ന്യൂഡൽഹി: ഇന്ധനവിലയുൾപ്പെടെ ചെലവുകൂടുതയും നഷ്ടമേറുകയും ചെയ്തതോടെ പൂട്ടിപ്പോകലിന്റെ വക്കിലാണ് എയറിന്ത്യ. ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാർക്കുവേണ്ടിയുള്ള ധൂർത്തിൽ കർശനമായി നിയന്ത്രണമേർപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. ജോലിക്ക് കൃത്യസമയത്ത് ഹാജരാകാത്തവരിൽനിന്ന് ടാക്‌സി കാശ് ഈടാക്കാനാണ് തീരുമാനം. വൈകിയെത്തുന്നവരെ ഒരുവർഷത്തേക്ക് ആഭ്യന്തര സർവീസുകളിൽ മാത്രം നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പൈലറ്റുമാർക്കും എയർഹോസ്റ്റസുമാർക്കും വിദേശത്തും ഇന്ത്യയിലും ഒരുക്കിയിരുന്ന പഞ്ചനക്ഷത്ര ഹോട്ടൽ താമസ സൗകര്യവും എയറിന്ത്യ പിൻവലിച്ചു. ഇനിമുതൽ ത്രീ സ്റ്റാർ ഹോട്ടലിലായിരിക്കും ഇവരുടെ താമസം. വൈകിയെത്തുന്നവരെ ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളിലേക്ക് നിയോഗിക്കുന്നതോടെ, ഇവർക്ക് നൽകേണ്ട ഓവർസീസ് ഫ്‌ളൈയിങ് അലവൻസും ലാഭിക്കാമെന്ന് എയറിന്ത്യ കണക്കുകൂട്ടുന്നു. ഇന്ധനവിലയിൽ 7.3 ശതമാനം വർധനയുണ്ടായതോടെ, മാസം 65 കോടി രൂപയാണ് എയറിന്ത്യക്ക് അധികം കണ്ടെത്തേണ്ടി വന്നിട്ടുള്ളത്. ഇത് കർശനമായ ചെലവുചുരുക്കലിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

തിങ്കളാഴ്ച മുതലാണ് പുതിയ ചെലവുചുരുക്കൽ നിർദേശങ്ങൾ നിലവിൽ വന്നത്. വിദേശത്തും ഇന്ത്യയിലും പൈലറ്റുമാർക്കും എയർഹോസ്റ്റസുമാർക്കും ത്രീ സ്റ്റാർ ഹോട്ടൽ സൗകര്യം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. നേരത്തെ, പൈലറ്റുമാരോടും എയർഹോസ്റ്റസുമാരോടും ഹോട്ടലിൽ മുറി ഷെയർ ചെയ്ത് ഉപയോഗിക്കാൻ ശ്രമിക്കണമെന്ന നിർദ്ദേശം എയറിന്ത്യ നൽകിയിരുന്നു. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് വരാത്ത രീതിയിൽ മുറി ഷെയർ ചെയ്യണമെന്നായിരുന്നു നിർദ്ദേശം.

സമയത്ത് ജോലിക്ക് ഹാജരാകാത്തവരെ ഒരുവർഷത്തേക്ക് ആഭ്യന്തര സർവീസിലേക്ക് മാറ്റുകയും അവരെ താമസസ്ഥലത്തുനിന്ന് കൊണ്ടുവരുന്നതിന് നൽകുന്ന ടാക്‌സിക്കൂലി ഈടാക്കുകയും ചെയ്യുന്നതിലൂടെയും കുറേ പണം തിരിച്ചുപിടിക്കാനാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. ചെലവ് ചുരുക്കുന്നതിനായി ബോയിങ് 777, ബോയിങ് 787 വിമാനങ്ങളിലെ ജീവനക്കാർ ഇവ കൂടുതലായി സർവീസ് നടത്തുന്ന ഡൽഹിയിലേക്ക് ട്രാൻസ്ഫർ ആവശ്യപ്പെടാനും നിർദേശമുണ്ട്. ഇങ്ങനെ ട്രാൻസ്ഫർ ചെയ്യപ്പെടുന്നവർക്ക് താമസസൗകര്യമോ ട്രാൻസ്ഫർ ആനുകൂല്യങ്ങളോ ലഭിക്കില്ല.

എയർ ഇന്ത്യയെ രക്ഷിക്കാൻ കേന്ദ്രസർക്കാർ 7,000 കോടി നൽകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കമ്പനിയെ രക്ഷിക്കാൻ ബെയിൽ ഔട്ട് പാക്കേജായിരിക്കും സർക്കാർ നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലുള്ള പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ 2000 കോടിക്കുള്ള ബാങ്ക് ഗ്യാരണ്ടിയും എയർ ഇന്ത്യക്കായി നൽകും. ഈ തുക പ്രവർത്തനമൂലധനമാക്കി മാറ്റുമെന്നാണ് റിപ്പോർട്ട്. പാക്കേജിന്റെ ആദ്യ ഘട്ടമായി എയർ ഇന്ത്യയുടെ ആസ്തികൾ എസ്‌പി.വി(സ്‌പെഷ്യൽ പർപ്പസ് എന്റിറ്റി)യിലേക്ക് മാറ്റുകയാണ് ചെയ്യുക. കമ്പനിയുടെ 35,484 കോടിയുടെ രൂപയാണ് എസ്‌പി.വി അക്കൗണ്ടിലേക്ക് മാറ്റുക. ബാക്കി വരുന്ന 19,826 കോടി എയർ ഇന്ത്യയുടെ കൈവശം തന്നെയായിരിക്കും.

രണ്ടാം ഘട്ടമായിട്ടായിരിക്കും 7,000 കോടി മൂലധനത്തോട് കൂട്ടിച്ചേർക്കുക. അടുത്ത മാസം 6000 കോടി, ഡിസംബർ, ജനുവരി മാസങ്ങളിലായി യഥാക്രമം 400, 600 കോടി എന്നിങ്ങനെ മൂന്ന് തവണയായിട്ടായിരിക്കും തുക നൽകുക.