- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐടി കമ്പനിയിലെ പ്രണയത്തിൽ കല്യാണം; കുട്ടിക്ക് പാലു കൊടുത്താൽ സൗന്ദര്യം പോകുമെന്ന വാദത്തിൽ അകൽച്ച; കൈകാലുകൾ തല്ലിയൊടിക്കാൻ ഭാര്യ മുമ്പ് കൊടുത്തത് രണ്ടര ലക്ഷത്തിന്റെ ബംഗളൂരു ക്വട്ടേഷൻ; അഷ്ഫാഖിന്റെ കൊലപാതകി ഭാര്യയും കൂട്ടുകാരും; ബൈക്ക് റെയ്സിങ് താരത്തെ ഇല്ലാതാക്കിയത് കുടുംബ കലഹം
കണ്ണൂർ: അഷ്ഫാഖിന്റെ മരണത്തിന്റെ ചുരളഴിച്ചത് സഹോദരനും ഉമ്മയും നടത്തിയ നിയമപോരാട്ടം. മലയാളി ബൈക്ക് റെയ്സിങ് താരം ന്യൂമാഹി മങ്ങാടെ അഷ്ഫാഖ് മോനെ ആസൂത്രിതമായി രാജസ്ഥാനിൽ കൊലപ്പെടുത്തിയത് ഭാര്യയും സുഹൃത്തുക്കളും ചേർന്നാണെന്ന സംശയം തുടക്കത്തിലെ ബന്ധുക്കൾക്കുണ്ടായിരുന്നു.
ബംഗളൂരുവിൽ വ്യാപാരിയായ സഹോദരൻ ടി കെ അർഷാദും ഉമ്മ ടി.കെ സുബൈദയും മൂന്നുവർഷത്തിലേറെ നടത്തിയ നിയമപോരാട്ടമാണ് ഒടുവിൽ കൊലയാളികളെ കുടുക്കിയത്. കൊലപാതകം നടന്നദിവസം തൃശൂർ സ്വദേശി സാബിഖും പിടിയിലായ സഞ്ജയും നൽകിയ പരസ്്പര വിരുദ്ധമായ വിവരങ്ങളാണ് കുടുംബത്തിൽ സംശയം ജനിപ്പിച്ചത്. ഇതോടെ കേസിന് പിന്നാലെ അർഷാദും കൂടുകയായിരുന്നു.
രാജസ്ഥാനിലെ ജയ്സൽമീറിൽ 2018 ഓഗസ്റ്റ് 16നാണ് അഷ്ഫാഖ് മോൻ കൊല്ലപ്പെട്ടത്. ന്യൂമാഹിയിലെ കുടുംബത്തെ വിവരം അറിയിച്ചത് 48 മണിക്കൂർ കഴിഞ്ഞ്. രാജസ്ഥാനിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും പ്രതികൾ പലകാരണങ്ങൾ പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരണമെന്ന ബന്ധുക്കളുടെ ആവശ്യവും നിരാകരിക്കപ്പെട്ടു. കടുത്ത എതിർപ്പു വകവയ്ക്കാതെ മൃതദേഹം നാട്ടിലെത്തിക്കാതെ അവിടെ തന്നെ കബറടക്കാനും ഇവർ ഉത്സാഹം കാട്ടി.
ഇതിനു പുറമേ അന്വേഷണവുമായി സഹകരിക്കാതെ പരാതിയില്ലെന്ന് പറഞ്ഞ് ഭാര്യ ഒഴിഞ്ഞുമാറിയതോടെയാണ് ബന്ധുക്കളിൽ സംശയം കൂടുതൽ ബലപ്പെട്ടത്. പ്രണയവിവാഹമായിരുന്നു അഷ്ഫാഖിന്റെതെന്നു ബന്ധുക്കൾ പറഞ്ഞു. ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലിചെയ്യുന്ന കാലത്താണ് അഷ്ഫാഖ് ബംഗളൂരു ആർടി നഗറിലെ സുമേറ പർവേസിനെ പരിചയപ്പെട്ടത്. വിവാഹത്തിനു ശേഷം കുടുംബം ദുബായിലേക്ക് പോയി. അവിടെ ഇസ്ലാമിക് ബാങ്കിലായിരുന്നു അഷ്ഫാഖിന് ജോലി.
മകൾ ജനിച്ചശേഷം ദമ്പതികൾ തമ്മിൽ അകലാൻ തുടങ്ങിയെന്നാണ് ബന്ധുക്കൾ പറയുന്നത്. കുഞ്ഞിന് പാൽ കൊടുത്താൽ സൗന്ദര്യം നഷ്ടപ്പെടുമെന്നായിരുന്നു സുമേറയുടെ നിലപാട്. ബംഗളൂരുവിലെ വീട്ടിലെത്തിയപ്പോൾ തന്റെ കൈക്കാലുകൾ തല്ലിയൊടിക്കാൻ ഭാര്യ രണ്ടരലക്ഷം രൂപ ക്വട്ടേഷൻ നൽകിയത് അറിഞ്ഞ അഷ്ഫാഖ് ആകെ തകർന്നുപോയി.
അന്ന് ബന്ധം ഒഴിയാൻ ആലോചിച്ചെങ്കിലും മകൾ ഹൈറയെ (9) ഓർത്താണ് സഹിച്ചതെന്ന് സഹോദരൻ പറഞ്ഞു. ബൈക്ക് റൈസിങ് ടീമായ അങ്കട്ട റൈസിങ് ടീമിന്റെ നായകനായിരുന്നു അഷ്ഫാഖ്. മോട്ടോർ റാലിയുടെ വഴികൾ അറിയുന്ന മികച്ച റൈഡറായതു കൊണ്ടു തന്നെ ഈ മേഖലയിലെ താരം തന്നെയായിരുന്നു ഈ ന്യൂമാഹിക്കാരൻ.
മികച്ച റൈഡറായ അഷ്ഫാഖ് വഴിതെറ്റി രാജസ്ഥാൻ മരുഭൂമിയിൽ നിർജലീകരണം കാരണം മരിച്ചുവെന്നത് കുടുംബത്തിന് അവിശ്വസനീയമായിരുന്നു.ഒരുകാലത്ത് തലശേരിയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനായിരുന്നു അഷ്ഫാഖ്. അവിടെനിന്നാണ് ബൈക്ക് റെയ്സിങ്ങിലേക്കുള്ള തുടക്കം.വൈകിയെങ്കിലും തന്റെ മകന് ആത്മാവിന് നീതികിട്ടിയെന്ന് ഉമ്മ ടി.കെസുബൈദ പറഞ്ഞു.
മൂന്ന് വർഷം മുൻപാണ്
രാജസ്ഥാനിലെ ജയ്സൽമേറിൽ ന്യൂ മാഹി പെരിങ്ങാടി സ്വദേശിയായ മലയാളി ബൈക്ക് റേസിങ് താരം ദുരൂഹസാഹചര്യത്തിൽ മരിച്ചത് ദേശീയമാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. ബന്ധുക്കളുടെയും കേരളാ പൊലിസിന്റെയും നിരന്തര ഇടപെടലിനെ തുടർന്നാണ് ഏറ്റവും ഒടുവിൽ രാജസ്ഥാൻ പൊലീസിന്റെ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്.
കേസിൽ അസ്ബഖിന്റെ രണ്ട് സുഹൃത്തുക്കളെ ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഞ്ജയ്, വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്. അസ്ബഖിന്റെ ഭാര്യ സുമേറ പർവേസും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഇവർ പൊലിസിന് നൽകിയ മൊഴി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അഷ്ഫാഖിന്റെ പുറത്ത് മാരകമായ ക്ഷതമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.
മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് അന്നത്തെ തലശേരി എ.സി.പിയായിരുന്ന ചൈത്രാതെരസാ ജോൺ നടത്തിയ ഇടപെടലുകളും ജനപ്രതിനിധികളും നാട്ടുകാരും നൽകിയ നിവേദനവുമാണ് കേസിന്റെ പുനരന്വേഷണത്തിന്ഏറെ സഹായിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്