ന്യൂഡൽഹി: ടിക്കറ്റ് നിരക്കിൽ വലിയ ഇളവുകളുമായി എയർഏഷ്യ രംഗത്ത്, ആഭ്യന്തര റൂട്ടുകളിൽ 99 രൂപ മുതലുള്ള ടിക്കറ്റുകളുടെ പ്രത്യേക ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. തെരഞ്ഞെടുത്ത ആഭ്യന്തര- അന്താരാഷ്ട്ര പാതകളിൽ ടിക്കറ്റ് ഇളവ് ലഭ്യമാകുന്നത്.

ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, കോൽക്കത്ത, ഡൽഹി, പൂണെ, റാഞ്ചി എന്നിവടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കാണ് പ്രത്യേക കിഴിവ് ഉള്ളത്. എന്നാൽ ഓഫർ ലഭിക്കണമെങ്കിൽ എയർഏഷ്യയുടെ വെബ്‌സൈറ്റ് വഴിയും ആപ് വഴിയും ബുക്ക് ചെയ്യണം.

ജനുവരി 15നും ജൂലൈ 31നും ഇടയിലുള്ള യാത്രകൾക്കാണ് ഇളവുകൾ ലഭ്യമാവുന്നത്. ജനുവരി 21 ആണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസാന തീയതി. എയർപോർട്ട് ടാക്‌സുകളും മറ്റ് ചാർജുകളും അധികമായി നൽകേണ്ടി വരും.

ഇതിനൊപ്പം ചില വിദേശരാജ്യങ്ങളിലേക്കും കുറഞ്ഞ ചെലവിൽ എയർ ഏഷ്യ ടിക്കറ്റുകൾ നൽകുന്നുണ്ട്. ബാലി, ബാങ്കോക്ക്, ക്വാലാലംപൂർ, മെൽബൺ, സിംഗപ്പുർ തുടങ്ങിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള നിരക്ക് 1499 രൂപയിലാണ് തുടങ്ങുന്നത്.