കോഴിക്കോട്: എയിംഫിൽ ഏവിയേഷൻ അക്കാദമിയുടെ പേരിൽ കോഴ്‌സ് നടത്തി സാമ്പത്തിക തട്ടിപ്പിന് ഇരയായ വിദ്യാർത്ഥികൾ സമരം ഊർജ്ജിതമാക്കാൻ ഒരുങ്ങുന്നു. എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സിന്റെ പേരിൽ തട്ടിപ്പിനിരയായ വിദ്യാർത്ഥികൾ നിരാഹാര സമരത്തിലേക്കാണ് നീങ്ങുന്നത്. കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തിക്കുന്ന എയിംഫിൽ എന്ന സ്ഥാപനത്തിൽ എയർപോർട്ട് ആൻഡ് എയർലൈൻസ് മാനേജ്‌മെന്റ് കോഴ്‌സിന് ചേർന്ന് തട്ടിപ്പിനിരയായ വിദ്യാർത്ഥികളാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. ഈ സ്ഥാപനത്തിന്റെ പേരിൽ നിരവധി തട്ടിപ്പുകളാണ് നടന്നത്. തട്ടിപ്പിന് ഇരയായ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പൊലീസിൽ പരാതിപ്പെട്ടിട്ടും കാര്യമായ നടപടികൾ ഉണ്ടാകാതിരുന്നതോടെയാണ് വിദ്യാർത്ഥികൾ നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. ഭാരതീയാർ സർവകലാശാലയുടെ കോഴ്‌സുകളുടെ മറവിൽ മാവൂർ റോഡിൽ സ്‌കൈ ടവറിൽ പ്രവർത്തിക്കുന്ന എയിംഫിൽ ഏവിയേഷൻ സെന്റർ വിദ്യാഭ്യാസ തട്ടിപ്പുനടത്തുകയായിരുന്നു. തങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോഴ്‌സിന് അടച്ച തുകയും നഷ്ടപരിഹാരവും നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. മൂന്നുവർഷ കാലയളവുള്ള കോഴ്‌സാണെന്ന് തെറ്റിദ്ധരിപ്പിച്ച് നാലുലക്ഷം രൂപവരെ ഫീസ് വാങ്ങിയാണ് കോഴ്‌സിൽ ചേർന്നത്. കോഴ്‌സ് കഴിഞ്ഞിട്ടും വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നില്ല. സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും വിദ്യാർത്ഥികൾ പറഞ്ഞു. അതേസമയം കേസന്വേഷണത്തിൽ നിന്നും നടക്കാവ് എസ്ഐയെ മാറ്റി ഡിവൈഎസ്‌പിക്ക് ചുമതല നൽകിയെങ്കിലും ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ വ്യോമയാന മേഖലയിൽ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെ കബളിപ്പിച്ച എയിംഫിൽ അക്കാദമി പുതിയ അഡ്‌മിഷൻ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചിട്ടുമുണ്ട്. വ്യോമയാന മേഖലയിൽ ബിബിഎ, എംബിഎ ബിരുദങ്ങൾ വാഗ്ദാനം ചെയ്താണ് സ്ഥാപനം വിദ്യാർത്ഥികളെ ആകർഷിച്ചിരുന്നത്. എന്നാൽ അഡ്‌മിഷൻ സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും പാലിക്കാതെ കബളിപ്പിച്ചതിനെത്തുടർന്നാണ് സ്ഥാപനത്തിനെതിരെ കുറച്ച് മുമ്പ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്.

ഭാരതീയാർ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ മൂന്നുവർഷ കാലയളവുള്ള സെവൻ സ്റ്റാർ ഏവിയേഷൻ കോഴ്‌സ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാർത്ഥികളിൽ നിന്ന് സ്ഥാപനം നാലുലക്ഷം രൂപ വരെ ഫീസിനത്തിൽ തട്ടിയെടുത്തത്. യൂണിവേഴ്‌സിറ്റിയിൽ അന്വേഷിച്ചപ്പോഴാണ് അയ്യായിരത്തോളം രൂപ മാത്രം ഫീസുള്ള കോഴ്‌സിനാണ് ഇത്രയും വലിയ തുക ഈടാക്കിയതെന്ന് വിദ്യാർത്ഥികൾക്ക് വ്യക്തമായത്. ഇത്രയും പണം ഈടാക്കിയിട്ടും പഠനത്തിനാവശ്യമായ പുസ്തകങ്ങൾ, യൂണിഫോം, ട്രെയിനിങ് എന്നിവയൊന്നും കുട്ടികൾക്ക് നൽകിയില്ല. മാത്രമല്ല മൂന്ന് വർഷത്തെ കോഴ്‌സ് ഫീ പൂർണ്ണമായും ഒരു വർഷത്തിനുള്ളിൽ തന്നെ അടയ്ക്കുവാൻ വേണ്ടി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കുകയായിരുന്നു സ്ഥാപന നടത്തിപ്പുകാർ.

ഒന്നാം വർഷത്തിൽ കുട്ടികൾ മൂന്ന് ഏവിയേഷൻ ഡിപ്ലോമ പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റിന് വേണ്ടി പ്രിൻസിപ്പലിനെ സമീപിച്ചെങ്കിലും ബാക്കി വരുന്ന മുഴുവൻ ഫീസും അടയ്ക്കുവാൻ നിർബന്ധിക്കുകയും കുട്ടികൾക്ക് നേരെ ഭീഷണി ഉയർത്തുകയയുമായിരുന്നു അധികൃതർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാരതീയാർ യൂണിവേഴ്‌സിറ്റിയുമായി ബന്ധമില്ലാത്ത, ഡിജിറ്റോ ടെക്‌നിക്കൽ ട്രെയിനിങ് സർവീസസ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള സർട്ടിഫിക്കറ്റാണ് ഇവർ വിതരണം ചെയ്യുന്നതെന്ന് വ്യക്തമായി. ഈ സ്ഥാപനത്തിന്റെ ഉടമയും എയിംഫിൽ ഉടമയും ഫാസിൽ മുഹമ്മദ് ബഷീർ എന്നയാൾ തന്നെയായിരുന്നു.

അഡ്‌മിഷൻ സമയത്ത് നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും ഇവ നൽകാൻ അധികൃതർ തയ്യാറായില്ല. സ്ഥാപനത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടിയാണ് അക്കാദമി എടുത്തത്. സ്ഥാപനത്തിന്റെ തട്ടിപ്പുകളെക്കുറിച്ച് പുറത്ത് പറഞ്ഞ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസയച്ചും സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാതെയുമാണ് ഇവരുടെ പീഡനം. എറണാകുളത്ത് പ്രവർത്തിക്കുന്ന എയിംഫിൽ ഇന്റർനാഷണൽ ഏവിയേഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് മാത്രമാണ് അഫിലിയേഷൻ ലൈസൻസ് ഉള്ളത്. ഇതിന്റെ മറവിലാണ് മറ്റു ജില്ലകളിലും ഇവർ സ്ഥാപനം നടത്തിവരുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.