ന്യൂഡൽഹി: എഐസിസിയുടെ സമ്പൂർണ സമ്മേളനത്തിന്(പ്ലീനറി) ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. എഐസിസിയുടെ 84-ാം സമ്മേളനമാണിത്. ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസിന് മാത്രമേ രാജ്യത്ത് ഐക്യമുണ്ടാക്കാൻ സാധിക്കുകയുള്ളുവെന്നും ഡൽഹിയിൽ നടക്കുന്ന എഐസിസിയുടെ സന്പൂർണ പ്ലീനറി സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.

മോദി സർക്കാർ രാജ്യത്ത് വിദ്വേഷം പരത്തുകയാണ്. ഇതിനെ നേരിടാൻ കോൺഗ്രസിനെ സജ്ജമാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസിനേയും സംഘപരിവാറിനെയും നേരിടാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിന് തയാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നടങ്കം ഏകോപിപ്പിച്ച് മുന്നോട്ട് എത്തുമെന്ന സൂചനയും പ്രസംഗത്തിനിടെ കോൺഗ്രസ് അധ്യക്ഷൻ നൽകി. കോൺഗ്രസിന് മാത്രമെ രാജ്യത്തെ ഒന്നിപ്പിക്കാകുവെന്നും അദ്ദേഹം പറഞ്ഞു.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസിനെ അടിമുടി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്ലീനറി സമ്മേളനം പ്രൗഢഗംഭീരമായാണ് ഡൽഹിയിൽ പുരോഗമിക്കുന്നത്. പാർട്ടിയുടെ കരുത്ത് തിരിച്ച് പിടിക്കാനാവുമെന്ന കടുത്ത ആത്മവിശ്വാസമാണ് സമ്മേളനം നടക്കുന്ന ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയ പ്രതിനിധികൾ പ്രകടിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയടക്കം സമ്മേളനത്തിൽ സംസാരിച്ച നേതാക്കളെല്ലാം മോദി സർക്കാരിനെയും ബിജെപിയേയും കടന്നാക്രമിച്ചു. സമ്മേളനത്തിലെ യുവാക്കളുടെ വൻ സാന്നിധ്യം കോൺഗ്രസിലെ തലമുറ മാറ്റം വ്യാപിപ്പിക്കുന്നതിന്റെ വ്യക്തമായ സൂചന നൽകുന്നുണ്ട്.

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ കേരളത്തിൽ നിന്ന് അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസിന്റെ പതിവ് ശൈലി ഉപേക്ഷിച്ച് പ്രസംഗിക്കുന്ന ആൾ മാത്രം സ്റ്റേജിലെത്തുന്ന രീതിയും ഈ പ്ലീനറി സമ്മേളനത്തിനുണ്ട്. രാഹുൽ ഗാന്ധിയുടെ നിർദേശത്തെ തുടർന്നാണ് സമ്മേളന വേദിയിലുണ്ടാകുന്ന നേതൃബാഹുല്യം ഇത്തവണ വേണ്ടെന്ന് വെച്ചത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച സമ്മേളനത്തിൽ ചർച്ചയാകും. കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഉടനെ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളടക്കമുള്ള നാല് പ്രമേയങ്ങളും സമ്മേളനത്തിൽ പാസാക്കും. എഐസിസി അംഗങ്ങളും പിസിസി അംഗങ്ങളുമുൾപ്പെടെ 13,000 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.