നെടുമ്പാശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തെ മുൾമുനയിൽ നിർത്തി യന്ത്ര തകരാറുള്ള വിമാനത്തിന്റെ ലാൻഡിങ്. യന്ത്രത്തകരാറിനെ തുടർന്ന് ഷാർജയിൽ നിന്നുള്ള വിമാനമാണ് ഇന്ന് നെടുമ്പാശേരിയിൽ അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നത്. എയർ അറേബ്യയുടെ നെടുമ്പാശേരിയിലേക്കുള്ള വിമാനമാണ് രാത്രി 7.25 ന് നിലത്തിറക്കിയത്.

സാധാരണ നടപടിക്രമങ്ങൾ പാലിക്കാൻ കാത്തുനിൽക്കാതെ പ്രത്യേക അനുമതി തേടിയാണ് വിമാനം ഇറങ്ങിയത്. നെടുമ്പാശേരിയിലേക്ക് പറക്കുന്നതിനിടെ പൈലറ്റിന് തകരാർ ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് അധികൃതരുടെ സഹായം തേടി. എമർജൻസി ലാൻഡിങ് വേണ്ടി വരുമെന്ന് യാത്രക്കാരെയും അറിയിച്ചു. ഇതോടെ എല്ലാവരും കടുത്ത ആശങ്കയിലുമായി.

ജി9 426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലായിരുന്നു തകരാർ. ഇതോടെ കൊച്ചി വിമാനത്താവളത്തിൽ വൈകിട്ട് 6.41നു സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനം ലാൻഡു ചെയ്യുമ്പോൾ ഉണ്ടാകാൻ ഇടയുള്ള അപകട സാധ്യതയെല്ലാം പരിഗണിച്ചുകൊണ്ട് എല്ലാ ക്രൂവിഭാഗവും സജീവമായി നിന്നുരുന്ന.

വിമാനമിറങ്ങുമ്പോൾ നെടുമ്പാശേരിയിൽ സിഐ.എസ്.എഫ്, പൊലീസ്, മെഡിക്കൽ സംഘം തുടങ്ങിയവ സജ്ജരായി കാത്തുനിന്നു. 215 യാത്രക്കാരുമായി സുരക്ഷിതമായി തന്നെ നിലത്തിറക്കുവാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. 7.13നു ലാൻഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാൻഡ് ചെയ്യാനായത്. വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു.

വിമാന സർവീസുകൾ സാധാരണ നിലയിലായി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നു വിമാനത്താവള അധികൃതർ അറിയിച്ചു. കടുത്ത ആശങ്കയെ അതിജീവിക്കാൻ കഴിഞ്ഞ ആശ്വാസത്തിലായിരുന്നു നെടുമ്പോശ്ശേരി വിമാനത്താവളം അധികൃതരും യാത്രക്കാരും.