സിഡ്‌നി: സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സിഡ്‌നിയിലെ സ്വകാര്യ കോളേജിന്റെ അംഗീകാരം റദ്ദാക്കി. എണ്ണായിരം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാഴ്‌ത്തിക്കൊണ്ടാണ് ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പൂട്ടിയത്. ഓസ്‌ട്രേലിയൻ സ്‌കിൽസ് ക്വാളിറ്റി അഥോറിറ്റി നടത്തിയ അന്വേഷണത്തിൽ സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടർന്നാണ്  ചൊവ്വാഴ്ച ഫെഡറൽ സർക്കാർ കോളേജിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയത്.

റോയൽ നോർത്ത് ഷോർ ആശുപത്രിയിലെ മുൻ ഡോക്ടറും റിയൽ എസ്‌റ്റേറ്റ് വ്യവസായിയുമായ സ്ഥാപനത്തിന്റെ ഉടമ. സിഡ്‌നി സിബിഡിയിലുള്ള ഈ സ്ഥാപനം 11 നില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ബിസിനസ് ആൻഡ് മാർക്കറ്റിംഗിൽ ഓൺലൈൻ കോഴ്‌സുകളിലും റെഗുലർ ക്ലാസുകളിലുമായി എണ്ണായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നത്. ഓസ്‌ട്രേലിയയിലെ വലിയ സ്വകാര്യ കോളേജുകളിൽ ഒന്നാണിത്.
സംസ്ഥാനത്തിന്റെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഇവിടെ പ്രവേശനം നൽകിയിരുന്നു. ഒരു കോഴ്‌സിന് ഒരു വിദ്യാർത്ഥിക്ക് 18000 ഡോളർ സർക്കാർ ഖജനാവിൽ നിന്ന് വായ്പയും നൽകിയിരുന്നു. പഠന ശേഷം 54000 ഡോളറിനു മുകളിൽ ശമ്പളം ലഭിക്കുമ്പോൾ പഠനത്തിനായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ ഫണ്ടിൽ നിന്നും 10 ലക്ഷം ഡോളർ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ നിന്നും ചെറിയ തുക മാത്രമാണ് കോളേജ് അധികൃതർ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നത്. വിദ്യാർത്ഥികളുടെ വ്യാജ ഒപ്പിച്ച് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ പണം തട്ടിയതായാണ് ഓസ്‌ട്രേലിയൻ സ്‌കിൽസ് ക്വാളിറ്റി അഥോറിറ്റി കണ്ടെത്തിയത്. എഐപിഇ കൂടാതെ മറ്റു രണ്ടു സ്ഥാപനങ്ങളും ഇതേ രീതിയിൽ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഗ്രാൻവില്ലെയിലെ യുണീക് ഇന്റർനാഷണൽ കോളേജും മെൽബണിലെ ഫീനിക്‌സ് ഇൻസ്റ്റിറ്റിയൂട്ടും ആണവ.

(ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ)