ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സർവീസായ എയർ ഡെക്കാൻ തിരിച്ചുവരുന്നു. രണ്ടാം വരവ് ഗംഭീരമാക്കാൻ ഒരു രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനി.

മുംബൈ, ഡൽഹി, കൊൽക്കത്ത, ഷില്ലോങ് എന്നിവടങ്ങളിൽ നിന്ന് സർവീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടായിരിക്കും രണ്ടാവരവ്. ഡിസംബർ 22 ന് സർവീസ് പുനരാരംഭിക്കും. മുംബൈയിൽ നിന്ന് നാസിക്കിലേക്കായിരിക്കും രണ്ടാം വരവിലെ ആദ്യ യാത്രയെന്ന് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. മുംബൈ-നാസിക് യാത്രയ്ക്ക് വിമാനകമ്പനികൾ 1400 രൂപയാണ് നിരക്ക് ഈടാക്കുന്നത്. എന്നാൽ ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേർക്ക് ഒരു രൂപയ്ക്ക് പറക്കാൻ അവസരമൊരുങ്ങുമെന്ന് ഗോപിനാഥ് പറയുന്നു.

2003 ലാണ്  ക്യാപ്റ്റൻ ഗോപിനാഥ് എയർ ഡെക്കാൻ അവതരിപ്പിച്ചത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2008 ൽ വിജയ് മല്യയുടെ കിങ്ഫിഷർ എയർ ഡെക്കാൻ ഏറ്റെടുക്കുകയായിരുന്നു.

കേന്ദ്രസർക്കാരിന്റെ ചെലുവുകുറഞ്ഞ വിമാനയാത്ര പദ്ധതിയായ ഉഡാൻ സർവീസ് ഉപയോഗപ്പെടുത്താമെന്നാണ് ഗോപിനാഥിന്റെ പ്രതീക്ഷ. ഇത് അവസാനശ്രമമായിരിക്കും ഇതിലും രക്ഷപെട്ടില്ലെങ്കിൽ എന്നന്നേക്കുമായി ഈ മേഖലയോടെ വിടപറയുമെന്ന് ഗോപിനാഥ് പറയുന്നു.

19 സീറ്റ് മാത്രമുള്ള ബീച്ച് 1900 ഡി വിമാനങ്ങളും കമ്പനി ഉപയോഗിക്കാൻ പദ്ധതിയിടുന്നുണ്ട്.