കോട്ടയം: ദിവസം 150 രൂപ മാത്രം വാടകയുള്ള എയർ ബെഡിന് ബില്ലിലെ തുക 75,125 രൂപ. രോഗിയുടെ മരണം അറിയിക്കുമ്പോഴും അതിനേക്കാൾ കൂടുതൽ ആഘാതം സൃഷ്ടിക്കുന്ന ബില്ലിന്റെ കഥകൾ കേട്ടിട്ടേയുണ്ടാകൂ പലരും. എന്നാലിതാ അത്തരമൊരു സംഭവം. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ നിന്നുമാണ് ജനങ്ങളുടെ നിസഹായാവസ്ഥ ചൂഷണം ചെയ്തുള്ള തട്ടിപ്പിന്റെ അനുഭവ കഥ പുറത്തുവന്നത്. ഓസ്‌ട്രേലിയയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഗീത അനിലിന് സ്വന്തം പിതാവിനെ പുഷ്പഗിരിയിൽ പ്രവേശിപ്പിക്കേണ്ടി വന്നപ്പോഴാണു ദുരനുഭവങ്ങളുണ്ടായത്.

ഇക്കാര്യങ്ങളൊക്കെ തുറന്നു പറയുന്നത് ഇതു പോലെ ഇനിയൊരാൾ കൂടി ചതിയിലകപ്പെടരുതെന്നു കരുതിയാണെന്നു ഗീത പറയുന്നു... പറ്റിക്കപ്പെടാതിരിക്കാനായി ഒരു തൃക്കൺ തുറക്കൽ തന്നെയാണിത്. നഴ്‌സിങ് ബിരുദത്തിനു ശേഷം ഡൽഹിയിലെ എസ്‌കോർട്ട്‌സ്, ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നീ ആശുപത്രികളിൽ ജോലി ചെയ്ത വ്യക്തിയാണ് ഗീത അനിൽ. നീണ്ട കാലം ബ്രിട്ടനിലും സേവനം അനുഷ്ഠിച്ചിരുന്നു. ഗീതയുടെ പിതാവിനു സംഭവിച്ച ദുരന്തവും ആശുപത്രി അധികൃതരുടെ ക്രൂരമായ പെരുമാറ്റവും തട്ടിപ്പിന്റെ ഉള്ളുകളികളും ഗീത പറയുന്നത് ഇങ്ങനെ:

'ഇതെന്റെ പിതാവിനു സംഭവിച്ചതാണ്, എനിക്കും.. നാളെയൊരുപക്ഷേ പലരും ഇതിലൂടെ കടന്നുപോയേക്കാം, അതിനാർക്കുമിട വരുത്തല്ലേ എന്ന പ്രാർത്ഥനയോടെ തുടങ്ങട്ടെ.. എന്റെ പിതാവ് എം ഇ കൃഷ്ണൻകുട്ടി (64) നാട്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയസാമൂഹ്യ പ്രവർത്തകൻ ആയിരുന്നു. സിപിഎമ്മിന്റെ തൊടുപുഴ ലോക്കൽ കമ്മിറ്റി മെമ്പർ, ബ്രാഞ്ച് സെക്രട്ടറി, ആർട്ടിസാൻ യൂണിയന്റെ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, ഏരിയ സെക്രെട്ടറി, ഡിസ്ട്രിക്ട് കമ്മിറ്റി വൈസ് പ്രസിഡന്റ്, നവോദയ ലൈബ്രറി ഭരണ സമിതിയംഗം എന്നീ നിലകളിലെല്ലാം സേവനമനുഷ്ട്ടിച്ചിട്ടുണ്ട്.

വൃക്ക സംബന്ധമായ അസുഖത്താൽ പിതാവിനെ തൊടുപുഴ ചാഴിക്കാട്ടു ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞാണ് പരിചരണാർത്ഥം ഞാൻ നാട്ടിലെത്തുന്നത്. തുടർന്ന് ഡയാലിസിസും വെന്റിലേറ്ററും ഒരുമിച്ചു വേണ്ടിവന്നതിനാലാണ് പിതാവിനെ ചികിത്സിച്ചു കൊണ്ടിരുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം തിരുവല്ല പുഷ്പഗിരി യിലേക്ക് കൊണ്ടുപോകുന്നത്. കാരണം ആ ഡോക്ടർ അവിടേയും ജോലി ചെയ്യുന്നുണ്ടായിരുന്നു.

ഏതാണ്ട് മൂന്നാലു ദിവസങ്ങൾ കൊണ്ടു തന്നെ പിതാവിൽ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾക്ക് ഞാനും സാക്ഷിയായിരുന്നു. അതുകൊണ്ട് തന്നെയാണ് വെന്റിലേറ്റർ ഡിസ്‌കണക്റ്റ് ചെയ്യാമെന്ന് അദ്ദേഹം തന്നെ പറഞ്ഞതും. പക്ഷെ ഐസിയു ഡോക്ടർ അതു പൂർണ്ണമായി അവഗണിക്കയായിരുന്നു. പിന്നീട് വെന്റിലെറ്റർ മാറ്റാൻ നമ്മൾ ആവശ്യപ്പെട്ടിട്ടു പോലും ഐസിയു ഡോക്ടർ ചെവിക്കൊണ്ടില്ല.

തുടർച്ചയായ വെന്റിലേറ്റർ ഉപയോഗം ലങ്ങ്‌സിൽ ഇൻഫെക്ഷൻ ഉണ്ടാക്കുകയും പിന്നീട് സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയും ചെയ്തു. തദവസരത്തിൽ എന്നോടൊപ്പം പ്രായമായ എന്റെ മാതാവു മാത്രമാണ് ഉണ്ടായിരുന്നത്. വെളുപ്പിന് എന്നെ മരണം അറിയിക്കുമ്പോൾ മരവിച്ചുപോയ എന്നിലേക്ക് ഹോസ്പിറ്റൽ ബില്ലും ഏതാനും മരുന്നുകളും വച്ചുതന്നു. എത്രയും പെട്ടന്ന് ബില്ലടച്ച് വന്നു ബോഡി കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.

ബന്ധുക്കളെ അറിയിക്കട്ടെ, അവർ വന്നിട്ട് ബാക്കി കാര്യങ്ങൾ ചെയ്യാം എന്ന എന്റെ യാചന പോലും അവർ ചെവികൊണ്ടില്ല. ആ ആഘാതത്തിൽ തളർന്നു പോയ എന്റെ മാതാവിനെ സമാശ്വസിപ്പിക്കാൻ പോലും സമ്മതിക്കാതെ ഞാൻ ബില്ലടക്കാൻ പോകുമ്പോൾ അവർ ഐസിയുവിനുപുറത്തു തളർന്നിരിക്കയായിരുന്നു. ഞാനൊന്നു പൊട്ടി കരഞ്ഞതുപോലും ബില്ലടക്കാനുള്ള ക്യൂ വിൽ നിന്നായിരുന്നു. ഒരു പരിഗണനയും യാതൊരു വിധ ദാക്ഷിണ്യവും ആശുപത്രി അധികൃതരിൽ നിന്നും ലഭിച്ചില്ല എന്നതൊരു ക്രൂരമായ സത്യമാണ്.

ഏതാനും ദിവസങ്ങൾക്കു ശേഷം ഞാൻ ഓസ്‌ട്രെലിയയിൽ തിരിച്ചെത്തി..ആ ആഘാതത്തിൽ നിന്നും അൽപ്പമെങ്കിലും മുക്തയാകാൻ ഏറെ ആഴ്ചകൾ എടുത്തു. ഏതാണ്ട് രണ്ടു മാസങ്ങൾക്ക് ശേഷം വീട്ടിൽ വിളിച്ച് ബില്ലുകളെല്ലാം എടുപ്പിച്ചു. വെറുതെ ബില്ലുകളിലൂടെ കണ്ണോടിച്ചപ്പോൾ ഫൈനൽ ബില്ലു കണ്ടു ഞാൻ ഞെട്ടിപ്പോയി. സത്യത്തിൽ ആ ബിൽ അടച്ചത് ഞാൻ തന്നെയെങ്കിലും അന്നതിൽ നോക്കാൻ പോലും എനിക്ക് കരുത്തുണ്ടായിരുന്നില്ല. ഫൈനൽ ബില്ലിലെ എയർ ബെഡ് ചാർജ് എന്നതിനു നേരെ എഴുതിയ തുക കണ്ടാണ് സത്യത്തിൽ ഞാൻ ഞെട്ടിപ്പോയത്, 75,125 രൂപ !!!!!!!

ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അവർ എന്നെ ചോദ്യം ചെയ്യുകയായിരുന്നു. അവർക്ക് റീ ചെക്ക് ചെയ്യാൻ പറ്റില്ലെന്നും ബില്ലിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അപ്പോൾ പറയണമായിരുന്നുവെന്നും രണ്ടുമാസം കഴിഞ്ഞ സ്ഥിതിക്ക് ബുദ്ധിമുട്ടാണെന്നുമൊക്കെ പറഞ്ഞു.. എന്റെ പ്രതികരണത്തിലെ പന്തികേട് മനസ്സിലാക്കിയതിനാലാകാം അവർ ബില്ലെടുത്ത് ചെക്കു ചെയ്തു. ഞാനപ്പോൾ എയർ ബെഡിന്റെ കാര്യം തിരക്കി.

അവർ പറഞ്ഞ തുക കേട്ടു ഞാൻ അന്ധാളിച്ചു.. ഒരു ദിവസത്തേക്ക് 150 രൂപ !!!!!! പിതാവിന് ഉപയോഗിച്ചത് അഞ്ചു ദിവസം.. അതായത് 750 രൂപ.. ഇതിനു പകരമാണ് 75,125 രൂപ അവർ ഈടാക്കിയത്. ഒഴുക്കൻ മട്ടിലൊരു സോറിയും അക്കൗണ്ട് നമ്പർ തന്നാൽ പൈസ തിരിച്ചിട്ടേക്കാമെന്നൊരു മറുപടിയും. ശേഷം ആശുപത്രി അധികൃതരുമായി സംസാരിച്ചപ്പോൾ ടൈപ്പ് ചെയ്തപ്പോൾ വന്ന തെറ്റെന്ന മറുപടി മാത്രമാണ് ലഭിച്ചത്. അതത്ര സത്യസന്ധമാണെന്ന് അവരുടെയൊന്നും വാകുകളിൽ എനിക്കു തോന്നിയില്ല, മറിച്ച് ആരുടെയൊക്കെയോ ഒത്താശയോടെ ഇത് കൃത്രിമമായി സൃഷ്ട്ടിക്കപ്പെട്ടത് തന്നെയെന്നു വിശ്വസിക്കുന്നു.

ഇത്രയും വലിയ ആശുപത്രിയിൽ ഇങ്ങനെ അലക്ഷ്യമായി കണക്കുകൾ കൈകാര്യം ചെയ്യന്നു എന്നത് വിശ്വാസജനകമല്ല., പോരാത്തതിന് രണ്ടു മാസം കഴിഞ്ഞിട്ടും ഇങ്ങനെയൊരു തെറ്റവർക്ക് കണ്ടെത്താനായില്ല എന്നതും എവിടൊക്കെയോ പൊരുത്തക്കേടുകൾ സൃഷ്ടിക്കുന്നു. 75000 രൂപ ഒരു സാധാരണക്കാരനെ സംബന്ധിചിടത്തോളം വലിയ സംഖ്യ തന്നെയാണ്. ആശുപത്രി വാസത്തിലെ ഓരോ ദിവസവും മരുന്നിനു പുറമേ ഗ്ലൗസ്, സിറിഞ്ച്, നീഡിൽ തുടങ്ങി അവർക്ക് വേണ്ടുന്ന സകല സാധനങ്ങളും നമ്മെകൊണ്ട് ഒരു ദിവസം തന്നെ പലകുറി വാങ്ങിപ്പിക്കും. പക്ഷെ അതിലെത്ര അവർ ഉപയോഗിക്കുന്നുണ്ടെന്നു നമുക്ക് വ്യക്തമല്ല. അവിടേയും കള്ളക്കളികൾ തന്നെയാകും നടക്കുന്നത് എന്നും ഗീത പറയുന്നു. അനേക വർഷം ഐസിയുവിൽ ഇന്ത്യക്കകത്തും പുറത്തും ജോലിചെയ്ത പരിചയം ഒന്നു മാത്രമാണ് ബില്ലിലെ കള്ളകളി കണ്ടെത്തുവാനും ഡോക്ടർമാർ അടക്കം സ്റ്റാഫുകളുടെ നിരുത്തരവാദിത്വം, മനുഷ്യത്വമില്ലായ്മ തുടങ്ങിയവയ്‌ക്കെല്ലാം സാക്ഷിയാകേണ്ടി വന്നപ്പോൾ പല സന്ദർഭങ്ങളിലും അതിനെതിരെ പ്രതികരിക്കാനും കഴിഞ്ഞതെന്നും ഗീത പറയുന്നു.

ആരോഗ്യ രംഗത്ത് പരിചയമുള്ള തനിക്കു പോലും ഇത്രയും ദുരനുഭവമുണ്ടാകുമ്പോൾ സാധാരണക്കാർ എത്ര മാത്രം ക്രൂരതകൾക്കാണ് ഇരയാകേണ്ടിവരികയെന്നും ഗീത ചോദിക്കുന്നു. അറിവില്ലായ്മയും, നിസ്സഹായാവസ്ഥയും ചൂഷണം ചെയ്യാൻ കച്ച കെട്ടിയിരിക്കുന്നവർ നിരവധിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്. ഈ സംശയമെല്ലാമാണ് ആശുപത്രി അധികൃതർ രഹസ്യമായി വച്ച് നീട്ടിയ പണം സ്വീകരിക്കാതെ അവർക്കെതിരെ തുറന്ന നിയമ യുദ്ധത്തിനു വഴി തെളിച്ചതെന്നും ഗീത വെളിപ്പെടുത്തുന്നു. ബില്ലിലെ കള്ളക്കളികൾ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുകയും ചിലരെങ്കിലും ഇനി മുതൽ ജാഗരൂകരാകയും ചെയ്താൽ എന്റെ ഈ തുറന്നു പറച്ചിൽ സാർത്ഥകമായെന്നാണു ഗീത പറയുന്നത്.

പുഷ്പഗിരി മെഡിക്കൽ കോളേജിൽ നടന്ന തട്ടിപ്പിനെതിരായി നിയമയുദ്ധം നടത്തിയ ഗീത പറയുന്നത് ഇതൊരു പുഷ്പഗിരിയുടെ മാത്രം കഥയാകണമെന്നില്ല എന്നാണ്. നാടെമ്പാടും കൂണുപോലെ മുളച്ചു പൊന്തുന്ന ആതുരാലയങ്ങൾ ജനങ്ങളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്ന ഓരോ പുഷ്പഗിരിയുടേയും കഥയാകാമെന്നും അവർ പറയുന്നു.