ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കർക്കശ നിലപാടിൽ. വിജയമാനദണ്ഡം മാത്രമാകണം സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രധാനമാക്കേണ്ടതെന്നും മറ്റുള്ള കാര്യങ്ങൾ മുഖവിലക്കെടുക്കേണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെയും മറ്റ് ഗ്രൂപ്പുകാരുടെയും നിലപാടിനെതിരെ ശക്തമായ നിലപാടാണ് സുധീരൻ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തർ അടക്കമുള്ള അഞ്ച് സിറ്റിങ് എംഎൽഎമാരെ മാറ്റണമെന്ന ആവശ്യത്തിൽ സുധീരൻ ഉറച്ചു നിന്നതോടെ ഉമ്മൻ ചാണ്ടി എതിർ അഭിപ്രായവുമായി രംഗത്തെത്തി. യാതൊരു കാരണവശാലും സിറ്റിങ് എംഎൽഎമാരെ മാറ്റാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. തുടർന്ന് എഐസിസി സ്‌ക്രീനിങ് കമ്മിറ്റിയിൽ അഞ്ച് സീറ്റുകളെ ചൊല്ലി തർക്കം ഉടലെടുത്തു.

തൃപ്പൂണിത്തുറ, തൃക്കാക്കര, ഇരിക്കൂർ, കോന്നി, പാറശ്ശാല സീറ്റുകളിലാണ് തർക്കം തുടരുന്നത്. അഞ്ചിടത്തും പുതിയ സ്ഥാനാർത്ഥികളെ വി എം സുധീരൻ നിർദ്ദേശിച്ചു. തൃപ്പൂണിത്തുറയിൽ കെ ബാബുവിനു പകരം എൻ.വേണുഗോപാലും തൃക്കാക്കരയിൽ ബെന്നി ബെഹന്നാനുപകരം പി.ടി.തോമസും കോന്നിയിൽ അടൂർ പ്രകാശിനുപകരം പി.മോഹൻരാജും ഇരിക്കൂറിൽ കെ.സി.ജോസഫിനുപകരം സതീശൻ പാച്ചേനിയേയുമാണ് സുധീരൻ നിർദ്ദേശിച്ചത്. പാറശ്ശാലയിൽ മര്യാപുരം ശ്രീകുമാറും നെയ്യാറ്റിൻകര സനലുമാണ് പരിഗണനയിൽ ഉണ്ടായിരിക്കുന്നത്.

എന്നാൽ സിറ്റിങ് എംഎൽഎമാരെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മറ്റു നേതാക്കളും ഹൈക്കമാൻഡിനെ അറിയിച്ചു. തുടർന്ന് എ,ഐ ഗ്രൂപ്പുകൾ ഡൽഹിയിൽ പ്രത്യേകം യോഗം ചേർന്നു. സുധീരന്റെ നിലപാടിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും ഹൈക്കമാൻഡിൽ കൂടുതൽ പരാതി ഉന്നയിക്കാനുമാണ് ഇവരുടെ നീക്കം. തർക്കമുള്ള സീറ്റുകളിലെ തീരുമാനം ഇനി ഹൈക്കമാൻഡ് കൈക്കൊള്ളും. അതിനിടെ ഇന്നത്തെ ഹൈക്കമാൻഡുമായി സംസ്ഥാന നേതാക്കൾ നടത്തിയ സ്‌ക്രീനിങ് കമ്മിറ്റിയിൽ 50 സീറ്റുകളിൽ തീരുമാനമായിട്ടുണ്ട്.  മണലൂരിൽ സിറ്റിങ് എംഎൽഎ പി എ മാധവന് സീറ്റ് നൽകേണ്ടെന്നാണ് തീരുമാനം. ഇവിടെ ഒ അബ്ദുറഹ്മാൻ കുട്ടി മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരമാനദണ്ഡം വേണമെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിർദ്ദേശം കേരളത്തിലെ കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ ആദ്യയോഗത്തിൽ തള്ളിയിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക തയാറാക്കാൻ പൊതുമാനദണ്ഡം വേണ്ടെന്ന് ധാരണയായി. വിജയസാധ്യത മാത്രമായിരിക്കും പരിഗണിക്കുക. വനിതകൾക്കും യുവാക്കൾക്കും പ്രാമുഖ്യം നൽകണമെന്ന എഐസിസി മാനദണ്ഡം പരിഗണിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചിരുന്നു.

കോൺഗ്രസ് സാധ്യതാപ്പട്ടിക: ഉമ്മൻ ചാണ്ടി (പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), കെ.സുധാകരൻ (ഉദുമ), മമ്പറം ദിവാകരൻ (ധർമടം), ഐ.സി.ബാലകൃഷ്ണൻ (ബത്തേരി), കെ.സി.അബു, ടി.സിദ്ദിഖ് (കുന്നമംഗലം), എ.അച്യുതൻ, സുമേഷ് അച്യുതൻ (ചിറ്റൂർ), കെ.പി.ധനപാലൻ, ടി.എൻ.പ്രതാപൻ (കൊടുങ്ങല്ലൂർ), എ.പി.അബ്ദുല്ലക്കുട്ടി, കെ.സുരേന്ദ്രൻ (കണ്ണൂർ), കെ.മുരളീധരൻ (വട്ടിയൂർക്കാവ്), എം.എ വാഹിദ് (കഴക്കൂട്ടം), സി.പി മുഹമ്മദ് (പട്ടാമ്പി), കെ.ശിവദാസൻ നായർ (ആറന്മുള), ഹൈബി ഈഡൻ (എറണാകുളം), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്), അൻവർ സാദത്ത് (ആലുവ), ഷാഫി പറമ്പിൽ (പാലക്കാട്), വി.ടി ബൽറാം (തൃത്താല), ജഗദീഷ് (പത്തനാപുരം)

തൃശൂരിൽ പത്മജ വേണുഗോപാലടക്കം മൂന്നുപേരെയാണ് പരിഗണിക്കുന്നത്. അതേസമയം, നിലമ്പൂരിൽ ആര്യാടൻ മുഹമ്മദ് മൽസരിക്കുന്നില്ലെന്ന് അറിയിച്ചതിനാൽ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കും. തർക്കമുള്ള സീറ്റുകളിൽ സ്ഥാനാർത്ഥികളുടെ പാനൽ തയ്യാറാക്കി അത് കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വിടും. ഇത് വെള്ളിയാഴ്ച സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകണമെന്നും പുതുമുഖങ്ങളെ സ്ഥാനാർത്ഥികളായി പരിഗണിക്കണമെന്നും എഐസിസി നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണ്ണയത്തിന് ഏക മാനദണ്ഡം വേണമെന്ന നിർദ്ദേശം അംഗീകരിക്കപ്പെടാതെ വന്നപ്പോൾ പാനൽ നിർദ്ദേശം മുന്നോട്ട് വച്ചതും കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്നെയാണ്. കൊല്ലം, കൊയിലാണ്ടി, നിലമ്പൂർ സീറ്റുകളിലും തർക്കം നിലനിൽക്കുകയാണ്. പരമാവധി മണ്ഡലങ്ങളിൽ തർക്കം ഒഴിവാക്കി സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനാണ് നേതാക്കളുടെ തീരുമാനം.

വിഎസിനെതിരെ വി എസ് ജോയി

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് മത്സരിക്കും. ഇന്ന് നടന്ന എ.ഐ.സി.സി സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് വി എസ് ജോയിയെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ വിദ്യാർത്ഥി സംഘടനാ നേതാക്കൾ മത്സരിക്കുന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ടാകും. നേരത്തെ ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസിനെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്.