വാഷിങ്ടൺ: സ്വന്തമായി ഉണ്ടാക്കിയ ഡിജിറ്റൽ ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സുഡാൻ ബാലൻ അഹമ്മദ് മുഹമ്മദും കുടുംബവും അമേരിക്ക വിടുന്നു. പ്രസിഡന്റ് ബരാക്ക് ഒബാമയെ വൈറ്റ് ഹൗസിൽ കണ്ടതിന് ഏതാനും മണിക്കൂറുകൾക്കു ശേഷമാണ് അഹമ്മദും കുടുംബവും ഖത്തറിലേക്ക് ചേക്കേറുകയാണെന്ന പ്രഖ്യാപനം ഉണ്ടായത്.

ഖത്തർ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ, സയൻസ് ആൻഡ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് നൽകുന്ന സ്‌കോളർഷിപ്പ് സ്വീകരിച്ചാണ് അഹമ്മദ് ഖത്തറിലേക്ക് പോകുന്നത്. സെക്കൻഡറി, അണ്ടർഗ്രാജ്വേറ്റ് പഠനത്തിനു വേണ്ട മുഴുവൻ സഹായവും ഫൗണ്ടഷൻ ലഭ്യമാക്കുന്നതാണ്. അഹമ്മദിനുണ്ടായ നിർഭാഗ്യകരമായ സംഭവത്തിനു ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നു ലഭിച്ച പിന്തുണയും , സഹായ വാഗ്ദാനങ്ങളും തങ്ങൾ ഏറെ വിലമതിക്കുന്നുവെന്ന് അഹമ്മദിന്റെ കുടുംബം പത്രക്കുറിപ്പിൽ അറിയിച്ചു. ഖത്തർ ഫൗണ്ടേഷന്റെ 'യംഗം ഇന്നവേറ്റേഴ്‌സ്' എന്ന പ്രോഗ്രാമിൽ അഹമ്മദിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം മുഴുവൻ ഖത്തറിലേക്കു മാറുകയാണെന്നും പത്രക്കുറിപ്പിൽ പറഞ്ഞു. ദോഹ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും, അവിടെ നിരവധി മികവുറ്റ സ്‌കൂളുകളുണ്ടെന്നം, അവിടുത്തെ അദ്ധ്യാപകർ വളരെ പ്രഗൽഭരാണെന്നും, തനിക്ക് ഏറെ പഠിക്കാൻ കഴിയുമെന്നും അഹമ്മദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഡാളസ് ഇർവിങ് സ്‌കൂളിൽ ഒമ്പതാം ഗ്രേഡ് വിദ്യാർത്ഥിയായിരുന്ന അഹമ്മദ് മുഹമ്മദ് വീട്ടിൽ സ്വന്തമായി ക്ലോക്ക് ഉണ്ടാക്കി അതുമായി സ്‌കൂളിൽ എത്തിയപ്പോഴാണ് സ്‌കൂൾ അധികൃതർ ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസിനെ വിളിച്ചത്. പൊലീസ് എത്തി അറസ്റ്റ് ചെയ്തതോടെ സംഭവം വിവാദമാകുകയായിരുന്നു. മുസ്ലിം ബാലനായ അഹമ്മദിന്റെ അറസ്റ്റ് യുഎസിൽ നിലനിൽക്കുന്ന ഇസ്ലാമോഫോബിയയ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണിതെന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. അതുകൊണ്ടു തന്നെയാണ് പതിനാലുകാരനായ അഹമ്മദിന്റെ അറസ്റ്റിന് വാർത്താ പ്രാധാന്യം ഉണ്ടായതും.

അഹമ്മദ് ലോകമാദ്ധ്യമങ്ങളിൽ ഇടം നേടിയതോടെ വൈറ്റ്ഹൗസിൽ പ്രസിഡന്റ് ഒബാമയെ കാണാനും അവസരം ലഭിച്ചു.വൈറ്റ്ഹൗസിന്റെ സൗത്ത് ലോണിൽ 'അസ്‌ട്രോണമി നൈറ്റ്' ദിനാചരണത്തിനിടെയാണ് ഒബാമയെ നേരിൽ കാണാൻ അഹമ്മദ് മുഹമ്മദിന് കഴിഞ്ഞത്.

മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ