ലണ്ടൻ: എയർ ഇന്ത്യയുടെ ലണ്ടൻ ഓഫിസ് ജപ്തി ചെയ്യാൻ ബ്രിട്ടനിലെ കൗണ്ടി കോടതിയുടെ ഉത്തരവ് . ഉപയോക്താവ് എന്ന നിലയിൽ യുകെ മലയാളിയായ അഡ്വ ഡെന്നിസ് മാത്യു
വിന് നേരിട്ട നഷ്ടങ്ങൾക്കു പരിഹാരമായാണ് എയർ ഇന്ത്യയുടെ ലണ്ടൻ ആസ്ഥാനമായ ബ്രെന്റ് വൂഡിലെ ഓഫിസ് ജപ്തി ചെയ്യാൻ ബ്രെന്റവുഡ് കൗണ്ടി കോടതി ഉത്തരവായിരിക്കുന്നത് .

കഴിഞ്ഞ വർഷം യുകെ മലയാളിയായ ഡെന്നിസ് 600 പൗണ്ട് മുടക്കി(ഏതാണ്ട് 61,000 രൂപ) എടുത്ത ടിക്കറ്റാണ് ഇപ്പോൾ എയർ ഇന്ത്യയുടെ ജപ്തിയിൽ വരെയെത്തി നില്കുന്നത് . ടിക്കറ്റ് എടുത്ത ശേഷം മണിക്കൂറുകൾക്കുള്ളിൽ യാത്ര പരിപാടി മാറ്റേണ്ടി വന്നതിനാൽ ഡെന്നിസ്  കസ്റ്റമർ കെയർ ഓഫിസിൽ വിളിച്ചു ടിക്കറ്റ് ക്യാൻസൽ ചെയ്യുക ആയിരുന്നു .

ഈ ഘട്ടത്തിൽ മുഴുവൻ പണവും മടക്കി നൽകും എന്നാണത്രെ എയർ ഇന്ത്യ ജീവനക്കാർ അറിയിച്ചത് . എന്നാൽ നീണ്ട ഒൻപതു മാസത്തെ കാത്തിരിപ്പിലും എയർ ഇന്ത്യ വാക്ക് പാലിക്കാതെ വന്നതോടെയാണ് കോടതി നടപടികളിലേക്ക് നീങ്ങിയതെന്നും ഡെന്നിസ് വക്താമാക്കുന്നു .

കുരങ്ങു കളിപ്പിക്കാൻ പതിവാക്കി , ഗതിയില്ലാതെ നിയമ നടപടിയിലേക്ക്

എയർ ഇന്ത്യയിൽ നിന്നും നേരിട്ട് ടിക്കറ്റെടുത്ത ഡെന്നിസ്  ടിക്കറ്റ് ക്യാൻസലേഷൻ ഉറപ്പാക്കാനായി പിറ്റേന്ന് ഒരിക്കൽ കൂടി വിളിച്ചപ്പോൾ ജീവനക്കാരൻ റെഫറൻസ് നമ്പർ സഹിതം നൽകിയാണ് ക്യാൻസലേഷൻ ഉറപ്പിച്ചത് . തുടർന്ന് ഫോൺ നമ്പറിന് സമാനമായ തരത്തിൽ ലഭിച്ച റഫറൻസ് നമ്പറിൽ സംശയം തോന്നി പിറ്റേന്നു വിളിച്ചപ്പോൾ ടിക്കറ്റ് അപ്പോഴും ക്യാൻസൽ ആയിട്ടില്ലെന്നാണ് ഫോൺ എടുത്ത ജീവനക്കാരി വാക്തമാക്കിയത് .

ഇത്തരത്തിൽ ഉത്തരവാദിത്തമില്ലായ്മ പ്രകടിപ്പിക്കുന്ന എയർ ഇന്ത്യ ജീവനക്കാരിൽ തുടക്കത്തിലേ സംശയം തോന്നിയതിനാൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയാണ് ഡെന്നിസ്  ഓരോ തവണയും സംസാരിച്ചതും ഇമെയിലുകൾ അയച്ചതും . തുടർന്നും പണം മടക്കി ലഭിക്കാതെ വന്നപ്പോൾ വീണ്ടും വിളിച്ചപ്പോൾ ഓരോ തവണയും മുട്ടാപ്പോക്കു ന്യായമാണ് എയർ ഇന്ത്യ ജീവനക്കാർ നല്കിക്കൊണ്ടിരുന്നത് എന്നും ഡെന്നിസ്  കൂട്ടിച്ചേർക്കുന്നു .

ഓരോ ദിവസവും പണത്തിനായി ഫോൺ വിളിച്ചു കൊണ്ടിരുന്നപ്പോഴും സാമ്പത്തിക വർഷം അവസാനം ആയതിനാൽ മാർച്ച് 31 നകം പണം ലഭിക്കും എന്ന മറുപടിയും ഒരിക്കൽ ലഭിച്ചു . എന്നാൽ മാർച്ചും ഏപ്രിലും കടന്നു പോയിട്ടും പണം മാത്രം ഡെന്നിസിന് ലഭിച്ചില്ല . എയർ ഇന്ത്യ പോലൊരു സ്ഥാപനം ഇത്തരത്തിൽ വാക്ക് മാറ്റി പറയാമോ എന്ന ചിന്തയിലാണ് സംഭവം നീതിന്യായ കോടതിയിലേക്ക് എത്തിച്ചത് .

കോടതിയിൽ എത്തും മുൻപേ പരാതി പോയത് അഥോറിറ്റികൾക്ക്

തുച്ഛമായ തുകയാണ് എയർ ഇന്ത്യയിൽ നിന്നും മടക്കി ലഭിക്കാൻ ഉള്ളത് എന്നതിനാൽ യുകെയിൽ വ്യോമയാന അഥോറിറ്റിക്കും യൂറോപ്യൻ കൺസ്യുമർ ഫോറത്തിലും ഒക്കെ പരാതി എത്തിച്ചാണ് ഡെന്നിസ് പോരാട്ടത്തിന് തുടക്കം കുറിക്കുന്നത് . എന്നാൽ എയർ ഇന്ത്യയെ സംബന്ധിച്ച് ഫോർമലായി ഒരാൾക്ക് പരാതിപ്പെടാൻ പോലും ഉള്ള സംവിധാനം നിലവിൽ ഇല്ലെന്നതാണ് സത്യം . തങ്ങളുടെ ക്ലയന്റ് ലിസ്റ്റിൽ എയർ ഇന്ത്യയുടെ പേരുപോലും ഇല്ലെന്നു യൂറോപ്യൻ കമ്മീഷനും മറുപടി നൽകി . ഇതോടെ ഒറ്റയാൻ ശൈലിയിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയെ പിടിച്ചു കെട്ടാൻ കോടതി മാത്രമാണ് ശരണം എന്ന നിലയിലേക്ക് എത്തുകയായിരുന്നു ഡെന്നിസ്.

ഇതിനായി ചെറിയ തുകയ്ക്കു നഷ്ടപരിഹാരത്തിന് ഇന്ത്യയിലെ ഉപഭോക്തൃ കോടതിക്ക് സമാനമായ യുകെയിലെ മണി ക്ലൈം കോർട്ടിലേക്കാണ് ഡെന്നിസ് ആദ്യം പരാതി അയക്കുന്നത് . കഴിഞ്ഞ സെപ്റ്റംബറിൽ അയച്ച പരാതിയോടു മറുപടി നല്കാൻ പോലും എയർ ഇന്ത്യ തയ്യാറായില്ല എന്നാണ് വക്തമാകുന്നത് . തുടർന്ന് ഡെന്നിസിന് അനുകൂലമായി മണി ക്ലൈം കോടതി നടപടികൾ പൂർത്തിയാക്കി . ഏകദേശം ഒരു മാസം സമയം മാത്രമാണ് ഇതിനടുത്തത് . തുടർന്ന് എയർ ഇന്ത്യ പണം നല്കാൻ തയാറാകാതായതോടെ വിധി നടപ്പാക്കി കിട്ടാൻ ഡെന്നിസ്
ബ്രെന്റവുഡ് കൗണ്ടി കോടതിയെ സമീപിക്കുകയായിരുന്നു .

ജപ്തിക്കു ഉത്തരവ് , ആദ്യ സംഭവമെന്ന് വിലയിരുത്തൽ

എയർ ഇന്ത്യയുടെ ബ്രെന്റ് വുഡ് ഓഫിസിലെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു ഡെന്നിസിന് പണം നല്കാൻ കൗണ്ടി കോടതി നൽകിയ എക്‌സിക്യൂഷൻ ഓർഡർ ഇത്തരത്തിൽ ഒരു മലയാളി ഉപയോക്താവിന് ലഭിക്കുന്ന ആദ്യ വിധി ആണെന്ന് അനുമാനിക്കപ്പെടുന്നു. മാത്രമല്ല ഒരു വിദേശ രാജ്യത്തെ കോടതിയിൽ നിന്നും എതിർ വിധി സമ്പാദിക്കേണ്ടി വന്നതിന്റെ നാണക്കേട് വേറെയും .

ബ്രിട്ടീഷ് മാധ്യമങ്ങളിലും മറ്റും ഈ വിവരം എത്തിയാൽ എയർ ഇന്ത്യ വെറുതെ നൽകിയാൽ പോലും വിദേശികളാരും ടിക്കെറ്റ് എടുത്തെന്ന് വരില്ല . എയർ ഇന്ത്യ എന്ന ബ്രാൻഡിനുള്ള നഷ്ടം പോലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ മാനിക്കാൻ തയ്യാറായില്ല എന്നതാണ് ഈ കേസിനെ ശ്രെധേയമാക്കുന്നതു . വെറും 600 പൗണ്ടിന്(ഏതാണ്ട് 61,000 രൂപ) വേണ്ടി അതിന്റെ പലമടങ്ങു നൽകിയാൽ പോലും തീർക്കാൻ കഴിയാത്ത വിധം മാനഹാനി കൂടിയാണ് എയർ ഇന്ത്യക്കു കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത് . കോടതി ചെലവ് സഹിതമാകും ജപ്തി നടപടികൾ പൂർത്തിയാക്കുക .

കേസുകൾക്ക് പുറകെ പായുന്നത് പുത്തരിയല്ല

കണ്ണൂർ ജില്ലാ കോടതിയിൽ ഏഴു വർഷം അഭിഭാഷകനായി സേവനം ചെയ്തിട്ടുള്ള  ഇരിട്ടി സ്വദേശിയായ ഡെന്നിസിന് കേസുകൾ പുത്തരിയല്ല . നീതി നിക്ഷേധം ഉണ്ടായാൽ അതിന്റെ പുറകെ പോകുക എന്നതിന് ഡെന്നിസിന് നാട്ടിൽ തന്നെയുള്ള ശീലമാണ് . ഇത്തരത്തിൽ ഒട്ടേറെ കേസുകൾ ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട് . ആ ധൈര്യമാണ് എയർ ഇന്ത്യക്കു എതിരെ നീങ്ങാനും കാരണം .

എയർ ഇന്ത്യ ഇത്തരത്തിൽ നൂറുകണക്കിന് യാത്രക്കാരോട് നീതി നിക്ഷേധികും വിധം പെരുമാറിയിരിക്കും എന്ന വിശ്വാസവും അദ്ദേഹത്തിന് കേസുമായി മുന്നോട്ടുപോകാനുള്ള പ്രചോദനമായി . യുകെ മലയാളികളിൽ ആർക്കും ഇത്തരം അനുഭവം ഉണ്ടായാൽ വേണ്ട രീതിയിൽ സഹായിക്കാനും ഡെന്നിസ് തയാറാണ് . പ്രോപ്പർട്ടി മാനേജ്മെന്റ് ബിസിനസ് ചെയ്യുന്ന ഡെന്നിസ്  സഹോദരങ്ങളോടൊപ്പം ചെൽറ്റനാമിൽ ഗ്രോസറി ഷോപ്പും നടത്തുന്നുണ്ട് . കഴിഞ്ഞ 13 വർഷമായി യുകെ മലയാളിയാണ് ഡെന്നിസ്.