ന്യൂഡൽഹി: 50,000 കോടി രൂപയിലേറെ കടത്തിലായ എയർ ഇന്ത്യയെ നാലു കമ്പനികളായി വിഭജിക്കാൻ തീരുമാനിച്ചതായി വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ പറഞ്ഞു. വിഭജിച്ച കമ്പനികളോരോന്നിന്റെയും 51 ശതമാനം ഓഹരിയെങ്കിലും വിൽക്കാനും തീരുമാനിച്ചു.

അന്താരാഷ്ട സർവീസ് നടത്തുന്ന എയർ ഇന്ത്യ, ചെലവുകുറഞ്ഞ അന്താരാഷ്ട്ര സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ചേർന്നതാകും ആദ്യ കമ്പനി. ആഭ്യന്തര വിമാന സർവീസ് വേറൊരു കമ്പനിക്ക് കീഴിലാക്കും. ഗ്രൗണ്ട് ഹാൻഡ്ലിങ്, എൻജിനീയറിങ് വിഭാഗങ്ങൾ രണ്ട് പ്രത്യേക കമ്പനികളാവും.

സ്ഥാപനത്തിന്റെ 49 ശതമാനം ഓഹരികൾ വിദേശ വിമാനക്കമ്പനികൾക്ക് വിൽക്കാൻ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ തീരുമാനം. കമ്പനിവിഭജനം 2018 അവസാനത്തോടെ പൂർത്തിയാവും.

ഏതൊക്കെ വിദേശ വിമാനക്കമ്പനികൾ എയർ ഇന്ത്യയിൽ നിക്ഷേപമിറക്കാൻ സന്നദ്ധമായിട്ടുണ്ടെന്ന് വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല. വിദേശനിക്ഷേപം വന്നാലും പ്രാദേശിക നിക്ഷേപകർക്കായിരിക്കും കമ്പനിയുടെ നിയന്ത്രണമെന്ന് മന്ത്രി പറഞ്ഞു. കമ്പനിയുടെ കടങ്ങൾ സർക്കാരിന്റെ ബാലൻസ് ഷീറ്റിൽ പെടുത്തുമെന്ന് നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം കമ്പനിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള വായ്പകളുടെ ഭാരം പുതിയ നിക്ഷേപകരിലേക്ക് കൈമാറും.

2007-ൽ സർക്കാർ ഉടമസ്ഥതയിൽ തന്നെയുള്ള ഇന്ത്യൻ എയർലൈൻസുമായി ലയിച്ചതുമുതലാണ് എയർ ഇന്ത്യ നഷ്ടത്തിലായത്. 2016 മാർച്ചിൽ കമ്പനി നൂറുകോടി രൂപയുടെ പ്രവർത്തനലാഭം ഉണ്ടാക്കിയിരുന്നു. ഇന്ധനവില കുറഞ്ഞതായിരുന്നു ഇതിന് പ്രധാനകാരണം. ഇപ്പോൾ 3840 കോടി രൂപയുടെ നഷ്ടത്തിലാണ് കമ്പനിയെന്ന് സർക്കാർ പറയുന്നു. വിദേശ നിക്ഷേപത്തിലൂടെ കമ്പനിക്ക് പുതുജീവൻ നൽകാനാണ് സർക്കാർ ശ്രമം.

വിൽപ്പനയ്ക്ക് മുന്നോടിയായി ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതിയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മാറാനുള്ള അവസരവും ഒരുക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.അഞ്ച് ഉപകമ്പനികളിലും ഒരു സംയുക്തസംരംഭത്തിലുമായി കരാർ ജീവനക്കാരടക്കം 29,000 ജീവനക്കാരുണ്ട്. ദശകങ്ങളായി സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്.