ന്യൂഡൽഹി: രാജ്യത്ത് എഞ്ചിനിയറിങ് സീറ്റുകൾക്ക് ഡിമാൻഡ് കുറയുകയായിരുന്നു. ഏകദേശം 30 ശതമനാത്തോളം സീറ്റിൽ ആളെ കിട്ടുന്നില്ല. ഇത് തിരിച്ചറിഞ്ഞ് നയം മാറ്റത്തിന് ഒരുങ്ങുകയാണ് സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ. അടുത്ത വർഷം ഏതാണ് ഒരു ലക്ഷത്തോളം എഞ്ചിനിയറിങ് സീറ്റുകളിൽ കുറവ് വരുത്താനാണ് ദേശീയ കൗൺസിലിന്റെ തീരുമാനം. ഇതോടെ 2018-19 വർഷത്തിൽ എഞ്ചിനിയറിങ് പഠനം ഉറപ്പാക്കാൻ ഏറെ പ്രയാസവും ഉണ്ടാകും.

പകുതിയിലേറെ സീറ്റുകളാണ് ഇങ്ങനെ കുറയ്ക്കുന്നത്. പുതിയ കോളേജുകൾ അനുവദിക്കുന്നതിന് മാനദണ്ഡങ്ങൾ കൊണ്ടു വരും. രാജ്യത്ത് 3291 എഞ്ചിനിയറിങ് കോളേജുകളാണ് ഉള്ളത്. ഇതിൽ ബിടെക്ക് / ബിഇ കോഴ്‌സുകളിലായി പതിനഞ്ച് ലക്ഷത്തോളം സീറ്റും. ഇതിൽ പകുതിയോളം സീറ്റുകൾ കഴിഞ്ഞ വിദ്യാഭ്യാസ വർഷം ഒഴിഞ്ഞു കിടന്നു. ഈ സാഹചര്യത്തിലാണ് സീറ്റുകൾ കുറയ്ക്കാനുള്ള തീരുമാനം.

കൽപിത സർവ്വകലാശാലകൾ തോന്നും പടി കോഴ്‌സുകൾ നടത്തുന്നതിനും നിയന്ത്രണം കൊണ്ടു വരും. കൗൺസിന്റെ മുൻകൂട്ടി അനുമതിയില്ലാതെ ഇനി അവർക്കും എഞ്ചിനിയറിങ് കോഴ്‌സുകൾ നടത്താനാകില്ല.