തമിഴ്‌നാട്ടിൽ രാഷ്ട്രീയകരുനീക്കങ്ങൾ മുറുകുന്നു. എഐഡി എം കെ പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് നടരാജൻ പക്ഷവും പനീർസെൽവം പളനിസാമി പക്ഷവും നടത്തുന്നത്. അണ്ണാ ഡിഎംകെയിൽനിന്ന് വി.കെ. ശശികലയെയും ടി.ടി.വി. ദിനകരനെയും പുറത്താക്കാൻ തീരുമാനിച്ചു. ഇന്നു പാർട്ടി ആസ്ഥാനത്തുചേർന്ന പനീർസെൽവം പളനിസാമി അനുകൂല എംപി, എംഎൽഎ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനം. അടുത്തമാസം ചേരുന്ന ജനറൽ കൗൺസിൽ യോഗത്തിൽ അന്തിമതീരുമാനം എടുക്കും. ശശികലയും ദിനകരനും നടത്തിയ പാർട്ടി നിയമനങ്ങളും ഇതോടൊപ്പം റദ്ദാക്കും. ഇതിനുപുറമെ, ദിനകരൻ പക്ഷത്തിന്റെ കൈവശമുള്ള പാർട്ടി ചാനലും പത്രവും ഏറ്റെടുക്കാനും ഒപിആർ-ഇപിഎസ് വിഭാഗം തീരുമാനിച്ചു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവവും നയിക്കുന്ന രണ്ട് പക്ഷങ്ങൾ ലയിച്ചതിനു ശേഷം നടത്തിയ ആദ്യത്തെ യോഗമാണ് ഇന്ന് നടന്നത്. ലയനത്തോടെ ടി.ടി.വി ദിനകരൻ ഒപ്പമുള്ള എംഎ‍ൽഎമാരെ പുതുച്ചേരിയിലെ റിസോട്ടിലേക്ക് മാറ്റിയിരുന്നു. നിലവിൽ 23 എംഎ‍ൽഎമാർ ഒപ്പമുണ്ടെന്നാണ് ദിനകരൻ പക്ഷം അവകാശപ്പെടുന്നത്. ഇതിൽ 21 പേർ റിസോർട്ടിൽ തുടരുകയാണ്.

ഇന്നത്തെ യോഗത്തോടെ 90 പേർ മാത്രമേ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കൊപ്പമുള്ളൂ എന്നാണ് വ്യക്തമാകുന്നത്. 17 എംഎ‍ൽഎമാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. 40 എംഎ‍ൽഎമാർ മാറി നിന്ന് സാഹചര്യത്തിൽ നിയമസഭയിൽ വിശ്വാസ വോട്ടടെുപ്പുണ്ടായാൽ മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം തെളിയിക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാകും. എന്നാൽ ദിനകരൻ പക്ഷം ഇത്തരമൊരു സാഹചര്യമുണ്ടാക്കാതെ സമ്മർദ്ദ തന്ത്രവുമായി മുന്നോട്ടു നീങ്ങാനാണ് തീരുമാനം.

 ഇതേസമയം നടരാജൻ പക്ഷവും നിലപാടുകൾ കൂടുതൽ ശക്തമാക്കുകയാണ്. പളനിസ്വാമിയെ അണ്ണാ ഡിഎംകെ സേലം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയതായും മുൻ എംഎൽഎ എസ്.കെ.സെൽവനെ പകരം നിയമിച്ചതായും ദിനകരൻ പ്രഖ്യാപിച്ചു. പാർട്ടി ചീഫ് വിപ്പ് എസ്. രാജേന്ദ്രനെ അരിയലൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെയാണിത്. അതേസമയം രണ്ട് അണ്ണാ ഡിഎംകെ എംഎൽഎമാർ കൂടി ടി.ടി.വി.ദിനകരനു പരസ്യപിന്തുണ പ്രഖ്യാപിച്ചു. ഇതോടെ, ദിനകരൻ ക്യാംപിൽ 23 പേരായി. സ്വതന്ത്ര എംഎൽഎമാരായ കരുണാസ്, തനിയരശ്, തമീമ് ഉൽ അൻസാരി എന്നിവരുടെ നിലപാടുകളാണ് ഇനി നിർണായകമാവുക. രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കുമെന്നു കരുണാസ് അറിയിച്ചു. സ്വതന്ത്രർ ദിനകരനൊപ്പമാണെന്നു വാർത്തകളും വന്നിരുന്നു.

നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ എടപ്പാടിക്കു നിർദ്ദേശം നൽകണമെന്ന ആവശ്യവുമായി ഡിഎംകെ നേതാക്കൾ ഗവർണർ വിദ്യാസാഗർ റാവുവിനെ കണ്ടു. ദിനകരനും ഡിഎംകെ നേതാവ് സ്റ്റാലിനും ചേർന്നു സർക്കാർ രൂപീകരിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.

അതേസമയം, നിയമസഭയിലെ പ്രതിഷേധത്തിനിടെ എം.കെ. സ്റ്റാലിനെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രിവിലേജ് കമ്മിറ്റി ഇന്നു ചേരും. സഭയിൽ ഗുഡ്ക ഉയർത്തിക്കാട്ടിയ നടപടി ചട്ടവിരുദ്ധമാണോ എന്നു പരിശോധിക്കാനാണ് കമ്മിറ്റിയും ചേരുന്നത്. നിരോധിച്ച പാന്മസാലകൾക്കു വിൽപ്പനാനുമതി നൽകിയതുമായി ബന്ധപ്പെട്ട അഴിമതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ നിയമസഭയിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഗുഡ്ക ഉയർത്തിക്കാട്ടിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ നടന്ന ഈ സംഭവം ചട്ടവിരുദ്ധമാണോ എന്നാണ് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുന്നത്.കൂടുതൽ എംഎൽഎമാർ ദിനകരനു പിന്തുണയുമായെത്തുന്നതു ഭരണപക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ സമ്മർദത്തിലാക്കാനുള്ള തന്ത്രമാണിതെന്നാണ് വിലയിരുത്തൽ.

സ്റ്റാലിനടക്കമുള്ള 20 എംഎൽഎമാർക്കെതിരെ നടപടിയെടുക്കാനാണു സർക്കാർ ആലോചന. ഭരണ പ്രതിപക്ഷ അംഗങ്ങളുള്ള കമ്മിറ്റിയിൽ ദിനകരൻ അനുകൂലികളും ഉണ്ട്. നിയമസഭ വിളിച്ചു ചേർത്ത് മുഖ്യമന്ത്രിയോടു ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നിർദ്ദേശിക്കുമോ എന്നാണു പ്രതിപക്ഷവും വിമത എംഎൽഎമാരും ഉറ്റുനോക്കുന്നത്. ഗവർണറോടു ഭരണഘടനപരമായ ഉത്തരവാദിത്തം നിറവേറ്റാൻ ആവശ്യപ്പെടണമെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.