ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം. എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം വൈദ്യുത വിളക്കുകാലിൽ ഇടിച്ചു. ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്ടമായ വിമാനം റൺവേയിലെ വിളക്കുകാലിൽ ഇടിക്കുകയായിരുന്നു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് ദുരന്തം കുറച്ചത്.

വിളക്കുകാലിൽ ഇടിക്കും മുമ്പേ വിമാനത്തിന്റെ വേഗത കുറയ്ക്കാനായി. 64 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. ദോഹയിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപെട്ടത്. വൈകീട്ട് 5.50ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്. നിയന്ത്രണം നഷ്ടമായ വിമാനത്തിന്റെ വലത് ചിറക് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽ ഇടിക്കുകയായിരുന്നു.

അതിവേഗതയിലായിരുന്നു ഇടിയെങ്കിൽ അത് തീ പിടിത്തത്തിന് കാരണമാകുമായിരുന്നു. ഇത് ഒഴിവായതാണ് വലിയ ദുരന്തം ഒഴിവാകാൻ കാരണം. കഴിഞ്ഞ ദിവസം യന്ത്രതകാരറുകാരണം എയർ ഇന്ത്യാ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി.

ഇന്ധന ചോർച്ച അറിഞ്ഞില്ലായിരുന്നുവെങ്കിൽ ഇതും ദുരന്തമായി മാറിയേനേ. വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.