ചെന്നൈ: രണ്ട് ദിവസത്തിനുള്ളിൽ അണ്ണാഡിഎംകെ ലയനവുമായി ബന്ധപ്പെട്ട സന്തോഷവാർത്ത ഉണ്ടാവുമെന്ന് ഒ പനീർശെൽവം അറിയിച്ചത് ഡൽഹിയിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന്. അണ്ണാ ഡിഎംകെ ലയന ചർച്ചകൾ അനിശ്ചിതമായി നീളുന്നതിൽ എൻഡിഎ നേതൃത്വത്തിന് അതൃപ്തിയാണുള്ളത്. ബിജെപി അദ്ധ്യക്ഷൻ ചൊവ്വാഴ്ച തമിഴ്‌നാട്ടിലെത്താനിരിക്കെ തിരക്കിട്ട ചർച്ചകളാണ് ചെന്നെ കേന്ദ്രീകരിച്ച് നടക്കുന്നത്.

ലയന ചർച്ച നന്നായാണ് പുരോഗമിക്കുന്നതെന്നും അണികൾക്ക് സന്തോഷമുള്ള കാര്യം ഒന്നോ രണ്ടോ ദിവസത്തിനകം അറിയാമെന്നും പനീർശെൽവം ജനങ്ങളെ അറിയിച്ചു. എന്നാൽ ഒപിഎസിന് കടുംപിടുത്തം ഉപേക്ഷിക്കേണ്ടിവരുമെന്നാണ് സൂചന.


ഒപിഎസ് പക്ഷത്തിന് മുഖ്യമന്ത്രി പദമോ ജനറൽ സെക്രട്ടറി പദമോ ഉണ്ടാവില്ല. പകരം ഉപമുഖ്യമന്ത്രി പദവും രണ്ട് മന്ത്രിസ്ഥാനവും നൽകാനാണ് നീക്കം. ഇതോടൊപ്പം ഒപി എസിന് ജനറൽ സെ്ക്രട്ടറിക്ക തുല്യമായ ഒരു സുപ്രധാന പാർട്ടി പദവിയും നല്കും. പദവികളും പാർട്ടി സ്ഥാനമാനങ്ങളും പങ്കുവെയ്ക്കുന്നതിലാണ് ഭിന്നത നിലനിൽക്കുന്നതെങ്കിലും ഒപിഎസിന്റെ പ്രധാന രണ്ട് ആവശ്യങ്ങൾക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ശശികല കുടുംബത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നതിലും , ജയലളിതയുടെ മരണം സിബിഐ അന്വേഷിക്കണമെന്നതിലും മുഖ്യമന്ത്രി പളനിസ്വാമി പൂർണ്ണമായി അംഗീകരിച്ചിട്ടില്ല. പാർട്ടിയുടെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരനെ പുറത്താക്കാൻ ഇപിഎസ് തയ്യാറാണെങ്കിലും ദിനകരന്റെ പക്ഷത്തുള്ള എംഎമാരുടെ എണ്ണവും ഇപിഎസിന് തലവേദനയാണ്. ആവശ്യമുള്ള സമയത്ത് തനിക്ക് കൂടുതൽ എംഎൽഎമാരുടെ പിന്തുണ തെളിയിക്കാനാവുമെന്നാണ് ദിനകരൻ അവകാശപ്പെടുന്നത്.

പനിനീർശെൽവത്തിന് ഉപമുഖ്യമന്ത്രിസ്ഥാനവും മറ്റു രണ്ടുപേർക്ക് മന്ത്രിസ്ഥാനവുമാണ് ഇപ്പോഴത്തെ ചർച്ചയനുസരിച്ച് വാഗ്ദനം ചെയ്തിരിക്കുന്നത്. പത്തു പേർക്ക് പാർട്ടി പദവികളുംനല്കും. എന്നാൽ മന്ത്രിമാർക്ക് ഹൈവേ, പൊതുമരാമത്ത് എന്നീ സുപ്രധാന വകുപ്പുകൾ വേണമെന്നാണ് ഒപിഎസ് പക്ഷത്തിന്റെ വാദം. തമിഴ്‌നാട് ബജറ്റിൽ വൻ തുകയാണ് ഈ വകുപ്പുകളിൽ വകയിരുത്തുക.

ജയലളിതയോട് ജനങ്ങൾക്കും പാർട്ടിയിലെ ചില എംഎൽഎ മാർക്കുമുള്ള കൂറ് എത്രയെന്ന് കണക്കാക്കാൻ കഴിയാത്തത് ഇരു പക്ഷത്തേയും കുഴക്കുന്നുണ്ട്. മറീന ബീച്ചിലെ ജയലളിതയുടെ സ്മാരകം മോടി പിടിപ്പിച്ചുകൊണ്ട് ലയനനീക്കങ്ങൾക്ക് ആക്കം കൂട്ടാൻ ഇരുപക്ഷവും ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായാണ് . എടപ്പാടി പളനിസ്വാമിയും ഒ പനീർശെൽവവും ഒന്നിച്ച് ജയലളിതയുടെ സ്മാരകം സന്ദർശിക്കുമെന്നും വാർത്തകളുണ്ടായിരുന്നു.

ലയന പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായാലും ശശികലയെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കില്ലെന്ന സൂചനയാണുള്ളത്. പാർട്ടി ഭരണഘടന അനുസരിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ളതിനാലാണിത് . ഒപ്പം ദിനകരൻ പക്ഷത്തെ എം എൽ എ മാരെ അടർത്തിയെടുക്കാനുള്ള തന്ത്രങ്ങൾ ഉണ്ടാവും.