- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതുക്കും മേലെ ചെന്നിത്തല! ദേശീയ രാഷ്ട്രീയത്തിലെ പ്രവൃത്തി പരിചയവും ഭാഷാ നൈപുണ്യവും കരുത്താകും; നാല് വർക്കിങ് പ്രസിഡന്റുമാരെ നിയോഗിക്കുമ്പോൾ ഒരാൾ ചെന്നിത്തലയെന്ന് സൂചന; അഹമ്മദ് പട്ടേലിന്റെ വിടവു നികത്താൻ എത്തുക കമൽനാഥ്; അഴിച്ചുപണിത് മുഖം മിനുക്കാൻ കോൺഗ്രസ്
ന്യൂഡൽഹി: എഐസിസി പ്രസിഡന്റ് സ്ഥാനത്ത് ഉടൻ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായതോടെ സോണിയാ ഗാന്ധിയെ സഹായിക്കാൻ നാല് വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കുമെന്ന് സൂചന. സോണിയയുടെ അനാരോഗ്യം കണക്കിലെടുത്താണിത്. രമേശ് ചെന്നിത്തല, സച്ചിൻ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.
ദളിത് പ്രാതിനിധ്യമായി മുകുൾ വാസ്നിക്, കുമാരി ഷെൽജ എന്നിവരിൽ ഒരാൾ വന്നേക്കും. ഇതിൽ മുകുൾ വാസ്നിക് ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവാണ്. ഷെൽജയെ ഹരിയാന പിസിസി പ്രസിഡന്റ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഭൂപീന്ദർ സിങ് ഹുഡ അനുകൂലികൾ ഹൈക്കമാൻഡിനെ കണ്ടിരുന്നു. വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുക്കുമ്പോൾ ഷെൽജയ്ക്ക് സാധ്യത കൂടുതലാണ്.
എഐസിസി നേതൃതലത്തിൽ വൻ അഴിച്ചുപണിക്കാണ് ഹൈക്കമാന്റ് ഒരുങ്ങുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാൻ തയ്യാറല്ലെന്ന നിലപാടാണ് രാഹുൽഗാന്ധി ഇപ്പോഴും സ്വീകരിക്കുന്നത്. അതിനാൽ തന്നെ കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടർന്നേക്കും. അനാരോഗ്യമുള്ളതിനാൽ പാർട്ടിയുടെ ദൈന്യം ദിനകാര്യങ്ങളിൽ സോണിയാ ഗാന്ധി നേരിട്ട് ഇടപെടുന്നില്ല. അടിയന്തര യോഗങ്ങളിൽ മാത്രമാണ് സോണിയാ ഗാന്ധി ഇപ്പോൾ പങ്കെടുക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് നാല് വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കാൻ ആലോചന നടക്കുന്നത്. പാർട്ടിയെ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാൻ കൂടുതൽ വർക്കിങ്ങ് പ്രസിഡന്റുമാർ വേണമെന്ന നിലപാടിലാണ് ഹൈക്കമാന്റ്.
അഹമ്മദ് പട്ടേൽ മുമ്പ് വഹിച്ച റോളിലേക്ക് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് എത്തിയേക്കുമെന്നും സൂചനയുണ്ട്. മധ്യപ്രദേശിൽ അധികാരം നഷ്ടപ്പെട്ടതോടെ കമൽനാഥിന് നിലവിൽ പ്രത്യേക റോളുകളുമില്ലാതായിരിക്കുകയാണ്. കേരളത്തിലും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശൻ വന്നതോടെ ചെന്നിത്തലയ്ക്ക് ദേശീയതലത്തിൽ പദവി നൽകിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. ദേശീയതലത്തിലെ നീണ്ടകാലത്തെ പ്രവൃത്തിപരിചയവും മികച്ച ഭാഷാ നൈപുണ്യവും ദേശീയനേതാക്കളുമായും മറ്റ് സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളുമായുമുള്ള ഹൃദ്യമായ ബന്ധവുമാണ് രമേശ് ചെന്നിത്തലയെ തുണയ്ക്കുന്നത്. ആദ്യം എഐസിസി ജന. സെക്രട്ടറിയാക്കുമെന്നായിരുന്നു അഭ്യൂഹമെങ്കിലും തന്റെ ശിഷ്യനായിരുന്ന കെസി വേണുഗോപാലിന് കീഴിൽ നിൽക്കാൻ ചെന്നിത്തല തയ്യാറാവില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സീനിയോരിറ്റി കണക്കിലെടുത്ത് വർക്കിങ് പ്രസിഡന്റ് എന്ന പ്രധാനസ്ഥാനത്തേയ്ക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത്.
പ്രിയങ്കയും ദേശീയതലത്തിൽ നിർണായകമായ റോളിലേയ്ക്ക് മാറും. രാജസ്ഥാനിൽ ഇടഞ്ഞുനിൽക്കുന്ന സച്ചിൻ പൈലറ്റിനെ എഐസിസി വർക്കിങ് പ്രസിഡന്റാക്കി അനുനയിപ്പിക്കാനാകും ദേശീയനേതൃത്വത്തിന്റെ ശ്രമം. 2019ൽ രാഹുൽഗാന്ധി പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം ഒരു പൂർണസമയ പ്രസിഡന്റിനെ കണ്ടെത്താൻ എഐസിസിക്ക് കഴിഞ്ഞിട്ടില്ല. രാഹുൽ തിരിച്ചുവരണമെന്ന് മറ്റ് നേതാക്കൾ ആവശ്യപ്പെടുമ്പോഴും രാഹുൽ അതിന് വഴങ്ങാത്തതാണ് പ്രധാനകാരണം. ഈ വർഷം മെയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ അത് ജൂലൈയിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാൽ വീണ്ടും അത് നീട്ടിവച്ചു. പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ രാഹുൽ തയ്യാറാകാത്തതാണ് തെരെഞ്ഞെടുപ്പ് നീട്ടിയതിന്റെ അടിസ്ഥാനകാരണം.
പുതിയ പൂർണസമയപ്രസിഡന്റ് വരുന്നത് വരെ സോണിയ തുടരേണ്ടിവരും. എന്നാൽ എഐസിസി അധ്യക്ഷയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ദൈന്യംദിന പ്രർത്തനങ്ങളിൽ ഇടപെടാൻ അവർക്ക് കഴിയുന്നില്ല. അതിനാലാണ് പുതിയ ടീമിനെ കൊണ്ടുവരുന്നതെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ