തിരുവനന്തപുരം: ലാഭമുണ്ടാക്കലും മെച്ചപ്പെട്ട സേവനം നൽകയും എയർഇന്ത്യയുടെ ഉത്തരവാദിത്തമല്ലയോ? തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പോകാൻ ആളുകൾ ഏറെയാണ്. എല്ലാ ഫ്‌ലൈറ്റിലും നല്ല തിരിക്ക്. എന്നാൽ എയർഇന്ത്യമാത്രം ഇത് കണ്ടില്ലെന്ന് നടക്കുന്നു. ഈ റൂട്ടിനെ വേണ്ടെന്ന് വയ്ക്കുന്നതിലൂടെ സ്വകാര്യ വിമാനകമ്പനികൾക്ക കൊയ്തിനുള്ള അവസരവും ഒരുങ്ങുന്നു.

എയർ ഇന്ത്യ ഉപേക്ഷിച്ച ബാംഗ്‌ളൂർ ഫ്‌ളൈറ്റിന് ബുക്കിങ് പ്രവാഹം. ടിക്കറ്റെടുത്ത യാത്രക്കാർക്ക് സീറ്റ് കൊടുക്കാനാകാതെ വന്നതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ സംഘർഷമായി. ബാംഗ്‌ളൂർ വിമാനത്തിൽ കയറാൻ നാല്പതോളം യാത്രക്കാരാണ് തിരുവനന്തപുരത്ത് അധികമായെത്തിയത്. എല്ലാവരും ബുക്ക് ചെയ്ത് ടിക്കറ്റെടുത്തവർ. ഇതെല്ലാം കണ്ടിട്ടും ബംഗളുരുവിലേക്ക് വിമാനം പറപ്പിക്കാൻ എയർഇന്ത്യ തയ്യാറല്ല. മറ്റ് റൂട്ടുകളിലേക്ക് പോകുന്ന വിമാനങ്ങളിൽ യാത്രക്കാരെ ബംഗളുരുവിൽ എത്തിക്കാമെന്നാണ് വാഗദാനം.

വിന്റർ ടൈംടേബിൾ തയ്യാറാക്കിയപ്പോൾ എയർ ഇന്ത്യ ഉപേക്ഷിച്ചതാണ് ബാംഗ്‌ളൂർ ഫ്‌ളൈറ്റ്. എന്നാൽ, ബുക്കിങ് കൂടുതൽ വന്നതോടെ തത്കാലം രണ്ടുദിവസത്തേക്ക് വിമാനം പറത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെയും ഇന്നും ബാംഗ്‌ളൂർ ഫ്‌ളൈറ്റ് ഷെഡ്യൂൾ ചെയ്തിരുന്നു്. അതിൽ തന്നെ ഓവർ ബുക്കിംഗാണ്. സാധാരണ അഞ്ച് ശതമാനം വരെ ഓവർ ബുക്കിങ് വരാറുണ്ടെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. എന്നാൽ ഇത്രയും കൂടുതൽ ബുക്കിങ് വരുന്നത് അസാധാരണമാണ്. അത്തരമൊരു റൂട്ടിലോണ് വിന്റർ ടൈംടേബിളിൽ വിമാനമില്ലാത്തത്. ഇന്നലത്തെ സംഭവവും എയർഇന്ത്യയുടെ കണ്ണ് തുറപ്പിക്കുന്നില്ല.

ടെക്‌നോപാർക്കിലും ഐ. എസ്.ആർ.ഒയിലും നിന്ന് നിരവധി യാത്രക്കാരുള്ള ലാഭകരമായ റൂട്ട് പൊടുന്നനെ ഉപേക്ഷിച്ചതിന് എയർ ഇന്ത്യയ്ക്ക് പ്രത്യേക കാരണമൊന്നുമില്ല. നേരത്തേ സിംഗപ്പൂർ, കുവൈറ്റ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളും എയർ ഇന്ത്യ ഉപേക്ഷിച്ചിരുന്നു. തിരക്കേറിയ ഈ റൂട്ടുകളിൽ സ്വകാര്യ എയർ സർവീസുകൾ ലാഭം കൊയ്യുകയാണ്. ഇവരുമായുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉണ്ട്. ഏതായാലും നഷ്ടം എയർഇന്ത്യയ്ക്ക് മാത്രമാണ്.

പൂജ അവധി കഴിഞ്ഞ് ജോലിയിൽ തിരികെ കയറേണ്ടവരും അടിയന്തരമായ ബിസിനസ് മീറ്റിംഗിനും ഔദ്യോഗിക കാര്യങ്ങൾക്കും എത്തിയവരുമാണ് ഇന്നലെ വിലഞ്ഞത്. ഒരുദിവസം പോലും പരിപാടി മാറ്റിവയ്ക്കാൻ കഴിയാത്ത യാത്രക്കാരും ഇവരെയെല്ലാം താങ്ങാനാകാതെ എയർ ഇന്ത്യ ജീവനക്കാരും പുലിവാൽ പിടിച്ചു. കുറേനേരം വിമാനത്താവളത്തിലെ ബോർഡിങ് സെക്ഷനിൽ ബഹളവും സംഘർഷവുമായിരുന്നു. ഒടുവിൽ എയർ ഇന്ത്യ സീനിയർ സെയിൽസ് മാനേജർ രാജിയും ട്രാഫിക് ഫെസിലിറ്റേഷൻ ഓഫീസർ കണ്ണനും എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇരുപതോളം യാത്രക്കാരെ ഇന്നത്തെ മുംബയ് വിമാനത്തിൽ കയറ്റിവിടാനും അഞ്ച് പേർക്ക് ടിക്കറ്റ് കാൻസൽ ചെയ്ത് മുഴുവൻ തുകയും മടക്കി നൽകാനും ധാരണയായി.

മറ്റുള്ളവരെ ചെന്നൈ വിമാനത്തിൽ കയറ്റി. ഇന്ന് രാവിലെ ഒൻപതേകാലിനുള്ള മുംബയ് വിമാനത്തിൽ പോകാൻ തയ്യാറായവരെ എയർ ഇന്ത്യ ചെലവിൽ നഗരത്തിലെ സ്റ്റാർ ഹോട്ടലിലേക്ക് മാറ്റി. അങ്ങനെ തൽക്കാലത്തേക്ക് പ്രശ്‌നം പരിഹരിച്ചു.