ന്യൂഡൽഹി:ഡോക്ടർമാർ എത്രത്തോളം സമ്മർദ്ദത്തിനു കീഴിലാണ് ഓരോദിവസവും ജോലി ചെയ്യുന്നതെന്ന് പ്രധാനമന്ത്രി മനസ്സിലാക്കുന്നതിന് ഒരു ദിവസത്തേക്ക് ഞങ്ങളുടെ ജീവിതം ജീവിക്കൂ എന്ന് പറയുകയാണ് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ റസിഡന്റ് ഡോക്ടർമാർ.ശമ്പളവർധനവും സ്ഥാനക്കയറ്റവും ആവശ്യപ്പെട്ട് രാജസ്ഥാനിലെ ഡോക്ടർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ആർ ഡി എ പ്രധാനമന്ത്രിക്ക് അഭ്യർത്ഥനയുമായി കത്തെഴുതിയത്.

'താങ്കളെ പോലെ ഊർജസ്വലനായ ഒരു പ്രധാനമന്ത്രിയുണ്ടായതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഇപ്പോൾ ഞങ്ങൾ റസിഡന്റ് ഡോക് ടർമാർ താങ്കളോട് അഭ്യർത്ഥിക്കുകയാണ്, ഞങ്ങൾ ഓരോദിവസവും അഭിമുഖീകരിക്കുന്ന കടുത്ത സമ്മർദം എന്തെന്ന് മനസ്സിലാക്കാനും ചികിത്സ ലഭിക്കാത്ത രോഗികളുടെ കഷ്ടപ്പാട് അറിയാനും അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റ് സൗകര്യങ്ങളുടെയും അഭാവത്തിൽ മരിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യമേഖലയെ കുറിച്ച് അറിയാനും താങ്കൾ ഒരു വെള്ള ഏപ്രൺ ധരിച്ച് സർക്കാർ ഡോക്ടർമാരെ പോലെ ഒരു ദിവസം ചിലവഴിക്കൂ.-എയിംസ് ആർ ഡി എ പ്രസിഡന്റ് ഹർജിത് ഭട്ടി കത്തിൽ ആവശ്യപ്പെടുന്നു.ഡിസംബർ പതിനാറു മുതലാണ് രാജസ്ഥാനിലെ ഡോക്ടർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്.