- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എംപി ഓഫീസല്ല വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത്'; അക്രമം നടത്തിയത് കുട്ടികൾ; ആരോടും ദേഷ്യമില്ലെന്നും രാഹുൽ ഗാന്ധി; അക്രമത്തിനിരയായ എംപി ഓഫീസ് രാഹുൽ ഗാന്ധി സന്ദർശിച്ചു
കൽപ്പറ്റ: തന്റെ ഓഫീസ് അക്രമിച്ചത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെന്നും രാഹുൽഗാന്ധി.അക്രമമല്ല, സമാധാനത്തിന്റെ മാർഗത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൽപറ്റയിൽ തകർക്കപ്പെട്ട തന്റെ ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. എന്റെ ഓഫീസ് എന്നതിലുപരി വയനാട്ടുകാരുടെ ശബ്ദം ഉയർന്നു കേൾക്കുന്നതിനുള്ള ഓഫീസ് ആണിത്. അക്രമം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കില്ല. കുട്ടികളാണ് ഇത് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ഉത്തരവാദരഹിതമായാണ് അവർ ഇത്തരമൊരു ആക്രമണം നടത്തിയത്. അതിൽ എനിക്ക് അവരോട് ദേഷ്യമൊന്നുമില്ല. അവർ അതിന്റെ അനന്തരഫലങ്ങൾ ചിന്തിക്കാതെയായിരിക്കാം അവർ അക്രമം നടത്തിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സുപ്രീം കോടതി പറഞ്ഞത് സത്യമാണ്. വിവാദ പ്രസ്താവന നടത്തിയ ആൾ അല്ല രാജ്യത്ത് ഇപ്പോഴുള്ള സാഹര്യം സൃഷ്ടിച്ചത് ബിജെപി സർക്കാരാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ബിജെപിയും ആർഎസ്എസും ചേർന്നാണ് ദേഷ്യത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചത്. ദേശവിരുദ്ധമായ പ്രവർത്തനമാണ് അവർ നടത്തുന്നത്. ഇന്ത്യയുടെ താൽപര്യത്തിനും ജനങ്ങളുടെ താൽപര്യത്തിനും എതിരാണ് അവർ ചെയ്യുന്നത്. അവരുടെ അത്തരം നടപടികളാണ് ഇപ്പോൾ രാജ്യത്തുള്ളതുപോലുള്ള ദുരന്തങ്ങൾക്ക് വഴിവെച്ചത്.
ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആർഎസ്എസും ബിജെപിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടിൽ സംഭവിച്ച അക്രമമായാലും കോൺഗ്രസിന്റെ തത്വങ്ങൾക്ക് എതിരാണ്. രാഷ്ട്രീയ ആശയങ്ങളിലുള്ള വൈരുദ്ധ്യം മൂലം അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. എങ്കിലും അവരോട് ക്ഷമിക്കുന്നുവെന്നും രാഹുൽഗാന്ധി പറഞ്ഞു.
കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫർസോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി സാധനങ്ങൾ അടിച്ചുതകർത്തു. എംപിയുടെ ഓഫീസിന്റെ ഷട്ടറുകൾ എസ് എഫ് ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.
പൊലീസ് നോക്കി നിൽക്കേയായിരുന്നു എസ് എഫ് ഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ സ്ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥയായിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിക്ക് ആക്രമണത്തിൽ മർദനമേറ്റു.
എസ്എഫ്ഐ പ്രവർത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നായിരുന്നു കോൺഗ്രസ് ആരോപണം, ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. തുടർന്ന് സമരത്തെ അപലപിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. അക്രമം അപലപനീയമെന്ന് പറഞ്ഞ മുഖ്യമന്ത്രി കർശന നടപടിക്കും നിർദ്ദേശം നൽകി.
മറുനാടന് മലയാളി ബ്യൂറോ