ന്യൂഡൽഹി: വിവാദമായ സുനന്ദ പുഷ്‌കർ മരണത്തിൽ ശശി തരൂരിനെതിരെ ഡൽഹി എയിംസിന്റെ മെഡിക്കൽ റിപ്പോർട്ട്. അന്വേഷണം വഴിതിരിച്ചുവിടാൻ തിരുവനന്തപുരം എംപി ശ്രമിച്ചുവെന്നാണ് എയിംസ് മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ശശി തരൂരും സുഹൃത്തുക്കളും ചേർന്ന് അന്വേഷണം വഴിതിരിച്ചു വിടാൻ ശ്രമം നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സുനന്ദയുടെ മരണശേഷം തരൂരും സുഹൃത്തുക്കളും സുനന്ദയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് എയിംസിലേയ്ക്ക് അയച്ച ഇമെയിലുകൾ അന്വേഷണം തിരിച്ചുവിടാനാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

സുനന്ദയുടെ രോഗ വിവരങ്ങളെ കുറിച്ചും ആരോഗ്യ സ്ഥിതിയെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് തരൂർ എയിംസിലെ ഡോക്ടർമാർക്ക് നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുനന്ദ ഭക്ഷണം കഴിച്ചിട്ട് രണ്ട് മൂന്ന് ദിവസമായെന്നും അതുമൂലം രക്തസമ്മർദ്ദം കുറഞ്ഞിരുന്നുവെന്നുമാണ് തരൂർ പറഞ്ഞിരുന്നത്.

എന്നാൽ ഈ വാദങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് എയിംസിലെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. സുനന്ദയുടെ ശരീരത്തിൽ ലിഡോസെയിന്റെ സാന്നിധ്യവും സിറിഞ്ച് ഉപയോഗിച്ച് കുത്തിയ പാടും ഉള്ളതായും മെഡിക്കൽ ബോർഡ് റിപ്പോർട്ടിലുണ്ട്. ദന്തക്ഷതം ഉൾപ്പെടെയുള്ള പരുക്കുകളും സുനന്ദയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു. സുനന്ദയ്ക്ക് ലൂപ്പസ് രോഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തരൂരിന്റെ സുഹൃത്തായ ശിശുരോഗ വിദഗ്ധൻ ദുബായിൽ നിന്നയച്ച ഇമെയിലിന്റെ ലക്ഷ്യം അന്വേഷണം വഴിതിരിച്ചുവിടലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.