ഭ്യന്തര സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യയിലാണെങ്കിൽ ഇനി ബോർഡിങ് പാസ്സിനായി ക്യൂനിൽക്കേണ്ട കാര്യമില്ല. സെൽഫ് ചെക്കിൻ കൗണ്ടറിൽപ്പോയി ബോർഡിങ് പാസ് കൈപ്പറ്റി നേരെ ബാഗേജ് ഡ്രോപ്പ് കൗണ്ടറിലേക്ക് പോകാനാകും.

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലടക്കം രാജ്യത്തെ 26 എയർപോർട്ടുകളിലാണ് ഈ സംവിധാനം നിലവിൽ വരുന്നത്. കോമൺ യൂസ് സെൽഫ് സർവീസ് എന്നറിയപ്പെടുന്ന ഈ സംവിധാനം മെയ് ഒന്നുമുതലാണ് നിലവിൽ വന്നത്. യാത്രക്കാർക്ക് ഒട്ടേറെ സമയം ലാഭിക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

ഇത്തരമൊരു സംവിധാനം ഇത്രയേറെ വിമാനത്താവളങ്ങളിൽ നടപ്പാക്കുന്ന ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ ഇതോടെ മാറുകയും ചെയ്തു. മെച്ചപ്പെട്ട സേവനവും സമയലാഭവും ക്യൂ ഇല്ലാതാക്കലും ഒക്കെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് മുഷിപ്പിക്കുന്ന ചെക്ക് ഇൻ അനുഭവവും ഇതോടെ ഇല്ലാതാകും.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ഔറംഗബാദ്, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഇൻഡോർ, ജയ്പുർ, ജാംനഗർ, ജോധ്പുർ, കൊൽക്കത്ത, ലഖ്‌നൗ, നാഗ്പുർ, ന്യൂഡൽഹി, മുംബൈ, മംഗലാപുരം, റായ്പുർ, രാജ്‌കോട്ട്, ഉദയ്പുർ, വിശാഖപട്ടണം, വാരണാസി എന്നിവിടങ്ങളിലാണ് ഈ സൗകര്യം ലഭിക്കുക.

മുംബൈയിൽ രണ്ട് കിയോസ്‌കുകൾ ഇതിനായി തയ്യാറാക്കിയട്ടുണ്ട്. ഇതിന് പുറമെ സാധാരണ മട്ടിലുള്ള ചെക്കിൻ കൗണ്ടറുകൾ എല്ലായിടത്തുമുണ്ടാകുമെന്നും എയർ ഇന്ത്യ അറിയിച്ചു.