സലാല: ഗൾഫ് മേഖലയിൽ ഉണ്ടായ കനത്ത മൂടൽ മഞ്ഞ് മൂലം വിമാനസർവ്വീസുകൾ ആകെ താളം തെറ്റിയ അവസ്ഥയിലാണ്. അബുദബിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നിരവധി സർവ്വീസുകൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയിതാ കഴിഞ്ഞദിവസം സലാലയിൽ നിന്ന് ഷാർജ വഴി ചെന്നൈക്കുള്ള എയർ അറേബ്യ വിമാനം റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.

സലാലയിൽ നിന്നും ഷാർജ വഴിയാണ് വിമാനം ചെന്നൈയിലേക്കു പോകേണ്ടിയിരുന്നത്. കമ്പനി വെബ് സൈറ്റിലും സർവീസിനെ കുറിച്ച് വിവരമൊന്നു പറഞ്ഞിരുന്നില്ല. അതേസമയം മോശം കാലാവസ്ഥയാകും വിമാനം റദ്ദാക്കാൻ കാരണമെന്നാണ് വിമാനക്കമ്പനി അധികൃതർ നൽകുന്ന വിശദീകരണം

സർവ്വീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ഷാർജ വിമാനത്താവളത്തിൽ കുടുങ്ങി. പിന്നീട് മറ്റു വിമാനങ്ങളിൽ കയറ്റി വിടാമെന്ന് കമ്പനി യാത്രക്കാർക്ക് ഉറപ്പു നൽകുകയായിരുന്നു. കമ്പനി ചെയ്തുകൊടുക്കേണ്ട ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് ലഭിച്ചതെന്ന് യാത്രക്കാർ ആരോപിച്ചു.