കൊണ്ടോട്ടി: എയർ ഇന്ത്യ എക്സ്പ്രസിലെ എയർ ഹോസ്റ്റസിനെ കോഴിക്കോട് വിമാനത്താവളത്തോടു ചേർന്നുള്ള താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്. തിരുവനന്തപുരം പേരൂർക്കട കുന്നുംപുറം ഹരിഹർനഗർ ഹൗസ് നമ്പർ 32-ൽ ജലജകുമാരിയുടെ മകൾ മോനിഷ മോഹ(23)നെയാണ് കരിപ്പൂരിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് ആത്മഹത്യ തന്നെയെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തുക്കളും അമ്മയും ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രതികരിക്കാത്തതിനെത്തുടർന്ന് മുറിയിലെത്തിയപ്പോഴാണ് മോനിഷയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അമ്മയുടെ ആവശ്യപ്രകാരം ഒരു സുഹൃത്താണ് മുറിയിൽ എത്തി നോക്കിയത്. തൂങ്ങി നിൽക്കുന്ന മോനിഷയെയാണ് കണ്ടത്. ഉടൻ കരിപ്പൂർ പൊലീസ് വിവരം അറിയിച്ചു. സമീപത്തുനിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രണയ നൈരാശ്യമാണ് മരണകാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.

കഴിഞ്ഞ ഒരുവർഷമായി മോനിഷ മോഹൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയാണ്. അസ്വാഭാവിക മരണത്തിന് കരിപ്പൂർ പൊലീസ് കേസെടുത്തു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. 2016 ഫെബ്രുവരിയിലാണ് എയർ ഇന്ത്യ കോഴിക്കോട് ഓഫിസിൽ മോനിഷ ജോലിയിൽ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയിലായിരുന്നെന്ന് പറയുന്നു. ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായ ഹനീഷാണ് സഹോദരൻ. സംസ്‌കാരം ഇന്നു രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.

ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞാണ് മോനിഷ മോഹൻ ഫ്‌ളാറ്റിലേക്ക് പോയത്. പിന്നീട് ഞായറാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഡ്യൂട്ടിക്ക് കയറേണ്ടതായിരുന്നു. രാവിലെയാണ് മോനിഷയെ ഫൽറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കരിപ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.