുന്നു ഇന്നലെ. ജില്ലയിലെ ജനപ്രതിനിധികളോട് ചർച്ച നടത്തിയതിന് പിന്നാലെ വൈകുന്നേരത്തോടു കൂടി മന്ത്രി ഔഫിന്റെ വീട്ടിൽ എത്തിയത്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഔഫിന്റെ അടുത്ത ബന്ധുക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഔഫിന്റെ വീട്ടിലെത്തിയ മന്ത്രി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളെ സമാധാനിപ്പിക്കുകയും ചെയ്തു.
കുറ്റവാളികളുടെ ശിക്ഷ ഉറപ്പാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി ഉറപ്പ് കൊടുത്തു. ശേഷം ഔഫിന്റെ കുഞ്ഞിനെ കയ്യിലെടുത്തു സംസാരിക്കുമ്പോൾ വല്ലാതെ വികാരാധീനനായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാനാർത്ഥിയായി വാർഡിൽ നിന്നും വിജയിച്ച ഫൗസിയ ഷരീഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായതാണ് ലീഗ് പ്രവർത്തകർക്ക് പ്രകോപനമായതും അവസാനം കൊലപാതകത്തിൽ കലാശിച്ചതും.
ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ , സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, മുൻ നഗരസഭ ചെയർമാൻ വി വി രമേശൻ, ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, ജില്ല സെക്രട്ടറി റിയാസ് അമലടുക്കം, മണ്ഡലം സെക്രട്ടറി മുത്തലിബ് കൂളിയങ്കാൽ , സി എച്ച് ഹസൈനാർ, ഷഫീക് കൊവ്വൽപ്പള്ളി, എൻ വൈ എൽ ജില്ല സെക്രട്ടറി ഹനീഫ് പി എച്ച്, നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, കൗൺസിലർമാരായ ഫൗസിയ ശരീഫ്, നജ്മ റാഫി തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.