- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയ്യിൽ സ്വദേശിനിക്ക് അംഗ പരിമിതർക്കുള്ള സംവരണത്തിലൂടെ എയ്ഡഡ് സ്‌കൂളിൽ ആദ്യ നിയമനം; കടത്തനാട് രാജാസ് സ്‌കൂളിൽ ലാബ് അസിസ്റ്റന്റായി എയ്ജല പ്രകാശ്

കണ്ണൂർ:അംഗപരിമിതർക്ക് എയ്ഡഡ് സ്‌കൂളുകളിൽ സംവരണ നിയമനമെന്ന സർക്കാർ തീരുമാനം മയ്യിൽ സ്വദേശിനിയിലൂടെ നടപ്പിലായി. സംസ്ഥാനത്ത് ആദ്യമായി എയ്ഡഡ് സ്‌കൂളിൽ സംവരണാടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്ന ആദ്യ വനിതയായി മയ്യിൽ സ്വദേശിനി എയ്ജല മാറി.
കണ്ണൂർ മയ്യിൽ ആറാം മൈലിലെ ഭിന്നശേഷിക്കാരിയായ എയ്ജല പ്രകാശാണ് കോഴിക്കോട് ജില്ലയിലെ പുറമേരിയിലെ കടത്തനാട് രാജാസ് ഹയർ സെക്കൻഡറിയിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ മൂന്നിനാണ് ലാബ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നായി നാലുപേർ എയ്ഡഡ് സ്‌കൂളുകളിൽ സംവരണ നിയമ പ്രകാരം ജോലി നേടിയിട്ടുണ്ട്.
ജോലിയിൽ നാലു ശതമാനം അംഗപരിമിത സംവരണത്തിനായി 2018 നവംബർ 18 നാണ് സംസ്ഥാന സർക്കാർഉത്തരവിറക്കിയത്. അംഗ പരിമിതരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള 1995 ലെയും 2016ലെയും നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സംവരണത്തിനെതിരെ എൻഎസ്എസും കാത്തലിക് സ്‌കൂൾ മാനേജ്‌മെന്റ് കൺസോർഷ്യവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അംഗപരിമിത സംവരണം നടപ്പാക്കണമെന്ന സർക്കാർ തീരുമാനത്തിൽ ഇളവ് നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
തുടർന്ന് ഭിന്നശേഷിക്കാരുടെ സംഘടന വിവരാവകാശ പ്രകാരം എയ്ഡഡ് സ്‌കൂളുകളിലെ ഒഴിവുകൾ മനസ്സിലാക്കിയത് സംവരണ നിയമനത്തിലേക്ക് വഴിതെളിച്ചത്. എയ്ജലയുടെ ഭർത്താവ് സജീവൻ കണ്ണൂരിൽ പൊതുമരാമത്ത് വകുപ്പിൽ ജീവനക്കാരനാണ്.


