- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ സന്നദ്ധ സംഘടനക്കായി പൊലീസിൽ നിർബന്ധിത പിരിവ്; ഒരു പൊലീസ് സ്റ്റേഷനിൽ 100 രൂപയുടെ 25 കൂപ്പണുകളടങ്ങിയ ഒരു ബുക്ക് വിൽപ്പന നടത്തണമെന്ന് നിർദ്ദേശം; വിവാദമായതോടെ കാക്കി കുപ്പായത്തിലെ പണപ്പിരിവ് റദ്ദാക്കി കൊണ്ട് ഉത്തരവിറക്കി ഐജി അനൂപ് കുരുവിള ജോണിന്റെ ഇടപെടൽ
തിരുവനന്തപുരം: കേരളത്തിൽ പൊതുവേ എല്ലാ കാര്യത്തിനും പിരിവെടുക്കുക എന്നതാണ് മലയാളികളുടെ ശീലം. കേരളാ പൊലീസിനുള്ളിലും സംഘടനാ പ്രവർത്തനവും നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒരു സന്നദ്ധ സംഘടനക്ക് വേണ്ടി കേരളത്തിലെ പൊലീസുകാരെ പിരിവിന് കുറ്റി ഏൽപ്പിച്ച നടപടി വിവാദമായി. എയ്ഡ്‌സ് ബോധവത്കരണ ക്ലാസിന്റെ പേരിൽ സന്നദ്ധസംഘടനയ്ക്ക് വേണ്ടിയാണ് നിർബന്ധിത പിരിവു നടത്തിയത്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയ്ഡ്‌സ് കൺട്രോൾ ഫൗണ്ടേഷൻ എന്ന സംഘടനയ്ക്കുവേണ്ടി പണപ്പിരിവു നടത്താൻ മുകളിലിൽ നിന്നും പൊലീസുകാർക്ക് നിർദ്ദേശം പോയത്. ഇതിന്റെ പിന്നാലെ തലസ്ഥാന നഗരത്തിലെ പൊലീസ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ചു പിരിവു ആരംഭിക്കുകയും ചെയ്തു. ഒരു പൊലീസ് സ്റ്റേഷനിൽ 100 രൂപയുടെ 25 കൂപ്പണുകളടങ്ങിയ ഒരു ബുക്ക് വിൽപ്പന നടത്തണം. ഇങ്ങനെ 22 സ്റ്റേഷനുകൾ, എ.ആർ.ക്യാമ്പ്, ട്രാഫിക് സ്റ്റേഷനുകൾ, കൺട്രോൾ റൂം, ഡി.സി.ആർ.ബി., സ്പെഷ്യൽ ബ്രാഞ്ച്, നർക്കോട്ടിക് സെൽ എന്നിവയെല്ലാം കൂടി 40 ബുക്കുകൾ വിൽക്കണം എന്നതായിരുന്നു നിർദ്ദേശം.
രണ്ടു മണിക്കൂർ നീളുന്ന പരിശീലനപരിപാടിക്കായി ഒരു ലക്ഷം രൂപ സിറ്റി പൊലീസിൽനിന്നു പിരിച്ചുനൽകണമെന്നാണ് പൊലീസ് ആസ്ഥാനത്തു നിന്നും എത്തിയ ഓർഡറിൽ വ്യക്തമാക്കിയിരുന്നത്. ഈ തുക പിരിച്ചെടുത്ത് ഡൽഹിയിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു നിക്ഷേപിക്കാനാണ് നിർദ്ദേശം. പിരിച്ചെടുത്ത തുകയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാനും ഉദ്യോഗസ്ഥരോടു നിർദ്ദേശിച്ചിരുന്നു.
ഡിസംബറിൽ നൽകുന്ന പരിശീലനത്തിൽ ഒരു ബോധവത്കരണ വീഡിയോയും ക്ലാസും ഉണ്ടാകും. തങ്ങൾക്കു മറ്റു ഫണ്ടൊന്നുമില്ലാത്തതിനാൽ പരിശീലനത്തിനാവശ്യമായ പണം പിരിച്ചു നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. അതേസമയം സർക്കാർ ഫണ്ടുപയോഗിച്ചു പ്രവർത്തിക്കുന്ന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി അടക്കമുള്ള സ്ഥാപനങ്ങളുള്ളപ്പോൾ ഇത്തരമൊരു സംഘടനയുടെ സഹായം തേടേണ്ട ആവശ്യമില്ലെന്ന് പൊലീസുകാർ ചൂണ്ടിക്കാട്ടി. ചിലർ ഈ നീക്കത്തിനെതിരെ രംഗത്തുവരികയും ചെയ്തു.
ഇപ്പോൾ ബോധവത്കരണപരിപാടി നടത്തേണ്ട സാഹചര്യം വിശദീകരിക്കാനും ഉന്നതോദ്യോഗസ്ഥർക്ക് സാധിച്ചതുമില്ല. ഡോ. ആർ കെ വർമ പ്രസിഡന്റായ എയ്ഡ്‌സ് കൺട്രോൾ ഫൗണ്ടേഷൻ കേരളാ പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ ചുവടു പിടിച്ചാണ് ഇത്തരമൊരു നിർദ്ദേശം എത്തിയത്. അതേസമയം വിഷയത്തിൽ പൊലീസുകാർക്കുള്ളിൽ കടുത്ത എതിർപ്പ് ഉയർന്നതോടെ ഈ വികാരം മനസിലാക്കി ഇടപെട്ടത് ഐജി അനൂപ് കുരുവിള ഐപിഎസാണ്. അദ്ദേഹം പൊലീസ് സ്‌റ്റേഷനുകളിൽ ഇത്തരത്തിൽ പിരിവു നടത്തുന്നത് നല്ലതല്ലെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെ പണപ്പിരിവ് റദ്ദാക്കി കൊണ്ട് ഉത്തരവും അനുപ് കുരുവിള പുറപ്പെടുവിച്ചു.
പൊലീസ് വകുപ്പിൽ ഇത്തരം പ്രസ്ഥാനങ്ങളിൽ നിന്ന് കൂപ്പണുകൾ സ്വീകരിക്കുവാനോ, അത്തരം കൂപ്പുണുകൾ പൊലീസ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത് തുകകൾ പിരിച്ചെടുക്കാനോ പാടുള്ളതല്ലെന്നും അദ്ദേഹം ഉത്തരവിൽ വ്യക്തമാക്കി. അനൂപിന്റെ ഇടപെടലോടെ പൊലീസുകാർക്കും വിഷയത്തിൽ ആശ്വാസമായി. അടുത്തിടെ
ടെലികമ്മ്യൂണിക്കേഷൻ എസ്‌പി സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥനെ അനൂപ് കുരുവിള ഇടപെട്ട് സർവീസിൽ തിരിച്ചെടുത്ത സംഭവവും വാർത്തകളിൽ നിറഞ്ഞിരുന്നു. എസ് പി നവനീത് ശർമ ഐപിഎസ് സസ്‌പെൻഡ് ചെയ്ത നടപടിയായിരുന്നു അന്ന് ഐജി ഇടപെട്ട് തിരുത്തിയത്.
എസ്‌പിയുടെ ഇതര സംസ്ഥാനക്കാരനായ ജോലിക്കാരൻ ആകാശ് എന്ന പൊലീസുകാരനെ ക്വാർട്ടേഴ്‌സിൽ വിളിച്ച് എസ്‌പിയുടെ വളർത്തു നായ്ക്കളെ കുളിപ്പിക്കാനും മലമൂത്ര വിസർജ്യം മാറ്റാനും ആവശ്യപ്പെട്ടത് നിഷേധിച്ചതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ. പട്ടിയുടെ വിസർജ്യം കോരാൻ പറഞ്ഞപ്പോൾ അതു തന്റെ ജോലിയല്ലെന്നു പറഞ്ഞ് ആകാശ് ഗൺമാന്മാരുടെ റെസ്റ്റ് റൂമിൽ ഇരുന്നു. ഈ സംഭവത്തിൽ എസ് പി പകപോക്കൽ നടത്തിയപ്പോഴാണ് തിരുത്തൽ നടപടിയുമായി ഐജി രംഗത്തുവന്നതും.
മറുനാടന് മലയാളി ബ്യൂറോ