ന്യൂഡൽഹി: അഹമ്മദ് പട്ടേലിന്റെ മരണം ഷോക്കാകുന്നത് കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും. യുപിഎ സർക്കാരിന്റെ രൂപീകരണത്തിന് പിന്നിലെ തന്ത്രശാലിയാണ് വിടവാങ്ങുന്നത്. മന്മോഹൻസിംഗിനെ മുന്നിൽ നിർത്തി ഭരണം പിടിച്ച കോൺഗ്രസ് തന്ത്രത്തിന് പിന്നിലെ രാഷ്ട്രീയ ചാണക്യൻ. സ്വന്തം സംസ്ഥാനമായ ഗുജറത്താൽ ബിജെപിക്കെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച നേതാവ്. 'അഹമ്മദ് ഭായ്' അല്ലെങ്കിൽ എപി എന്നറിയപ്പെട്ടിരുന്ന അഹമ്മദ് പട്ടേൽ അണിയറകളിലാണ് നിറഞ്ഞത്. യുപിഎ സർക്കാരിന്റെ കാലത്ത് മന്ത്രിസ്ഥാനം പലതവണ വച്ചുനീട്ടിയിട്ടും അതു നിരസിച്ചു. പക്ഷേ ഭരണം നിയന്ത്രിച്ചത് അഹമ്മദ് പട്ടേലായിരുന്നു.

സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകരിൽ പ്രധാനിയായിരുന്നു അഹമ്മദ് പട്ടേൽ. ഗാന്ധി കുടുംബത്തിന്റെ എക്കാലത്തേയും വിശ്വസ്തൻ. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങും തണലുമായിരുന്നു അഹമ്മദ് പട്ടേൽ. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ബിജെപി ഇതര ഭരണം ഉറപ്പാക്കിയ നേതാവ്. ബിജെപിയെ തളർത്താൻ മഹാരാഷ്ട്രയിൽ ശിവസേനയുമായി കൈകോർത്ത് അധികാരം പങ്കിടുന്നതിലും അഹമ്മദ് പട്ടേൽ ഇഫക്ട് കാരണമായിരുന്നു. രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യമുണ്ടായിരുന്നു അഹമ്മദ് പട്ടേലിന്. കേരളത്തിൽ കരുണാകര വിഭാഗത്തെ ദുർബല്ലപ്പെടുത്തി മറുവിഭാഗത്തെ ശക്തമാക്കിയതും പട്ടേലിന്റെ ഇടപെടലുകളായിരുന്നു. കെ മുരളീധരന്റെ അലുമിനീയം പട്ടേൽ വിളയും കേരള രാഷ്ട്രീയം ഏറെ ചർച്ചയാക്കി.

പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിനായി അടുത്തിടെ രൂപീകരിച്ച കമ്മിറ്റിയിലും അഹമ്മദ് പട്ടേലുണ്ടായിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് സർക്കാരിനേയും പാർട്ടിയേയും ബന്ധിപ്പിച്ചിരുന്ന പ്രധാന കണ്ണിയായിരുന്നു പട്ടേൽ. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു അന്ന് ഈ ഗുജറാത്തുകാരൻ. ആണവ കരാറിൽ പ്രതിഷേധിച്ച് ഇടതുപക്ഷം സർക്കാരിന് പിന്തുണ പിൻവലിച്ചപ്പോഴും യുപിഎ സർക്കാരിനെ താങ്ങി നിർത്തിയത് പട്ടേലിന്റെ തന്ത്രങ്ങളായിരുന്നു. പട്ടേലിന്റെ 23 മദർ തെരേസ ക്രസന്റ് വസതി എന്നും ശ്രദ്ധാകേന്ദ്രമായിരുന്നു. മന്മോഹൻ സിംഗിന്റെ യുപിഎ സർക്കാരിൽ പ്രണബ് മുഖർജി മുന്നണി പോരാളിയായിരുന്നെങ്കിൽ അണിറയിൽ താരം പട്ടേലായിരുന്നു.

രാഷ്ട്രീയമായിരുന്നു പട്ടേലിന് പ്രധാനം. അതുകൊണ്ട് തന്നെ പഴയ ശത്രുക്കളെ പോലും മിത്രമാക്കി മാറ്റി. അലുമീനിയം പട്ടേൽ എന്ന് വിളിച്ചു കളിയാക്കിയ മുരളീധരനെ പോലും തിരിച്ചു കൊണ്ടു വരുന്നതിൽ പട്ടേൽ മുന്നിൽ നിന്നു. ബിജെപിയെ തുരത്താൻ ശിവസേനയുമായി പോലും കൂടേണ്ടി വരുമെന്ന പുതുകാല രാഷ്ട്രീയം പരീക്ഷിച്ചു. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പട്ടേലിനെതിരെ നിരവധി അന്വേഷണങ്ങൾ വന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പല തവണ ചോദ്യം ചെയ്തു. രാഷ്ട്രീയ പ്രതികാരമാണെന്നായിരുന്നു എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം. ജയിലിൽ അടയ്ക്കാനുള്ള നീക്കമൊന്നും പക്ഷേ വിജയിച്ചില്ല.

രാഹുൽ ഗാന്ധി 2018-ൽ കോൺഗ്രസ് അധ്യക്ഷനായപ്പോൾ പാർട്ടി ട്രഷററായി പട്ടേലിനെ മുൻപന്തിയിലേക്ക് കൊണ്ടുവന്നു. 2019-ലെ തിരഞ്ഞെടുപ്പിനെ നേരിടാൻ ഫണ്ട് കണ്ടെത്തുന്നതിലും പട്ടേൽ നിർണ്ണായക പങ്കുവഹിച്ചു. അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങൾ കഷ്ടിച്ച് അതിജീവിച്ചാണ് പട്ടേൽ രാജ്യസഭയിൽ എത്തിയത്. പക്ഷേ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടേലിന്റെ മികവ് കോൺഗ്രസിന് ഭരണം നൽകിയതുമില്ല. അതിശക്തമായ മത്സരം കഴിഞ്ഞ തവണ ബിജെപിക്കെതിരെ കോൺഗ്രസ് പുറത്തെടുത്തിരുന്നു. ഇതിന് കാരണം പട്ടേലിന്റെ ഇടപെടലുകൾ മാത്രമായിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള ആരോപണങ്ങളും അഹമ്മദ് പട്ടേലിനെതിരെ ഉയർന്നിട്ടുണ്ട്. യുപിഎ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ച ഘട്ടത്തിൽ വിശ്വാസ വോട്ടെടുപ്പിൽ എംപിമാർക്ക് പണം വാഗ്ദ്ധാനം ചെയ്തെന്ന ആരോപണം ഉയർന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പാർലമെന്ററി സമിതി ആരോപണം തള്ളുകയും ചെയ്തു. ഗുജറാത്തുകാരനായ അഹമ്മദ് പട്ടേൽ ദേശീയ തലത്തിൽ കോൺഗ്രസിന്റെ നട്ടെല്ലായി മാറിയെങ്കിലും സംസ്ഥാനത്ത് അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

ഗുജറാത്തിലെ ഭറുച്ചിൽ നിന്ന് മൂന്ന് തവണ ലോക്സഭാ അംഗമായി. 1989-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തുടർന്ന് 1993-ൽ ആദ്യമായി രാജ്യസഭാ അംഗമായി. പിന്നീട് പല തവണകളായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.